സിംഗപ്പൂർ: സിംഗപ്പൂർ ഈസ്റ്റിൽ നടന്ന ഓണാഘോഷം 2014 നാനാ ദേശക്കാരുടെ പ്രാതിനിധ്യം കൊണ്ടു വ്യത്യസ്തമായി. സെപ്റ്റംബർ 21 ന് പുംഗോൾ 21 കമ്മ്യുണിറ്റി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളിലും ഓണസദ്യയിലും പങ്കെടുക്കാൻ 600 ലേറെ പ്രദേശവാസികൾ എത്തിച്ചേർന്നു.

അതിരാവിലെ മുതൽ അത്തപ്പൂക്കളത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പുംഗോൾ സിസിഎംസി ചെയർമാൻ ഹോങ് ഹോക്ക് വാ, ഐഎഇസി ചെയർമാൻ ശ്രീനാഥ്  ശ്രീനിവാസൻ എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ ആഘോഷപരിപാടികൾ മണിക്കൂറുകൾ നീണ്ടു നിന്നു. കർണാട്ടിക് സംഗീതത്തിന്റെ സ്വരമാധുരി ഒട്ടും ചോരാതെ ശ്രീനാരായണ മിഷൻ അംഗങ്ങൾ ആലപിച്ച കീർത്തനം ശ്രദ്ധേയമായി. കലാമണ്ഡലം ബിജു അവതരിപ്പിച്ച കഥകളി  പുതുതലമുറക്കും അന്യദേശക്കാർക്കും ഒരു പുത്തൻ അനുഭവമായിരുന്നു. മുപ്പതു മിനുറ്റോളം നീണ്ട താടക വധം കെട്ടിയാടിയ കരി, കത്തി, താടി വേഷങ്ങൾ വൻ കരഘോഷത്തോടെയാണ് വേദിയിറങ്ങിയത്. മലയാളികൾ തങ്ങളുടെ സ്വകാര്യ അഹങ്കാരമായ കഥകളിയെ ഇന്നും എത്രത്തോളം സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയായിരുന്നു അത്.

മോഹിനിയാട്ടം, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, ഗാനാലാപനം എന്നിവയുമായി സിംഗപ്പൂരിലെ കൊച്ചു കലാകാരികളും കലാകാരന്മാരും വേദി നിറഞ്ഞു നിന്നു. 'നീലവാനിനു കീഴിലായി എന്നു തുടങ്ങുന്ന മനോഹരഗാനത്തിനൊപ്പം ചുവടുവച്ച ഐഎഇസി ഡാൻസ് ഗ്രൂപ്പ് സദസിന്റെ കയ്യടി ഏറ്റുവാങ്ങി. തുടർന്ന് നടന്ന ഇന്ത്യൻ ട്രെഡിഷണൽ ഡ്രസ് കോംപറ്റീഷൻ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു മത്സരാർഥികൾ പങ്കെടുത്തു. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ നിറപ്പകിട്ടാർന്ന വേഷധാരണങ്ങളോടെ എത്തിയവരുടെ കൂടെ കസവുമുണ്ടും സാരിയുമണിഞ്ഞെത്തിയ മലയാളി മങ്കമാർ കേരനാടിന്റെ സാന്നിധ്യം അറിയിച്ചു.

പുംഗോളിലെ ഏതൊരു ആഘോഷ പരിപാടികളിലേയും സ്ഥിര സാന്നിധ്യമായ ഐഎഇസി ഡാൻസ് ഇന്ററസ്റ്റ് ഗ്രൂപ്പ് അവതരിപ്പിച്ച ബോളിവുഡ് ഡാൻസും ശ്രദ്ധേയമായി. പാട്ടും ഡാൻസും മറ്റു മത്സരങ്ങളുമായി സദസ് പുരോഗമിക്കുന്ന അതേ സമയത്തു തന്നെ വാഴയിലയിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി പുംഗോളിലെ മലയാളിക്കൂട്ടായ്മ പ്രത്യേകം പ്രശംസ ഏറ്റുവാങ്ങി. തുടർന്നു നടന്ന ചെണ്ടമേളം ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. സദ്യക്കുശേഷം പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി നടന്ന  കായിക മത്സരങ്ങളിൽ നൂറുകണക്കിനാളുകൾ പങ്കു ചേർന്നു. മ്യൂസിക്കൽ ചെയർ, ബലൂൺ ബ്രെയ്ക്കിങ്, ലെമൺ റേയ്‌സ്, റിവേഴ്‌സ് വാക് എന്നീയിനങ്ങളിൽ ആവേശകരമായ മത്സരം നടന്നു. ഓണനാളുകളിൽ മലയാളിക്കു ഒഴിച്ചുകൂടാനാവാത്ത വടംവലി മത്സരം വാശിയേറിയതായി. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തതോടുകൂടി പ്രൗഡഗംഭീരമായ ഓണം -2014 ആഘോഷങ്ങൾക്കും തിരശ്ശീല വീണു.