തിരുവനന്തപുരം: ഒരു രാവിനിപ്പുറം തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. മഹാമാരി തീർക്കുന്ന പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ വർഷവും നഷ്ടപ്പെട്ട ഓണത്തെ ആർഭാടം ഒഴിവാക്കി സുരക്ഷിതമായി ചെറുതായെങ്കിലും ആഘോഷിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് മലയാളികൾ.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ കിട്ടിയതോടെ നഗരത്തിലെ വിപണികളും സജീവമായി.അതിജിവനത്തിന്റെ പോരാട്ടത്തിനിടയിലുള്ള ഉത്രാടത്തിൽ പതിവ് തെറ്റിക്കാതെ ഉത്രാടപ്പാച്ചിലിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ് മലയാളികൾ.രാവിലെ മുതൽക്കെ സമാന്യം നല്ല തിരക്കാണ് വിപണിയിൽ അനുഭവപ്പെടുന്നത്.കോവിഡ് ലോക്ഡൗണിൽ ശ്വാസം മുട്ടിയ വിപണിക്ക് ഉത്രാടപ്പാച്ചിൽ അൽപ്പമെങ്കിലും ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടൽ.

തിരക്ക് വർധിച്ചതോടെ നിരത്തിലെ വാഹനഗതാഗതം നിയന്ത്രിക്കാനും തിരക്ക് ഒഴിവാക്കാനും പൊലീസ് കൂടുതൽ സന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.തലസ്ഥാനത്ത് വഴിയോര വിപണി സജീവമാകുന്ന ഇടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ്ങ് കേന്ദ്രങ്ങളും അനുവദിച്ചിട്ടുണ്ട്. എങ്കിലും സമീപകാലത്തെ ഏറ്റവും മികച്ച തിരക്കിലേക്ക് തന്നെയാണ് നഗരം വഴിമാറുന്നത്. വസ്ത്ര വിപണി നേരത്തെ സജീവമായെങ്കിലും ഇന്നലെ മുതൽ പച്ചക്കറി പൂ വിപണിയും സജീവമായിക്കഴിഞ്ഞു.

ഇളവ് ലഭിച്ചതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള പൂക്കളുടെ വരവും വർധിച്ചു.100 മുതൽ 150 വരെ വില വരുന്ന കിറ്റുകളായും പൂക്കൾ വിൽപ്പനയുണ്ട്. എന്നാൽ പതിവിന് വിപരീതമായി സ്ഥാപനങ്ങളിലും ഓഫിസുകളിലും അത്തപൂക്കളത്തിന്റെ എണ്ണം കുറഞ്ഞത് പൂവിപണിയെ സാരമായി ബാധിച്ചു. അത്തപ്പുക്കള മത്സരങ്ങൾ ഇല്ലാത്തതും കച്ചവടക്കാർക്ക് തിരിച്ചടിയായി. ഇത്തവണ വലിയ തോതിൽ കച്ചവടക്കാരും രംഗത്തുണ്ടായിരുന്നില്ല.

നഗരത്തിലെ സർക്കാറിന്റെടക്കമുള്ള പച്ചക്കറി ചന്തകളും സജീവമാണ്.ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് പച്ചക്കറി കച്ചവട മേഖലയിൽ ഉണർവ് കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഓണസദ്യയ്ക്കുള്ള പച്ചക്കറികൾ കടകളിൽ എത്തിക്കുന്ന തിരക്കിലായിരുന്നു കച്ചവടക്കാർ. അയൽ സംസ്ഥാനങ്ങളിൽ നിന്നാണു പ്രധാനമായും ജില്ലയിലേക്ക് പച്ചക്കറി എത്തുന്നത്.ഇത്തവണ പച്ചക്കറി ലഭ്യത അൽപം കുറഞ്ഞതായും ചിലയിനങ്ങൾക്കു വില ഇരട്ടിയായെന്നും കച്ചവടക്കാർ പറയുന്നു. മുൻകാലത്തെ അടച്ചിടൽ കാരണം കടകളിൽ എത്തിച്ചിരുന്ന പച്ചക്കറികൾ വൻ തോതിൽ നശിച്ചു കച്ചവടക്കാർ പ്രതിസന്ധിയിലായിരുന്നു. കടയിലെ ജീവനക്കാർക്കു കോവിഡ് ബാധിച്ച് ദിവസങ്ങളോളം അടച്ചിട്ടതിനെത്തുടർന്നു നഷ്ടം നേരിട്ടവരും ഒട്ടേറെ.

വ്യാപാരസ്ഥാപനങ്ങളിൽ സാമൂഹികാകലവും മറ്റു ജാഗ്രത നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടോ എന്നറിയാൻ എസ് എച്ച് ഒമാരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തുന്നുമുണ്ട്. ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയും സ്വീകരിക്കും.നഗരത്തിലെ പ്രധാന അതിർത്തി കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.പൊതുസ്ഥലങ്ങളിൽ സറ്റേഷൻ പട്രോളിങ്ങ് വാഹനങ്ങളിൽ ജാഗ്രത നിർദ്ദേശങ്ങൾ മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്നുമുണ്ട്. വസ്ത്രശാലകളിലും ജൂവലറികളിലുമായിരുന്നു കൂടുതൽ പേരെത്തിയത്.ഉപഭോക്താക്കളെ നിയന്ത്രിക്കാൻ കടകളിൽ ടോക്കൺ അടക്കം സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

ഇതിന് പുറമെ പായസമേളകളും തുടങ്ങി. ബേക്കറികളിലും ഹോട്ടലുകളിലും പായസം വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. തിരുവോണദിനത്തിൽ കൂടുതൽ കച്ചവടം പ്രതീക്ഷിക്കുന്നുമുണ്ട്. പാലട പ്രഥമൻ തന്നെയാണ് പായസത്തിൽ പ്രിയങ്കരം. തൊട്ടുപിന്നിൽ അടപ്രഥമനുണ്ട്. പരിപ്പ് പായസം, പാൽപായസം തുടങ്ങിയവയുമുണ്ട്. ലിറ്ററിന് 200 രൂപ മുതൽ പായസം ലഭ്യമാണ്.

ഓണസദ്യ വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങളുമായി ഹോട്ടലുകളും കേറ്ററിങ് യൂനിറ്റുകളും തയാറായിട്ടുണ്ട്. 300 രൂപ മുതലാണു വില. ഉപ്പു മുതൽ വാഴയില വരെ ഇതിൽപെടും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ബുക്കിങ് വർധിച്ചിട്ടുണ്ട്. തിരുവോണദിവസത്തേക്കാണ് കൂടുതൽ ബുക്കിങും. തുണിക്കടകളിലും തിരക്കുണ്ട്. കുട്ടികളുടെ വസ്ത്രങ്ങൾ തേടിയാണ് കൂടുതൽ പേരുമെത്തുന്നത്.