കൊച്ചി: കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് വയനാട് പനമരം സ്വദേശി സൈതലവി (45)ക്ക് എന്ന് റിപ്പോർട്ട്. അദ്ദേഹം ദുബായിൽ അബുഹായിലിൽ മലയാളിയുടെ റസ്റ്ററന്റിലെ ജീവനക്കാരനാണ്. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സെതലവിക്ക് ടിക്കറ്റ് കാണാൻ കഴിയാത്തതാണ് ഇതിന് കാരണം.

ഒരാഴ്ച മുൻപ് സൈതലവിക്ക് വേണ്ടി പാലക്കാട്ടെ സുഹൃത്താണ് ബംപർ അടിച്ച നമ്പർ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിൾ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്.

ബമ്പർ കോടീശ്വരന് പറയാനുള്ളത് ആറ് വർഷത്തോളമായി ഇതേ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാർട്ടേഴ്സിലാണ് താമസം. ഇന്നലെ നടന്ന നറുക്കെടുപ്പിൽ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവർ ഇല്ലത്തു മുരുകേഷ് തേവർ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല.

കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യുകിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറീസ് ഏജൻസിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജൻസിയിലെ ജീവനക്കാർ പറയുന്നു. ഇതിനിടെയാണ് പ്രതികരണം എത്തുന്നത്.

' സ്ഥലം വാങ്ങണം വീട് വെക്കണം. കുടുംബം വാടക്കാണ് താമസിക്കുന്നത്. ഇവിടെ റസ്റ്റോറന്റിൽ ജീവനക്കരനാണ്. ഇന്നലെ ഉച്ചയോടെയാണ് കാര്യം അറിഞ്ഞത്. വാട്സ് ആപ്പ് വഴിയാണ് ടിക്കറ്റ് എടുത്തത്. കൂട്ടുകാരന് ഗൂഗിൾപേ വഴി പൈസ അയച്ചുകൊടുത്തു. ജോലി തുടരും. ഇവിടം വിടില്ല.' എന്നാണ് സൈതലവി പറയുന്നത്.