പതിവുപോലെ ഇക്കുറിയും ഓണത്തിന് വിവിധ ചാനലുകൾ പുതിയ ചിത്രങ്ങളുടെ പെരുമഴതന്നെ പെയ്യിക്കും. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദൃശ്യവും ഹൗ ഓൾഡ് ആർ യൂവുമെല്ലാം ഇത്തവണത്തെ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തും.

ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം തിരുവോണ നാളിൽ ഏഷ്യാനെറ്റിലാണ് സംപ്രേഷണം ചെയ്യുന്നത്. ഓം ശാന്തി ഓശാന, മാന്നാർ മത്തായി സ്പീക്കിങ് 2, സലാല മൊബൈൽസ്, ഒന്നും മിണ്ടാതെ, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളും ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തും. മുമ്പ് സംപ്രേഷണം ചെയ്ത പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും, ശൃംഗാരവേലൻ, നാടോടിമന്നൻ, ഫിലിപ്പ്‌സ് ആൻഡ് ദ മങ്കിപെൻ തുടങ്ങിയ ചിത്രങ്ങളും ഓണത്തിന് സ്വീകരണമുറികളിലെത്തും.

മഞ്ജു വാര്യരുടെ തിരിച്ചുവരവോടെ ശ്രദ്ധേയമായ ഹൗ ഓൾഡ് ആർ യൂവാണ് സൂര്യ ടിവിയുടെ ഓണം ഹൈലൈറ്റ്. പുണ്യാളൻ അഗർബത്തീസ്, 1983, സൈലൻസ്, ഏഴ് സുന്ദര രാത്രികൾ, പൊലീസ് മാമൻ, നടൻ എന്നിവയും തമിഴ് ചിത്രങ്ങളായ ജില്ല, അഴകുരാജ എന്നിവയും സൂര്യ ടിവിയുടെ ഓണം ലൈബ്രറിയിലുണ്ട്.

മമ്മൂട്ടിച്ചിത്രമായ ഗ്യാങ്സ്റ്ററാണ് കൈരളി ടിവിയുടെ ഓണം സ്‌പെഷ്യൽ ചിത്രം. ദുൽഖർ ചിത്രം പട്ടംപോലെയും ഓണത്തിന് കൈരളി ടിവിയിൽ കാണാം. ജില്ല, ആരംഭം എന്നീ തമിഴ് ചിത്രങ്ങളുടെ മലയാളം പതിപ്പും കൈരളി സംപ്രേഷണം ചെയ്യും.

അമൃത ടിവിയിൽ മോഹൻലാലിന്റെ മിസ്റ്റർ ഫ്രോഡാണ് ഓണച്ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്. ആർട്ടിസ്റ്റ്, പോളിടെക്‌നിക്, പറയാൻ ബാക്കിവച്ചത്, ഗുഡ് ബാഡ് ആൻഡ് അഗ്ലി എന്നീ ചിത്രങ്ങളും ഓണത്തിന് അമൃത പ്രേക്ഷകരുടെ മുന്നിലെത്തിക്കും.