പെന്റിത്: വിവിധ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിരിക്കുന്ന ഓരോ സമൂഹത്തിനും തങ്ങളുടെ തനതായ കലയെയും സാംസകാരിക തനിമയെയും നിലനിർത്തുന്നതിനുള്ള അവസരം ഉണ്ടെന്നു പെന്റിത് സിറ്റി കൗൺസിൽ കമ്മ്യൂണിറ്റി വിഭാഗം കോർഡിനേറ്റർ ട്രേസി ലാഹി പറഞ്ഞു. പെന്റിത് മലയാളി കൂട്ടായ്മയുടെ പത്താമത് ഓണാഘോഷ പരിപാടികൾ ഉദ്ഘടനം ചെയ്തു സംസാരിക്കുക ആയിരുന്നു ട്രേസി. ഓസ്ട്രേലിയൻ സമൂഹ വികസനത്തിൽ കുടിയേറ്റ വിഭാഗക്കാരുടെ പ്രാധാന്യം എടുത്തു പറഞ്ഞ ട്രേസി, ഇന്ത്യൻ സമൂഹത്തിനു അതിൽ നിർണായക പ്രാധാന്യം ഉള്ളതായി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ജീവിതത്തിന്റെ നാനാമേഖലകളിൽ ജോലി ചെയ്യുന്നവർക്കു നഷ്ടപ്പെട്ട് പോയ ഗൃഹാതുരതയുടെ തുയിലുണർത്താലും ഓർമപ്പെടുത്തലുമായി കൂട്ടായ്മയുടെ ഓണാഘോഷം. ഇന്നലെകളിൽ കേരളത്തിന്റെ പല മേഖലകളിൽ വിവിധ രീതികളിൽ ഓണം ആഘോഷിച്ചവർ തങ്ങളുടെ ജീവിത തിരക്കുകൾ എല്ലാം മാറ്റിവെച്ചു പരമ്പരാഗത രീതിൽ അണിഞ്ഞൊരുങ്ങി കേരളത്തിന്റെ മതേതരമായ ഉത്സവത്തിനായി ഒത്തുചേർന്നു.

ചെണ്ടമേളവും പുലികളിയും തിരുവാതിരയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണ സമ്മേളനത്തിലും ലോകകപ്പ് ക്രിക്കറ്റ് മത്സര വേദിയിലും ആസുരവാദ്യത്തിന്റെ മേളപ്പെരുക്കം കൊണ്ട് കേരളീയ വാദ്യത്തിന്റെ യശസ്സ് ഉയർത്തിയ ഇൻഡോസ് റിതംസിന്റെ ചെണ്ടമേളം ആഘോഷത്തിന് ഉത്സവഛായ പകർന്നു. കേരളീയ ഗ്രാമീണജീവിതത്തിന്റെ നിറപ്പകിട്ടുമായി രംഗത്തെത്തിയ പുലികളി, മലയാളി മങ്കമാരുടെ തനതായ കലാരൂപം തിരുവാതിര, എല്ലാത്തിനും ഒപ്പം പ്രജകളെ സന്ദർശിക്കാനെത്തിയ മാവേലി തമ്പുരാനും, എല്ലാവരും ഒത്തു ചേർന്ന് ആ പോയ കാലത്തിന്റെ ഓർമകളിൽ ഒന്നാവുകയായിരുന്നു.

ഓസ്ട്രേലിയയിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന പുതുതലമുറ മലയാളി കുട്ടികളും അവരുടെ കുടുംബങ്ങളും ഇന്ത്യൻ കലാരൂപങ്ങളുടെ പ്രാധാന്യം എത്രമാത്രം ഉൾക്കൊണ്ടിട്ടുണ്ട് എന്നുള്ളതിന് തെളിവായി വേദിയിൽ അരങ്ങേറിയ മോഹിയാട്ടം, ഭരതനാട്യം, പുഷ്പാഞ്ജലി ഡാൻസ്, മറ്റു ശാസ്ത്രീയ -അർദ്ധ ശാസ്ത്രീയ നൃത്തരൂപങ്ങൾ. ഇതിനൊപ്പം സിനിമാറ്റിക് ഡാൻസ്, ഹാസ്യ ആവിഷ്‌കാരം, ബാലേ -ഡാൻസ്, സംഘ നൃത്തം എന്നിവയും ഹരിലാൽ വാമദേവൻ, ജെമിനി തരകൻ എന്നിവരുടെ ഗാനങ്ങളും ആഘോഷവേളക്ക് നിറച്ചാർത്തു നൽകി.

സെപ്റ്റംബർ രണ്ട് ശനിയാഴ്ച കിങ്സ്വുഡ് ഗവണ്മെന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൂട്ടായ്മ പ്രസിഡന്റ് സണ്ണി മാത്യു സ്വാഗതം ആശംസിച്ചു. ജോയ് ജേക്കബിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ അജി ടി .ജി കൃതജ്ഞത രേഖപ്പെടുത്തി. പരമ്പരാഗതമായ ചിട്ടവട്ടങ്ങളോടെ നടത്തിയ ഓണസദ്യയിൽ അറുനൂറിൽപരം ആളുകൾ പങ്കെടുത്തു. ഓണാഘോഷത്തിനോടു അനുബന്ധിച്ചു ചിത്രരചന, കളറിങ്, ചെസ്സ്, കാർഡ് ഗെയിംസ് മറ്റു നിരവധി വിനോദ മത്സരപരിപാടികളും നടത്തി. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.

നിരവധി പ്രസംഗ വേദികളിൽ സമ്മാനർഹയ മലയാളി പെൺകുട്ടി ഫ്യൂജിയാ ബാബു ഓണസന്ദേശം നൽകിയ പരിപാടിയിൽ സിജോ സെബാസ്റ്റ്യൻ, അംബിളി ബിനിൽ എന്നിവർ അവതാരകരായി. മീര ജോയ്, മഞ്ജു സുരേഷ് സാജമ്മ ബെന്നി, അഭിജിത് മാളിയേക്കൽ, സുനിത സുരേഷ്, ലക്ഷ്മി സുജിത്, സ്വപ്ന ജോമോൻ, ലിജി കൊച്ചാപ്പു, നവീൻ സ്റ്റീഫൻ എന്നിവർ കൊറിയോഗ്രാഫി നിർവഹിച്ചു.

പരിപാടികൾക്ക് പ്രസിഡന്റ് സണ്ണി മാത്യു, വൈസ് പ്രസിഡന്റ് സുരേഷ് പോക്കാട്ടു, സെക്രട്ടറി മഹേഷ് പണിക്കർ, കമ്മിറ്റിഅംഗങ്ങളായ ചെറിയാൻ മാത്യു, അജി.ടി.എസ്, ജോയി ജേക്കബ്, പ്രവീൺ അധികാരം, ജോബി അലക്‌സ്, റീഥോയി പോൾ, ഷിബു മാളിയേക്കൽ, ജിനു വർഗീസ് എന്നിവർ നേതൃത്വം നൽകി. കേരളിയ സംസ്‌കാരത്തിന്റെ ലാളിത്യവും ജാതിമത ഭേദങ്ങൾക്കുമപ്പുറം മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം വരും തലമുറയ്ക്ക് പകരാനും കേരളത്തിനുമപ്പുറം കേരളിയ കലകളുടെ വികാസത്തിനുള്ള വേദിയായിക്കഴിഞ്ഞിരിക്കുന്നു കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ .