ബെംഗളൂരു: സർജാപൂർ റോഡ് സ്പ്രിങ് ഫീൽഡ്‌സ് അപാർട്ട്‌മെന്റിലെ രണ്ട് ദിവസത്തെ ഓണാഘോഷം സമാപിച്ചു. ഞായറാഴ്ച രാവിലെ വടംവലി മത്സരത്തിന്റെ ഫൈനലോടെയാണ് രണ്ടാം ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന മഹാബലിയുടെ എഴുന്നെള്ളിപ്പ് ശ്രദ്ധേയമായി.

പ്രത്യേകമായി തയ്യാറാക്കിയ രഥത്തിലാണ് മഹാബലിയെ എഴുന്നള്ളിച്ചത്. ആഘോഷത്തിന് എത്തിയവരുമായി മഹാബലി സൗഹൃദം പങ്കിട്ടു. അപാർട്ട്‌മെന്റിലെ സന്തോഷ് സുബ്രഹ്മണ്യമാണ് മഹാബലിയുടെ വേഷത്തിൽ എത്തിയത്. തുടർന്ന് വിവിധ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണംചെയ്തു. കല്ലുവഴി മുരളി നമ്പീശൻ, കലാമണ്ഡലം രഘുനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചവാദ്യം അവതരിപ്പിച്ചത്. ഉച്ചയ്ക്ക് നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയോടെ സ്പ്രിങ് ഫീൽഡ്‌സ് ഓണാഘോഷത്തിന് സമാപനമായി.

ആദ്യ ദിവസം മസാല കോഫി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയായിരുന്നു പ്രധാന ആകർഷണം. അപാർട്ട്‌മെന്റിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടിയും അരങ്ങിലെത്തിയിരുന്നു.