പെർത്ത്: വെസ്റ്റേൺ ആസ്‌ട്രേലിയയിലെ ആദ്യ സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ആസ്‌ട്രേലിയ ഈ വർഷത്തെ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. ജൂലൈ 31 ന് സെർബിയൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ ആയിരത്തിലേറെ ആളുകളാണ് പങ്കെടുത്തത്.

ചടങ്ങിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ മന്ത്രി ടോണി ബുട്ടി മുഖ്യതിഥി ആയിരുന്നു. ഇന്ത്യൻ വംശജൻ കൂടിയായ ഡോ. ജഗദീഷ് കൃഷ്ണൻ, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദന്തു ചരൺദാസി, കൗൺസിലർമാരായ ഷാനവാസ് പീറ്റർ, യാസോ പൊനുതോറെ, ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ആസ്‌ട്രേലിയ പ്രസിഡന്റ് സുപ്രിയ ഗുഹ, പെർത്ത് ചിൽഡ്രൺസ് ഹോസ്പിറ്റൽ മാനേജർ കരെൺ ഡി ലോറെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിൽവർ ജൂബിലി ആഘോഷിക്കുന്ന MAWA പെർത്തിലെ ചിൽ ഹോസ്പിറ്റലിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. കൂടാതെ പെർത്തിലെ മലയാളി സമൂഹത്തിനിടയിൽ നിലകൊള്ളുന്ന ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങളെയും സംരംഭകരെയും പരിപോക്ഷിപ്പിക്കാനും അതൊടൊപ്പം അവശ്യ സേവനങ്ങളെ പരമാവധി ജനങ്ങളിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ രൂപം കൊടുത്ത പ്രഥമ സംരംഭമായ MAWA Community Business Directory പ്രകാശനം ചെയ്തു.



കഴിഞ്ഞ 25 വർഷങ്ങളായി പെർത്തിലെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി തീർന്ന MAWA കോവിഡ് കാലത്ത് ഇന്റർനാഷണൽ മലയാളി സ്റ്റുഡൻസിനെ സഹായിക്കുന്നതിൽ മുന്നിൽ തന്നെ ഉണ്ടായിരുന്നു .ഒപ്പം തന്നെ ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ WA Premier  പ്രഖ്യാപിച്ച രണ്ട് മില്യൺ ഡോളറിൽ 100 K  പെർത്തിലെ തന്നെ ചാരിറ്റി സംഘടനായയ Healing International നോടൊപ്പം ചേർന്ന് വിനിയോഗിക്കുകയും ആ തുക കേരളത്തിലെ സർക്കാർ ആശുപത്രികളിൽ അവശ്യ സാധനങ്ങൾ വാങ്ങി നൽകുന്ന പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.


ആസ്‌ട്രേലിയൻ മണ്ണിന്റെ ചരിത്രത്തിൽ ആദ്യമായി കലോത്സവ സ്മരണകളുടെ പുതുവർണം തീർക്കാൻ മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ആസ്‌ട്രേലിയയുടെ നേതൃത്വത്തിൽ ജൂൺ 19 കലോത്സവം നടത്തി. ചിതലെടുക്കാത്ത പ്രതിഭയുടെ മാറ്റു കൂട്ടാൻ കലാലയ ജീവിതത്തിൽ ബാക്കി വച്ച സർഗ വാസനകളുടെ ഓർമ പുതുക്കാൻ പുതുതലമുറയ്ക്ക് കഴിവിന്റെ മാറ്റുരയ്ക്കാനുള്ള വേദി ഒരുക്കാൻ MAWAകഴിഞ്ഞു. സെപ്റ്റംബർ 11ന് ആസ്‌ട്രേലിയയിൽ ആദ്യമായി 500ൽ അധികം സ്ത്രീകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പെർത്തിലെ വെല്ലിങ്ടൺ സ്‌ക്വയറിൽ വച്ച് മെഗാ തിരുവാതിര നടത്തുവാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.


മാവയുടെ സിൽവർ ജൂബിലി ഉദ്ഘാടനം കഴിഞ്ഞ വർഷം നവംബർ 28ന് പെർത്ത് കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്റർ നടത്തുകയുണ്ടായി. ഈ വർഷം നവംബർ ആറിന് വളരെ വിപുലമായ രീതിയിൽ മൾട്ടി കൾച്ചറൽ ഈവന്റ് ആയി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.