- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാൻസി നമ്പർ പോലെ തോന്നിയതുകൊണ്ട് ഈ ടിക്കറ്റെടുത്തു; സെയ്തലവി എത്തിയതോടെ ജയപാലൻ എല്ലാം രഹസ്യമാക്കി; ടിക്കറ്റ് ഏൽപ്പിക്കുമ്പോൾ ബാങ്കും ആദ്യം വിശ്വസിച്ചില്ല; മരടിലെ ഓട്ടോക്കാരന്റെ കൈയിലുള്ളത് ഒർജിനൽ; നിരാശനായി സെയ്തലവിയും; ഓണം ബംപറിൽ വ്യക്തത വന്നത് ഇങ്ങനെ
കൽപറ്റ: ഓണം ബംപർ അടിച്ചുവെന്നറിയിച്ച് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് വാട്സാപ്പിൽ അയച്ചത് തമാശയ്ക്കായിരുന്നെന്ന് സുഹൃത്ത് അഹമ്മദ് വെളിപ്പെടുത്തിയതോടെ എല്ലാം ഭംഗിയായി അവസാനിക്കുമെന്നാണ് വിലയിരുത്തൽ. സെയ്തലവിക്കു ലോട്ടറി വാങ്ങി നൽകിയിട്ടില്ലെന്നും ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ടിക്കറ്റ് തന്റെ കയ്യിൽ ഇല്ലെന്നും അഹമ്മദ് പറഞ്ഞതോടെയാണ് ഓണം ബംപറിലെ സംശയങ്ങൾ തീരുന്നത്. ഒരാൾ സമൂഹമാധ്യമത്തിൽ ഇട്ട ടിക്കറ്റിന്റെ പടം സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. സുഹൃത്ത് വഴി ടിക്കറ്റെടുത്തെന്ന് സെയ്തലവി നുണ പറയുകയാണെന്നും അഹമ്മദ് പറയുന്നു. തിരുവോണം ബംപർ സമ്മാനം കിട്ടിയത് എറണാകുളം മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ്.
12 കോടി രൂപയുടെ കേരള ലോട്ടറി ഓണം ബംപർ മരട് പനോരമ നഗർ പൂപ്പനപ്പറമ്പിൽ പി.ആർ. ജയപാലന് (56) എന്നു വ്യക്തമായത് ഇന്നലെ വൈകുന്നേരമാണ്. ഓട്ടോ ഡ്രൈവറായ ജയപാലൻ സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്. ടിവി വാർത്തയിലൂടെ ഒന്നാം സമ്മാനം തന്റെ ലോട്ടറിക്കാണെന്നു മനസ്സിലാക്കിയപ്പോൾ കുടുംബത്തിലെ ചിലർക്കു മാത്രം സൂചന നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റുമായി ചിലർ അവകാശവാദവുമായി മുന്നോട്ടു വന്നതോടെയാണു വിവരം പുറത്തറിയിക്കാതിരുന്നതെന്നു ജയപാലൻ പറയുന്നു. കനറാ ബാങ്കിന്റെ മരട് ശാഖയിൽ ടിക്കറ്റ് കൈമാറി. ഇതിന്റെ നടപടികൾ പൂർത്തിയായപ്പോഴേക്കും വൈകുന്നേരമായി. അതിനു ശേഷമാണു ബന്ധുക്കളെ അറിയിച്ചത്.
തൊണ്ണൂറ്റിനാലുകാരിയായ അമ്മ ലക്ഷ്മിയുമൊത്താണ് ജയപാലന്റെ താമസം. ചോറ്റാനിക്കര പടിയാർ മെമോറിയൽ ഹോമിയോ മെഡിക്കൽ കോളജിലെ ജീവനക്കാരി മണിയാണ് ഭാര്യ. മക്കൾ: വൈശാഖ് (ഇലക്ട്രീഷൻ), വിഷ്ണു (ഹോമിയോ ഡോക്ടർ). മരുമകൾ: കാർത്തിക. പേരക്കുട്ടി: വൈശ്വിക. വീട് വയ്ക്കാനും ഓട്ടോറിക്ഷ വാങ്ങാനും മറ്റുമായി ബാങ്കിൽ ലക്ഷങ്ങളാണു കടമുള്ളത്. അതു വീട്ടണം. മക്കൾക്കു വീടു വച്ചു കൊടുക്കണം. കഷ്ടപ്പാടിലൂടെ വളർന്നതാണ്. മദ്യപാനമോ പുകവലിയോ ഇല്ലാത്തതിനാൽ പണം ധൂർത്തടിക്കില്ല. മറ്റു വലിയ സ്വപ്നങ്ങളൊന്നുമില്ല. പണം നല്ല നിലയിൽ പ്രയോജനപ്പെടുത്തും-ജയപാലൻ പറയുന്നു.
ദുബായക്കാരൻ അവകാശ വാദവുമായി എത്തിയതോടെ ലോട്ടറിയടിച്ച ഭാഗ്യശാലിയെ തേടി പൊലീസും നെട്ടോട്ടമോടി. തനിക്കാണ് ലോട്ടറിയടിച്ചതെന്ന് സെയ്ദലവി വെളിപ്പെടുത്തിയതോടെ ഇന്റലിജൻസ് വിഭാഗത്തിന്റെ സന്ദേശവും കോഴിക്കോട്, വയനാട് ജില്ലകളിലേക്കെത്തി. അന്വേഷണം തുടരുന്നതിനിടെയാണ് യഥാർഥ വിജയി എറണാകുളത്ത് പ്രത്യക്ഷപ്പെട്ടത്.
ഈ സാഹചര്യത്തിൽ സെയ്തലവി തന്നെ ചതിച്ചവരെ കുടുക്കാനുള്ള തീരുമാനത്തിലാണ്, എന്നാൽ, ടിക്കറ്റെടുക്കാൻ അഹമ്മദിന് പണം നൽകിയതിന് തെളിവുണ്ടെന്ന് സെയ്തലവി പറഞ്ഞു. ടിക്കറ്റ് എടുത്ത ശേഷം ആദ്യം അയച്ച മെസേജ് ഡിലീറ്റായി. 12ാം തീയതിയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചിലർ ചേർന്നു പറ്റിച്ചതാണെന്നും സെയ്തലവി ആരോപിച്ചു. യഥാർഥ ഭാഗ്യവാനെ കണ്ടെത്തിയതിന് പിന്നാലെയാണ് സെയ്തലവിയുടെ പ്രതികരണം. ദുബായിൽ ഹോട്ടൽ ജീവക്കാരനായ വയനാട് പനമരം സ്വദേശിയായ സെയ്തലവി, പതിവായി ലോട്ടറി ടിക്കറ്റെടുക്കാറുണ്ടായിരുന്നെന്നും അടുത്ത ബന്ധുവായ ഒരാൾ സമ്മാനം ലഭിച്ചതായി അറിയിച്ചുവെന്നും പറഞ്ഞിരുന്നു. അതേസമയം, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി സെയ്തലവിയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ബഷീർ പറഞ്ഞു.
വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യം പരാതിയിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ പ്രവാസികൾക്ക് അടക്കം ഒട്ടേറെ പേർക്ക് വ്യാജ ടിക്കറ്റ് ലഭിച്ചിരുന്നു. കൂട്ടത്തിലൊരാളെ ഇത്തരത്തിൽ പറ്റിച്ചതിൽ വിഷമം ഉണ്ട്. ഇത് ക്രൂരമായി പോയി. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഈ ഭാഗ്യം ലഭിച്ചെന്നു കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ബഷീർ വ്യക്തമാക്കി.
ജയപാലനെ ആദ്യ ബാങ്കും വിശ്വസിച്ചില്ല
പ്രത്യേകിച്ചു സന്തോഷമൊന്നും ഇല്ലെന്ന് 12 കോടിയുടെ ഓണം ബംപറടിച്ച മരട് സ്വദേശി ജയപാലന്റെ പ്രതികരണം. തന്നെ സഹായിക്കാൻ ആരുമില്ലാത്തതിനാൽ ദൈവം കാണിച്ചു തന്ന വഴിയാണ് ഈ സമ്മാനം. താൻ ഈശ്വര വിശ്വസിയാണ്. കുറച്ചു കടങ്ങൾ ഉള്ളതു തീർക്കണം, സ്ഥലത്തിന്റെ കുറച്ചു തർക്കമുണ്ട് അതും തീർക്കണം, പെങ്ങമ്മാരെ ഉൾപ്പെടെ സഹായിക്കുകയും വേണം. താൻ ഈശ്വര ഭക്തനാണ്. വേറെ എന്തു ചെയ്യണമെന്നതു പിന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒന്നാം സമ്മാനം അടിച്ച വിവരം കഴിഞ്ഞദിവസം തന്നെ അറിഞ്ഞെങ്കിലും തനിക്കു കുറെ കാര്യങ്ങൾ ചെയ്യാനുള്ളതിനാലാണ് പുറത്തു പറയാതിരുന്നത്. പുറത്തറിഞ്ഞാൽ ഏറെ പേർ ചോദ്യങ്ങളുമായി എത്തും. അവർക്കു മറുപടി നൽകി നിന്നാൽ ചെയ്യാനുള്ള കാര്യങ്ങൾക്കു സമയം കിട്ടില്ല. ഇന്നു പത്രം വന്നപ്പോൾ അതു നോക്കി ഉറപ്പു വരുത്തിയ ശേഷം 11 മണിക്ക് മരട് കാനറാ ബാങ്കിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.
tപലഭാഗത്തുനിന്നും ഒന്നാം നമ്പരിന്റെ അവകാശവാദം ഉന്നയിച്ച് പലരും വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒറിജിനൽ ടിക്കറ്റ് കയ്യിലുള്ളപ്പോൾ എന്തിനാണു പേടിക്കുന്നത് എന്നാണു ചിന്തിച്ചത്. ഓണം ബംപറിന്റെ ഒരേ ഒരു ടിക്കറ്റ് മാത്രമാണ് എടുത്തത്. ഇതോടൊപ്പം സാധാരണ അഞ്ചു ടിക്കറ്റുകൾ കൂടി എടുത്തിരുന്നു. ഫാൻസി നമ്പർ പോലെ തോന്നിയതുകൊണ്ടാണ് ഈ ടിക്കറ്റെടുത്തത്. 32 വർഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. ഇതിനിടെ പലയിടത്തുനിന്നും ടിക്കറ്റുകൾ എടുക്കാറുണ്ട്. അതിനു ബംപർ ടിക്കറ്റ് എന്നൊന്നും ഇല്ല. നേരത്തേ അഞ്ഞൂറും ആയിരവും ഒക്കെ അടിച്ചിട്ടുണ്ട്. അയ്യായിരും രൂപ വരെ സമ്മാനം കിട്ടിയിട്ടുണ്ട്. ഇത് ആദ്യമായാണ് ബംപറടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'അച്ഛന് കാനറാ ബാങ്കിലാണ് അക്കൗണ്ട് ഉള്ളത്. അതുകൊണ്ടാണ് അവിടെ ടിക്കറ്റ് കൈമാറിയത്. ബാങ്കുകാർക്കും ആദ്യം വിശ്വാസമുണ്ടായില്ല. പിന്നീട് ഉറപ്പു വരുത്തിയ ശേഷമാണ് ടിക്കറ്റ് സ്വീകരിച്ചത്. ഇത്തരത്തിൽ ആദ്യമായി ടിക്കറ്റ് സൂക്ഷിക്കേണ്ടി വന്നതിനാൽ അതിന്റെ നടപടിക്രമങ്ങളും അറിവുണ്ടായിരുന്നില്ല. അതെല്ലാം നോക്കി മനസ്സിലാക്കിയ ശേഷമാണ് ടിക്കറ്റ് സ്വീകരിച്ചത്'- അദ്ദേഹം പറഞ്ഞു.
കള്ളപ്പണ മാഫിയ സംശയത്തിൽ
കള്ളപ്പണം വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഇതിനിടയിലുണ്ടായോ എന്നാണ് സംശയം. എറണാകുളം തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിൽ ബംബറടിച്ചതായി വയനാട് സ്വദേശിയായ ദുബായിലെ ജോലിക്കാരൻ അവകാശപ്പെട്ടപ്പോൾതന്നെ ആശയക്കുഴപ്പമായി. ഇതിനിടെ തൃപ്പൂണിത്തുറ, കായംകുളം സ്വദേശികൾക്കും ബംബറടിച്ചെന്ന വ്യാജപ്രചാരണവും സംശയം കൂട്ടി.
ഭാഗ്യക്കുറി വിൽപ്പനയിലൂടെ കോടികളുടെ ഒന്നാം സമ്മാനമടിക്കുന്നവരെ കള്ളപ്പണ ഇടപാടുകാർ സമീപിക്കാറുണ്ട്. സഹകരിക്കാൻ താത്പര്യമുള്ളവരിൽ നിന്ന് സമ്മാനമടിച്ച ടിക്കറ്റ് വാങ്ങുകയും പണം 'ബ്ലാക്ക്' ആയി കൈമാറുകയും ചെയ്യും. കമ്മിഷനും നികുതിയുമെല്ലാം കിഴിച്ച് സർക്കാരിൽനിന്നു ലഭിക്കുന്ന തുകയെക്കാൾ അല്പം കൂടുതൽ നൽകുകയും ചെയ്യും. യഥാർഥ ഒന്നാംസമ്മാനക്കാരൻ പിന്നെ ചിത്രത്തിലേ ഉണ്ടാവുകയില്ല. സമ്മാനടിക്കറ്റ് ബാങ്കുകളിൽ ഹാജരാക്കുന്നത് കള്ളപ്പണക്കാരോ അവരുടെ ഏജന്റുമാരോ ആയിരിക്കും. ഇത്തവണയും അവകാശവാദങ്ങളിൽ സംശയങ്ങളുണ്ടെങ്കിലും പരാതിയുണ്ടെങ്കിൽമാത്രമേ കേസെടുത്ത് അന്വേഷിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ