മെൽബൺ: ETEA അവതരിപ്പിക്കുന്ന ഓണനിലാവ് ചാരിറ്റി ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. സെപ്റ്റംബർ 11 നു (വെള്ളി) മെൽബണിലെ Spring vaile Town ഹാളിൽ വൈകുന്നേരം ഏഴിനാണു പരിപാടി. മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടിയിൽ സംഗീതം, കോമഡി, ഡാൻസ് എന്നിവ കൂട്ടികലർത്തിയ സ്റ്റേജ് ഷോ അരങ്ങേറും.

ജിഎംസി ഓസ്‌ട്രേലിയ, ഫ്‌ളൈ വേൾഡ് ടൂർണമെന്റ് ട്രാവൽസ്, PEC എന്നിവരാണ് ചാരിറ്റി ഷോയുടെ പ്രായോജകർ. ഐഡിയ സ്റ്റാർ സിംഗർ വിജയി ശ്രീനാഥ്, സിനിമാ താരം മീരാ നന്ദൻ, അഞ്ജു അരവിന്ദ്, ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയനായ മനോജ് ഗിന്നസ്, അനുകരണ കലയിലെ ഇതിഹാസം കലാഭവൻ സന്തോഷ്, പഴയകാല നായകന്മാരെ സ്റ്റേജിൽ അവതരിപ്പിച്ച് മികവു നേടിയ പ്രകാശ് കൊടപ്പനക്കുന്ന്, പ്രശസ്ത സിനിമാ കോറിയോഗ്രാഫർ ബിജു നവരാഗ്, ഗാനഗന്ധർവൻ യേശുദാസ്, ഉണ്ണി മേനോൻ, കെ.ജി. മർക്കോസ് എന്നിവർക്കുവേണ്ടി ലൈവ് ഓർക്കസ്ട്ര കൈകാര്യം ചെയ്ത് ശ്രദ്ധേയനായ ശ്രീകുമാർ തൃശൂർ, റിജോ എന്നിവർ അടങ്ങുന്ന കലാകാരന്മാരാണ് ഓണനിലാവ് ചാരിറ്റി ഷോയിൽ കലാ വിരുന്ന് അവതരിപ്പിക്കുന്നത്.

സിഡ്‌നി, ഡാർവിൻ എന്നീ സ്ഥലങ്ങളിൽ ഓണ നിലാവ്, സ്റ്റേജ് ഷോ, സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കും.

ETEA അവതരിപ്പിക്കുന്ന 'ഓണനിലാവ്' ചാരിറ്റി ഷോയിൽ മെൽബണിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് കോട്ടയം നവജീവൻ ട്രസ്റ്റിന്റെ അമരക്കാരൻ പി.യു. തോമസാണ്. കഴിഞ്ഞ 50 വർഷക്കാലമായി മെഡിക്കൽ കോളജിലെ നിർധന രോഗികൾക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്ന പുണ്യകർമത്തിലൂടെ അദ്ദേഹം മാതൃകയാകുകയായിരുന്നു.

തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കണെ്ടത്തി അവർക്ക് ഭക്ഷണവും വസ്ത്രവും താമസവും നൽകി. പുതു ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുവാൻ ശ്രമിക്കുന്ന നവജീവൻ ഏവർക്കും മാതൃകയാണ്. സ്റ്റേജ് ഷോയിൽ കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം അന്നേദിവസം സ്റ്റേജിൽ വച്ച് തോമസ് ചേട്ടനു കൈമാറുകയും ചെയ്യും. കോട്ടയം നവജീവൻ ട്രസ്റ്റിനുവേണ്ടി നടത്തുന്ന സ്റ്റേജ് ഷോ വിജയിപ്പിക്കാൻ മെൽബണിലെ മുഴുവൻ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സംഘടാകർ അറിയിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ