നൽഗൊണ്ട: ഗർഭിണിയായ ഭാര്യയ്ക്ക് മുന്നിൽ വച്ച് 24കാരനായ എൻജിനീയറെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സംഭവത്തിൽ ബീഹാറിൽ നിന്നും കൊലയാളിയെ അറസ്റ്റ് ചെയ്‌തെന്നും കൃത്യം നടത്താനായി നെൽഗൊണ്ടയിൽ നിന്നുള്ള ചിലർ ഐഎസ്‌ഐ ബന്ധമുള്ള വാടക കൊലയാളിയെ വരുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഒരു കോടി രൂപയാണ് ഇവർക്കു വാഗ്ദാനം ചെയ്തിരുന്നത്. 18 ലക്ഷം രൂപ മുൻകൂർ നൽകി.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി ഹരേൺ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശേഷം മോചിപ്പിച്ചയാൾക്കും സംഭവത്തിൽ പങ്കുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവ എൻജിനീയറായ പെരുമല്ല പ്രണയ് കുമാറും ഭാര്യ അമൃതവർഷിണിയും ആശുപത്രിയിൽനിന്നു മടങ്ങുമ്പോൾ കൊലയാളി പ്രണയിനെ വടിവാളിനു വെട്ടികൊലപ്പെടുത്തിയത്. പിതാവ് മാരുതി റാവുവും അമ്മാവൻ ശ്രാവൺ റാവവുമാണ് കൊലയ്ക്കു പിന്നിലെന്ന് അമൃത ആരോപിച്ചിരുന്നു.

ഗർഭം അലസിപ്പിച്ച് കാര്യങ്ങൾ ശാന്തമാകും വരെ ഏതാനും വർഷം കാത്തിരിക്കാൻ പിതാവ് ആവശ്യപ്പെട്ടിരുന്നതായി അമൃത വർഷിണി വെളിപ്പെടുത്തി. തന്റെ പിതാവിന് ചില ദുഷ്ടചിന്തകൾ ഉണ്ടായിരുന്നു. എന്നാൽ ഭർത്താവിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തുമെന്നു തീരെ പ്രതീക്ഷിച്ചിരുന്നില്ല. - അമൃത വർഷിണി പറഞ്ഞു.

ഇതിനിടെ, വിവാഹത്തിന് ആഴ്ചകൾക്കു ശേഷം അമൃത സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയാണ് അമൃതയുടെ പിതാവിന്റെ ദേഷ്യം ഇരട്ടിയാക്കിയതെന്നും റിപ്പോർട്ടുണ്ട്. അമൃത പോസ്റ്റ് ചെയ്ത വിഡിയോയേക്കാൾ ലൈക് പ്രണയ്യുടെ കൊലപാതകത്തിന്റെ വിഡിയോക്കു ലഭിക്കുമെന്ന് അമൃതയോട് പിതാവ് പറഞ്ഞതായി പ്രണയ്യുടെ ഒരു ബന്ധുവിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

എസ്‌സി വിഭാഗത്തിൽപെട്ട പ്രണയ് തന്റെ മകളെ വിവാഹം കഴിച്ചത് അംഗീകരിക്കാൻ കഴിയാതെ അമൃതയുടെ പിതാവാണ് കൊലയാളി സംഘത്തെ നിയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹൈദരാബാദിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നതും തുടർന്നു കുടുംബത്തിന്റെ എതിർപ്പിനെ മറികടന്ന് വിവാഹിതരായതും. പിന്നീട് ഇവരെ അംഗീകരിച്ച പ്രണയ്യുടെ കുടുംബം വിവാഹസൽക്കാരം നടത്തുകയും ചെയ്തു. ഇതിന്റെ ഫോട്ടോ അമൃത ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതും പിതാവിനെ രോഷാകുലനാക്കി.

തന്റെ മകളും ദലിത് ക്രിസ്ത്യാനിയായ കുമാറും തമ്മിലുള്ള വിവാഹം വർഷിണിയുടെ പിതാവായ തിരുനഗരി മാരുതി റാവുവിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ജാതിയായ വൈശ്യ വിഭാഗത്തിൽപ്പെട്ട റാവു വാടക കൊലപാതികകളുടെ സഹായത്തോടെ കുമാറിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

റാവു, സഹോദരൻ ശ്രാവൺ, സുഹൃത്തായ അബ്ദുൾ കരീം എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കോൺഗ്രസിന്റെ പ്രാദേശിക നേതാവായ കരീമിന്റെ സഹായത്തോടെയാണ് റാവു കൊലപാതികളെ ഏർപ്പെടുത്തിയതെന്നാണ് നിഗമനം. കൊലപാതകത്തെ കുറിച്ച് നിർണായകമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമായ ചിത്രം ഉടൻ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ, ഭർത്താവിന്റെ വീട്ടുകാരോടൊപ്പം തുടർ ജീവിതം കഴിക്കാനാണ് തീരുമാനമെന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകില്ലന്നും അമൃത വർഷിണി വ്യക്തമാക്കി. എന്തു സംഭവിക്കുമെന്ന ഭീതിയുണ്ടെങ്കിലും വർഷിണിയെ ജീവിതാവസാനം വരെ സംരക്ഷിക്കുമെന്ന് കുമാറിന്റെ പിതാവ് പെരുമല്ല ബാലസ്വാമി പറഞ്ഞു.

മനുഷ്യത്വത്തിനു മുന്നിൽ ജാതി തോറ്റു പിന്മാറുമെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുമാറിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം മതം ഒരു പ്രശ്‌നമായിരുന്നില്ലെന്നും തനിക്ക് സുഖമില്ലാത്തതിനാൽ കുമാർ തന്നെയാണ് തനിക്കു വേണ്ടി ഗണേശ പൂജ ചെയ്തതെന്നും വർഷിണി പറഞ്ഞു.