ഗോൾവേ: ഗോൾവേയിൽ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. ഓഗസ്റ്റ് 27 ശനിയാഴ്ച ന്യൂകാസിലിലുള്ള പ്രസേന്റ്റേഷൻ പ്രൈമറി സ്‌കൂളിൽവച്ചായിരുന്നു ആഘോഷപരിപാടികൾ. കുട്ടികൾക്കും മുതിർന്നവർക്കുമായി കേരളത്തിന്റെ തനതു സംസ്‌കാരവും പൈതൃകവും വിളിച്ചുണർത്തുന്ന വിവിധ കായിക പരിപാടികളും അത്യന്തം വാശിയേറിയ വടംവലി മത്സരവും സംഘടിപ്പിച്ചു. വടംവലി മത്സരത്തിൽ ഗോൾവേ വെസ്റ്റ് ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികളും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കലാപരിപാടികൾ GICC പ്രസിഡണ്ട് ജോർജ് മാത്യുവും വൈസ് പ്രസിഡണ്ട് ജോൺ മംഗളവും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ കണ്ണിനും കാതിനും കുളിർമയേകി. തുടർന്ന് മത്സരവിജയികൾക്കു സമ്മാനദാനവും ഈ വർഷം ലീവിങ് സെർട്ടിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി GICC ഭാരവാഹികൾ അറിയിച്ചു.