- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം കഴിഞ്ഞിട്ടും ഓണക്കിറ്റ് ലഭിക്കാതെ 21.30 ലക്ഷം കുടുംബങ്ങൾ; അന്ത്യോദയ, മുൻഗണന കാർഡുകളിൽ പോലും വിതരണം പൂർത്തിയാക്കിയില്ല; കിറ്റിൽ ചെറുകിടക്കാരുടെ ഉൽപന്നങ്ങൾ പരിഗണിക്കുമെന്ന സർക്കാർ ഉറപ്പ് ഇക്കുറിയും പാലിച്ചില്ല; ലോക്കൽ പർച്ചേസായി നടന്നത് കുടുംബശ്രീയിൽ നിന്നുള്ള ഉപ്പേരി സംഭരിച്ചത് മാത്രം
തൃശൂർ: സംസ്ഥാനത്തെ ഓണാഘോഷങ്ങൾ ഇന്നലത്തെ ചതയദിനത്തോടു കൂടി അവസാനിച്ചു കഴിഞ്ഞു. എന്നാൽ, ഓണം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ഓണക്കിറ്റ് കിട്ടാത്തവരാണ് നല്ലരൊ ശതമാനവും. 21,30,111 കുടുംബങ്ങൾക്ക് സർക്കാറിന്റെ അതിജീവന സൗജന്യ ഓണക്കിറ്റ് ലഭിച്ചില്ല. മൊത്തം 90,63,889 കാർഡുകളിൽ 69,33,778 കാർഡുകൾക്ക് മാത്രമാണ് കിറ്റ് കിട്ടിയത്. കിറ്റ് വിതരണം ഓണത്തിന് മുമ്പേ പൂർത്തിയാക്കുമെന്ന തീരുമാനം ഇക്കുറിയും നടപ്പിലാക്കാൻ സാധിച്ചില്ല.
റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ, മുൻഗണന കാർഡുകളിൽ പോലും ഇപ്പോഴും വിതരണം പൂർത്തിയാക്കാനായിട്ടില്ല. വിധവകളും അശരണരും അടങ്ങുന്ന 5,83,536 അന്ത്യോദയ കാർഡുകളിൽ (മഞ്ഞ) 5,15,227 ഉടമകൾക്കാണ് കിറ്റ് ലഭിച്ചത്. 88.29 ശതമാനം മാത്രമാണിത്. 68,309 മഞ്ഞ കാർഡ് ഉടമകൾക്ക് ഇനിയും കിറ്റ് ലഭിക്കേണ്ടതുണ്ട്. മുൻഗണന കാർഡുകളിലാണ് (പിങ്ക്) കൂടുതൽ വിതരണം നടന്നത്. 89.46 ശതമാനം പേർക്കാണ് ഈ വിഭാഗത്തിൽ കിറ്റ് ലഭിച്ചത്.
32,50,609 പിങ്ക് കാർഡുകളിൽ 29,09,256 പേർക്ക് ലഭിച്ചു. 3,41,353 പേർക്ക് ഇനിയും ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സബ്‌സിഡി ലഭിക്കുന്ന 27,33,459 നീല കാർഡുകാരിൽ 16,72,867 പേർക്കാണ് കിറ്റ് വിതരണം ചെയ്യാനായത്. 10,60,592 പേർക്ക് ഇനിയും നൽകേണ്ടതുണ്ട്. 61.19 ശതമാനം മാത്രമാണ് വിതരണം നടന്നത്.
24,96,285 പൊതുവിഭാഗം കാർഡുകളിൽ 18,36,428 പേർ കിറ്റ് വാങ്ങിക്കഴിഞ്ഞു. 6,59,857 കാർഡുകൾക്ക് ഇനിയും കിറ്റ് ലഭിക്കേണ്ടതുണ്ട്. വെള്ള കാർഡുകളിൽ 73.56 ശതമാനമാണ് വിതരണം നടന്നത്. ചൊവ്വാഴ്ച കടകൾ തുറക്കുന്നതോടെ വിതരണം പുനരാരംഭിക്കും. അതേസമയം ഓണക്കിറ്റിൽ ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾ പരിഗണിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായി. കുടുംബശ്രീയിൽനിന്ന് ഉപ്പേരി സംഭരിച്ചത് മാത്രമാണ് ഭാഗികമായെങ്കിലും നടന്ന ലോക്കൽ പർച്ചേസ്. ബാക്കി ഉൽപന്നങ്ങൾ വൻകിട സംരംഭകരിൽനിന്നാണ് ഏറ്റെടുക്കുകയാണ് ഉണ്ടായത്. പ്രാദേശികമായി ഉൽപന്നങ്ങൾ സംഭരിക്കാത്തത് കിറ്റ് വിതരണം വൈകാൻ കാരണങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.
സപ്ലൈകോക്ക് 500 ഇടത്തരം സംരംഭക കമ്പനികൾ ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ധാന്യപ്പൊടി, മസാലപ്പൊടി തുടങ്ങി അനേകം ഉൽപന്നങ്ങൾ ഇതിൽപ്പെടും. ഓണക്കിറ്റ് വിതരണത്തിന് മുമ്പുതന്നെ പ്രാദേശിക സംരംഭകരിൽനിന്ന് ഉൽപന്നങ്ങൾ ഏറ്റെടുക്കണമെന്ന് ഭക്ഷ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ട് കേരള സപ്ലൈകോ സപ്ലൈയേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അനുകൂല നിലപാട് ഉണ്ടാകുമെന്ന് അവർ അറിയിച്ചെങ്കിലും പിന്നീട് നടപടി വന്നില്ല.
തിരക്കിട്ട് സാധനങ്ങൾ വാങ്ങിയതോടെ ചില ഉൽപന്നങ്ങൾ കിട്ടാത്ത അവസ്ഥ വന്നു. കശുവണ്ടിക്ക് പകരം ആട്ടയും കായവും ഒക്കെ ഉൾപ്പെട്ടത് അങ്ങനെയാണ്. രണ്ടാഴ്ചകൊണ്ട് പോലും എത്തിക്കാൻ കഴിയാത്ത ഉൽപന്നങ്ങളാണ് നാലുദിവസത്തിനകം ലഭ്യമാക്കണമെന്ന നിർദ്ദേശം വന്നത്.
സപ്ലൈകോയുടെ 56 ഡിപ്പോകൾ വഴി എം.എസ്.എം.ഇ സംരംഭകരിൽനിന്ന് ഉൽപന്നങ്ങൾ സംഭരിക്കാൻ തീരുമാനിച്ചാൽ കുറഞ്ഞ ഗതാഗത ചെലവിൽ അവർക്ക് എത്തിക്കാൻ കഴിയും. ടെൻഡറിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി സപ്ലൈകോ ആസ്ഥാനത്തുനിന്ന് സംഭരിക്കേണ്ട ഉൽപന്നത്തിന്റെ തുക നിശ്ചയിച്ച് ഡിപ്പോകളിലേക്ക് നിർദ്ദേശം നൽകിയാൽ മതി. ഇതിലൂടെ 88 ലക്ഷം കിറ്റുകൾക്ക് ഉൽപന്നങ്ങൾ ഒരേയിടത്തുനിന്ന് എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
ഒന്നര മാസമായി ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകർക്ക് സപ്ലൈകോ ശാഖകൾ വഴി വിതരണം ചെയ്ത ഉൽപന്നങ്ങൾക്ക് തുക ലഭിച്ചില്ല. ഓണക്കിറ്റുമായി ബന്ധപ്പെട്ട പണം മാത്രം നൽകിയാൽ മതിയെന്ന സർക്കാർ നിർദേശമുണ്ടെന്നാണ് സപ്ലൈകോ ഫിനാൻസ് വകുപ്പിൽനിന്ന് ലഭിച്ച മറുപടി.
മറുനാടന് മലയാളി ബ്യൂറോ