- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരടിൽ സന്തോഷ പൂത്തിരി കത്തിയപ്പോൾ ദുബായിൽ സങ്കടക്കടൽ; ഓണം ബമ്പർ മോഹിച്ച് നിരാശനായ സെയ്തലവി നിയമനടപടിക്ക്; കോടതി വഴി സ്റ്റേ വാങ്ങാനും ആലോചന; തന്നെ വയനാട്ടിലെ സുഹൃത്ത് അഹമ്മദ് പറ്റിച്ചതെന്ന് സെയ്തലവി ആരോപിക്കുമ്പോൾ ചതിച്ചിട്ടില്ലെന്ന് അഹമ്മദും; ഒറിജിനൽ ടിക്കറ്റ് കയ്യിലുള്ളപ്പോൾ എന്തിനാണു പേടിക്കുന്നത് എന്ന് 12 കോടി അടിച്ച മരടിലെ ജയപാലനും
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബമ്പറിൽ വൻ ട്വിസ്റ്റാണ് സംഭവിച്ചത്. ആദ്യം ദുബായിൽ റെസ്റ്റോറന്റ് ജീവനക്കാരനായ പ്രവാസി മലയാളി സെയ്തലവിക്കാണ് സമ്മാനമെന്ന് റിപ്പോർട്ടുകൾ വന്നു. ഇതിന് പിന്നാലെ മരട് സ്വദേശി ജയപാലനാണ് കോളടിച്ചതെന്ന് സ്ഥിരീകരിച്ചതോടെ, സെയ്തലവി ആകെ വിഷമത്തിലായി. സെയ്തലവി നിയമ നടപടികളുമായി മുന്നോട്ട് പോകാൻ ഒരുങ്ങുന്നു എന്നാണ് ഒടുവിലത്തെ വാർത്ത. കോടതി വഴി സ്റ്റേ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് വേണ്ടി നാട്ടിലുള്ള വക്കീലുമായി ചർച്ച ചെയ്യും.
താൻ എടുത്ത ടിക്കറ്റിനാണ് ഓണം ബമ്പർ അടിച്ചതെന്ന് വയനാട് നാലാം മൈൽ സ്വദേശി അഹമ്മദ് തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുക ആയിരുന്നുവെന്ന് സെയ്തലവി ആരോപിക്കുന്നു. താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതുവരെ തിരുത്തി പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു. ഇന്നലെ അയച്ചത് മോർഫ് ചെയ്ത ടിക്കറ്റായിരുന്നു. പതിനൊന്നാം തിയ്യതി അയച്ചുതന്ന ടിക്കറ്റ് ഫോണിൽ നിന്ന് ഡിലീറ്റ് ആയി എന്നുമാണ് സെയ്തലവിയുടെ വാദം. 11 ന് അഹമ്മദിന് ഗൂഗിളിൽ പണം അയച്ചതിന്റെ ഫോട്ടോയും സെയ്തലവി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
അതേസമയം, നാലാം മൈൽ സ്വദേശി അഹമ്മദ് ആദ്യം വീട്ടിൽ നിന്ന് മുങ്ങിയെങ്കിലും, സംഗതി വിവാദമായതോടെ മാധ്യമങ്ങളെ കണ്ടു.താൻ സെയ്തലവിയെ ചതിച്ചിട്ടില്ലെന്നാണ് അഹമ്മദിന്റെ വാദം. മുൻപ് ലോട്ടറി വിൽപ്പന ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ആർക്കും ലോട്ടറി എടുത്തുകൊടുത്തിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. സെയ്തലവിയോട് പരിചയം മാത്രമാണുള്ളത്. ഇന്നലെ 4.36 നാണ് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് അയച്ചത്. തമാശയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സെയ്തലവിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞിട്ടില്ല. പൊലീസിൽ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും, സൈബർ സെൽ പരിശോധിക്കട്ടെയെന്നും അഹമ്മദ് കൂട്ടിച്ചേർത്തു.
'എനിക്ക് ഈ ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് ഇന്നലെ 4.10ന് ഒരാളെനിക്ക് ഫേസ്ബുക്കിൽ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാൻ സെയ്തലവിക്ക് 4.53ന് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് സെയ്തലവി കുറച്ച് കാശ് കൊടുക്കാനുണ്ടെന്ന് പറഞ്ഞു. തനിക്കാണ് സമ്മാനമടിച്ചതെന്ന് ഇയാളോട് പറയുമെന്നും സെയ്തലവി എന്നോട് പറഞ്ഞു. പറഞ്ഞോളൂ എന്ന് ഞാനും പറഞ്ഞു. അല്ലാതെ വേറെ ഒന്നുമില്ല. സെയ്തലവിക്ക് ലോട്ടറി അടിച്ചിട്ടില്ല. എനിക്ക് ലോട്ടറിയുടെ പരിപാടിയില്ല', സെയ്തലവിയുമായി സൗഹൃദം ഉണ്ടെന്ന് മാത്രേയുള്ളൂവെന്നാണ് ഇക്കാര്യത്തിൽ അഹമ്മദിന്റെ വാദം.
കോഴിക്കോട്ടുകാരനായ സുഹൃത്ത് തനിക്ക് വേണ്ടിയെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്നായിരുന്നു സെയ്തലവിയുടെ വാദം . ഈ വാദം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് എങ്ങനെ വയനാട്ടിൽ എത്തിയതിലായിരുന്നു അവ്യക്തത.
അതേസമയം, ഒന്നാം സമ്മാനമടിച്ച മരട് സ്വദേശി ജയപാലന് അമിത സന്തോഷമില്ല. തന്നെ സഹായിക്കാൻ ആരുമില്ലാത്തതിനാൽ ദൈവം കാണിച്ചു തന്ന വഴിയാണ് ഈ സമ്മാനം. താൻ ഈശ്വര വിശ്വസിയാണ്. കുറച്ചു കടങ്ങൾ ഉള്ളതു തീർക്കണം, സ്ഥലത്തിന്റെ കുറച്ചു തർക്കമുണ്ട് അതും തീർക്കണം, പെങ്ങമ്മാരെ ഉൾപ്പെടെ സഹായിക്കുകയും വേണം. താൻ ഈശ്വര ഭക്തനാണ്. വേറെ എന്തു ചെയ്യണമെന്നതു പിന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം സമ്മാനം അടിച്ച വിവരം കഴിഞ്ഞദിവസം തന്നെ അറിഞ്ഞെങ്കിലും തനിക്കു കുറെ കാര്യങ്ങൾ ചെയ്യാനുള്ളതിനാലാണ് പുറത്തു പറയാതിരുന്നത്. പുറത്തറിഞ്ഞാൽ ഏറെ പേർ ചോദ്യങ്ങളുമായി എത്തും. അവർക്കു മറുപടി നൽകി നിന്നാൽ ചെയ്യാനുള്ള കാര്യങ്ങൾക്കു സമയം കിട്ടില്ല. ഇന്നു പത്രം വന്നപ്പോൾ അതു നോക്കി ഉറപ്പു വരുത്തിയ ശേഷം 11 മണിക്ക് മരട് കാനറാ ബാങ്കിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.
പലഭാഗത്തുനിന്നും ഒന്നാം നമ്പരിന്റെ അവകാശവാദം ഉന്നയിച്ച് പലരും വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒറിജിനൽ ടിക്കറ്റ് കയ്യിലുള്ളപ്പോൾ എന്തിനാണു പേടിക്കുന്നത് എന്നാണു ചിന്തിച്ചത്. ഓണം ബംപറിന്റെ ഒരേ ഒരു ടിക്കറ്റ് മാത്രമാണ് എടുത്തത്. ഇതോടൊപ്പം സാധാരണ അഞ്ചു ടിക്കറ്റുകൾ കൂടി എടുത്തിരുന്നു. ഫാൻസി നമ്പർ പോലെ തോന്നിയതുകൊണ്ടാണ് ഈ ടിക്കറ്റെടുത്തത്.32 വർഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. ഇതിനിടെ പലയിടത്തുനിന്നും ടിക്കറ്റുകൾ എടുക്കാറുണ്ട്. അതിനു ബംപർ ടിക്കറ്റ് എന്നൊന്നും ഇല്ല. നേരത്തേ അഞ്ഞൂറും ആയിരവും ഒക്കെ അടിച്ചിട്ടുണ്ട്. അയ്യായിരും രൂപ വരെ സമ്മാനം കിട്ടിയിട്ടുണ്ട്. ഇത് ആദ്യമായാണ് ബംപറടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ