സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിൻ പ്രവാസി മലയാളികളുടെ ഓണാഘോഷം ''ഓണപ്പുലരി 2017'' മികവാർന്ന രീതിയിൽ സെപ്റ്റംബർ 9 ന് ലെറോറ്റോ സ്‌കൂൾ, ക്യൂൻവുഡ് പ്രിട്ടോറിയയിൽ നടന്നു. വിശിഷ്ടാതിഥികൾ നിറദീപം കൊളുത്തി കലാവിരുന്നിനു തുടക്കം കുറിച്ചു.

അതിമനോഹരമായ തിരുവാതിരകളിയും സിനിമാറ്റിക് ഡാൻസ്, സ്‌കിറ്റ്, ഓണപ്പാട്ടുകൾ തുടങ്ങിയവയും കുട്ടനാടൻ ഓർമ്മകളെ അനുസ്മരിപ്പിക്കുന്ന വഞ്ചിപ്പാട്ടും മലയാളികൾക്കു നല്ലൊരു ദൃശ്യാനുഭവമായിരുന്നു.

ഓലക്കുടയുമായി മാവേലി തമ്പുരാന്റെ രംഗപ്രവേശനവും രുചിഭേദങ്ങളോടു കൂടിയ ഓണസദ്യയും ഓണാഘോഷത്തിന്റെ തനിമ ഉണർത്തി. പ്രായഭേദമന്യേയുള്ള കായിക മത്സരങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും വാശിയേറിയ വടംവലി മത്സരങ്ങളും കാണികളെ ആവേശഭരതരാക്കി.

സമ്മാന ദാനങ്ങളോടു കൂടിയ ഓണാഘോഷങ്ങൾക്ക് രക്ഷാധികാരിസൺലി ജോർജ് കൃതജ്ഞത പ്രകാശിപ്പിച്ചു കൊണ്ടു പര്യവസാനിച്ചു. വരും വർഷങ്ങളിൽ കെങ്കേമമായി പരിപാടികൾ അണിയിച്ചൊരുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. നിറപറയും നിലവിളക്കും ഓണത്തപ്പനും അത്തപ്പൂക്കളവുമെല്ലാം ഓർമ്മയിലെന്നും നിലനിൽക്കുന്ന ഒരു സുദിനം സമ്മാനിച്ചു.