കൊച്ചി: കൊറിയർ വഴി 200 കോടി വിലവരുന്ന മയക്കുമരുന്നു കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. കണ്ണൂർ സ്വദേശിയും ചെന്നൈയിൽ സ്ഥിര താമസക്കാരനുമായ പ്രശാന്ത് കുമാർ എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ ചെന്നൈ സ്വദേശിയായ അലി എന്നൊരാളെ പിടികൂടാനുണ്ടെന്നും കമ്മിഷണർ അറിയിച്ചു. കൊച്ചി വഴി ഇതിനു മുമ്പ് ഒരു തവണ മയക്കു മരുന്ന് കടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

ചെന്നൈയിലെ പ്രവീൺ ട്രാവൽസ് മുഖേന കേരളത്തിലെത്തിച്ച മയക്കു മരുന്ന് എംജി റോഡിലെ കൊറിയർ കേന്ദ്രത്തിലൂടെ വിദേശത്തേക്കു കടത്താനായിരുന്നു ശ്രമം. രാജ്യാന്തര വിപണിയിൽ ഗ്രാമിന് 65,000 രൂപ വിലയുള്ള 30 കിലോ മയക്കുമരുന്നാണ് കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം പിടികൂടിയത്. എക്സ്റ്റസി എന്ന വിളിപ്പേരുള്ള എംഡിഎംഎ എന്ന മയക്കു മരുന്നാണ് എക്‌സൈസ് പിടികൂടിയത്. ചെന്നൈയിൽ നിന്നും ഈ ലഹരി മരുന്ന് സാരികൾ എന്ന വ്യാജേന എട്ടു കെട്ടുകളാക്കിയാണ് ചെന്നൈയിലെ പ്രവീൺ ട്രാവൽസ് മുഖേന കൊച്ചി എംജി റോഡിലെ ഗോഡൗണിൽ എത്തിച്ചത്.

കൊച്ചിയിൽ നിന്നും വേൾഡ് വൈഡ് എന്ന കൊറിയർ കമ്പനി വഴി മലേഷ്യയിലേക്കു കടത്താനായിരുന്നു പ്രതീകളുടെ നീക്കം. എന്നാൽ മലേഷ്യയിലെ അഡ്രസ് നൽകാതിരുന്നതും കൊറിയർ കമ്പനി ജീവനക്കാർക്കു സംശയം തോന്നിപ്പിച്ചതോടെയാണു വൻ മയക്കു മരുന്ന് വേട്ടയ്ക്ക് കളമൊരുക്കിയത്. ഇതിൽ സംശയം തോന്നിയ കൊറിയർ കമ്പനിക്കാർ എക്‌സൈസ് ഓഫിസിൽ വിവരം കൈമാറുകയായിരുന്നു. മദ്രാസിൽനിന്നു നേരിട്ട് അയയ്ക്കാവുന്ന വിലകുറഞ്ഞ സാരികൾ എന്തിനു കൊച്ചിയിൽ എത്തിക്കുന്നു എന്ന സംശയവും പ്രതികളെ കുടുക്കുന്നതിനു വഴിയൊരുക്കി.

കഴിഞ്ഞ ദിവസം എക്‌സൈസ് മയക്കുമരുന്നു പിടികൂടിയതോടെ പ്രതികൾ ഒളിവിൽ പോയിരുന്നു. തുടർന്ന് കേന്ദ്ര എക്‌സൈസ്, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, സ്‌പെഷൽ ബ്രാഞ്ച് തുടങ്ങിയവയുടെ സഹായത്തോടെ പ്രശാന്ത് എന്നയാളെപ്പറ്റിയുള്ള വിവരം ലഭിക്കുകയും പിടികൂടുകയുമായിരുന്നു. വിലകുറഞ്ഞ സാരികൾ എന്നു പറഞ്ഞ് നേരത്തെയും ഇവർ കൊച്ചി വഴി മയക്കു മരുന്ന് മലേഷ്യയിലേക്ക് കടത്തിയിരുന്നതായും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പിടിയിലായ പ്രശാന്ത് കുമാർ സഹപാഠി സുബൈർ എന്നയാൾ വഴി പരിചയപ്പെട്ട അലി എന്നയാളോടൊപ്പം ചേർന്നായിരുന്നു ഇടപാടുകൾ നടത്തിയത്. അന്ന് ഇവർ കൊച്ചിയിൽ താമസിച്ചാണ് മരുന്ന് മലേഷ്യയിലേക്കു കടത്തിയതെന്നും ഇയാൾ പൊലീസുകാരോട് വെളിപ്പെടുത്തി.

എക്‌സൈസ് ഇൻസ്പക്ടർ ശ്രീരാഗ്, പ്രിവന്റീവ് ഓഫിസർ സത്യനാരായണൻ എന്നിവർ ചെന്നൈയിലെത്തി പ്രതിയെ പിടൂകടി കേരളത്തിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. കേരളത്തിൽ ഇവർക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയ്ക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും പ്രതികളെ പിടികൂടിയ സംഘത്തിനും ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അറിയിച്ചു.

കൊച്ചിയിൽ നടന്ന വൻ മയക്കു മരുന്നു വേട്ടയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ പാർസൽ സർവീസ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 850 ഗ്രാം എംഡിഎംഎയും പത്തനംതിട്ടയിൽ 270 ആംപ്യൂളുകളും 3000 ലഹരി മരുന്നുകളും കണ്ടെത്തിയിരുന്നു. ഇന്നലെ ആലപ്പുഴയിൽ നിന്ന് 60000 ആംപ്യൂളുകളും എക്‌സൈസ് പിടികൂടി. ഡ്രഗ് ഇൻസ്പക്ടർമാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 27 മെഡിക്കൽ ഷോപ്പുകൾ അടപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇന്റർനെറ്റിലൂടെ മദ്യഓഫർ പരസ്യം നൽകിയ നാല് ഹോട്ടലുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.