- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി പേർക്ക് വാക്സിൻ; വാക്സിനേഷൻ കാര്യക്ഷമമാക്കാൻ സർക്കാർ; നിർമ്മാതാക്കളിൽ നിന്ന് കൂടുതൽ ഡോസ് ആവശ്യപ്പെടും; പ്രാഥമിക നടപടികൾ ആരംഭിച്ചു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജൂലൈ പകുതി അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യം മുതൽ പ്രതിദിനം ഒരു കോടി ആളുകൾക്ക് കുത്തിവയ്പ് നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ദിവസേനയുള്ള കുത്തിവയ്പ്പുകൾ എങ്ങനെ വർധിപ്പാക്കാമെന്നതിനേക്കുറിച്ച് സർക്കാർ വൃത്തങ്ങൾ ചർച്ചകൾ നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.
'ഓഗസ്റ്റ് മാസത്തോടെ നമുക്ക് പ്രതിമാസം 20-25 കോടി വാക്സിൻ ഡോസുകൾ ലഭിക്കും. മറ്റൊരു 5-6 കോടി ഡോസുകൾ മറ്റ് ഉൽപാദന യൂണിറ്റുകളിൽ നിന്നോ അല്ലെങ്കിൽ അന്തർദ്ദേശീയ വാക്സിൻ ഉത്പാദകരിൽനിന്നോ പ്രതീക്ഷിക്കുന്നു. പ്രതിദിനം ഒരു കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്' - കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ദേശീയ ടാസ്ക് ഫോഴ്സ് ചെയർപേഴ്സൺ എൻ.കെ അറോറ പറഞ്ഞു.
കോവിഷീൽഡ് നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കോവാക്സിൻ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക് എന്നിവരിൽനിന്ന് കൂടുതൽ വാക്സിനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ജൂലൈ പകുതി മുതൽ പ്രതിദിനം ഒരു കോടി വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റഷ്യയുടെ സ്പുട്നിക് വാക്സിന്റെ പ്രാദേശിക ഉൽപാദനവും ഉടൻ ആരംഭിക്കുന്നതിനാൽ ഇതും വലിയ അളവിൽ ലഭ്യമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഫൈസർ, മൊഡേണ വാക്സിനുകൾ ഇന്ത്യൻ മാർക്കറ്റിലെത്തിയാൽ ലഭ്യത ഇനിയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
സർക്കാർ നൽകുന്ന കണക്കുകൾ പ്രകാരം ഇതുവരെ 23 കോടി കോവിഡ് വാക്സിൻ ഡോസുകളാണ് വിവിധ സംസ്ഥാനങ്ങള്ൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വിതരണം ചെയ്തിട്ടുണ്ട്. സൗജന്യമായും സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങുന്നതുമടക്കം 23,18,36,510 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങള്ൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതിൽ പാഴായിപ്പോയതടക്കം 21,51,48,659 ഡോസുകളാണ് മൊത്തം ഉപഭോഗമെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ