മലപ്പുറം : അരീക്കോട് പീഡനക്കേസിൽ പുത്തൻ വഴിത്തിരിവ്. 12കാരിയായ കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ലോക്കൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കേസ് പുതിയ അന്വേഷണ സംഘത്തെ ഏൽപ്പിച്ചതോടെ ഒരാൾ പിടിലായിരിക്കുകയാണ്. പെൺകുട്ടിലെ പീഡിപ്പിച്ച പ്രതി ഹാരിസിനെ (32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സംഭവ ശേഷം ഖത്തറിലേക്ക് കടന്നിരുന്നു. ഇവിടെ നിന്നും കേരളത്തിലേക്ക് തിരികെ വരുന്നതിനിടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ചാണ് ഹാരിസ് പിടിയിലാകുന്നത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. ഈ വർഷം മാർച്ചിലാണ് സംഭവം.

ഹാരിസിനൊപ്പം തന്നെ കേസിൽ പ്രതിയായ മറ്റൊരാൾ കൂടി പിടിയിലാകാനുണ്ട്. ഡിവൈഎസ്‌പി മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി ചൈൽഡ്ലൈനിന്റെ കൗൺസലിങ്ങിലാണു വിവരം തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. കടുത്ത രാഷ്ട്രീയ, ഉദ്യോഗസ്ഥ സമ്മർദത്തിനു വഴങ്ങി അരീക്കോട് പൊലീസ് അന്വേഷണം വൈകിക്കുകയായിരുന്നുവെന്നാണ് ആരോപണം.

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് സ്‌കൂളിൽ പരീക്ഷയെഴുതാൻ പോയ കുട്ടിയെ ബന്ധുക്കൾ ഇറക്കിക്കൊണ്ടുപോകുകയും മാനസികാരോഗ്യവിദഗ്ധനെ കാണിക്കുകയും ചെയ്തത് മൊഴിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണെന്ന ആരോപണം ശക്തമായിരുന്നു.
ഉന്നതതല ഇടപെടൽ ഉണ്ടായതോടെയാണ് കുട്ടിയെ തിരികെയെത്തിച്ചത്.

അതിനിടെ, അന്വേഷണം അവസാനിപ്പിക്കാൻ ജില്ലാ പൊലീസ്, ഐജി എം.ആർ.അജിത്കുമാറിന് റിപ്പോർട്ട് നൽകി. സംഭവം വാർത്തയായതോടെ, റിപ്പോർട്ട് തള്ളിയ ഐജി പുതിയ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിനിടെ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ബാലലൈംഗികാതിക്രമം തടയൽ  ആക്ട് അനുസരിച്ച് ഈ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 300 കടന്നു. ഒക്ടോബറിൽ മാത്രം 45 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. അതിൽ പകുതിയിലധികവും കൊണ്ടോട്ടിയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ടാണ്.