- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിൽ അഴിമതിയുണ്ടെന്ന ആരോപണം തള്ളി സപ്ലൈകോ; സർക്കാരിന്റെ ഒരു ഉത്തരവിലും 500 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കിറ്റിൽ ഉണ്ടാകേണ്ടതെന്ന് പറഞ്ഞിട്ടില്ല; നിലവിൽ ശർക്കരയുടെ തൂക്കത്തിൽ മാത്രമാണ് കുറവ് ഉണ്ടായിട്ടുള്ളതെന്ന് എംഡിയുടെ വിശദീകരണം
തിരുവനന്തപുരം: ഓണക്കിറ്റുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ് സപ്ലൈക്കോ മാനേജിങ് ഡയറക്ടർ പി എം അലി അസ്ഗർ പാഷ രംഗത്ത്. സർക്കാരിന്റെ ഒരു ഉത്തരവിലും 500 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കിറ്റിൽ ഉണ്ടാകേണ്ടതെന്ന് പറഞ്ഞിട്ടില്ല. പതിനൊന്നു ഇനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. ഇതനുസരിച്ചാണ് സപ്ലൈകോ കിറ്റ് തയ്യാറാക്കിയതുതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ശർക്കരയുടെ തൂക്കത്തിൽ മാത്രമാണ് കുറവ് ഉണ്ടായിട്ടുള്ളത്. ഇതാണ് ശ്രദ്ധയിൽപെട്ടിട്ടുള്ളത്. ശർക്കരയുടെ തൂക്കക്കുറവ് സംബന്ധിച്ച് പതിനൊന്നാം തീയതി തന്നെ കരാറുകാർക്ക് സപ്ലൈകോ നോട്ടീസ് അയച്ചിരുന്നതായും വീഴ്ച വരുത്തിയ കരാറുകാർക്കെതിരെ പിഴ ചുമത്താൻ മന്ത്രി നിർദ്ദേശം നൽകിയതായും സപ്ലൈകോ എം ഡി പറഞ്ഞു.
കേരളത്തിൽ ശർക്കര നിർമ്മിക്കുന്നതിന് കൃത്യമായ ബ്രാൻഡ് ഇല്ലാത്തതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ചാണ് കിറ്റുകൾ ഉൾപ്പെടുത്തുന്നത്. പല സ്ഥലങ്ങളിൽ നിർമ്മിക്കുന്ന ശർക്കരയായതിനാൽ അച്ചുകളിൽ ഉണ്ടാകുന്ന വ്യത്യാസമാണ് തൂക്കക്കുറവിന് കാരണമെന്നും അലി അസ്ഗർ പാഷ പറഞ്ഞു.
നിലവിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണമാണ്. ഓഗസ്റ്റ് 20 മുതലാണ് കിറ്റ് വിതരണത്തിന് തുടക്കമായത്. ഓഗസ്റ്റ് 22ന് 3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും, 24ന് 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ