മനാമ: കെ.എം.സി.സി. ബഹ്‌റൈൻ സൗത്ത് സോൺ കമ്മിറ്റി പ്രവാസി മലയാളികൾക്കായി ഏകദിന പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ ബി ബി കെ എൻ ആർ ഐ ബിസിനസ്സ് എന്നിവരുമായി സഹകരിച്ച് കൊണ്ട് 'എന്റെ ആരോഗ്യം എന്റെ സമ്പാദ്യം' എന്ന വിഷയത്തിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ജുഫൈർ എഞ്ചിനീയേഴ്‌സ് ഹാളിലാണ് ക്ലാസ്സ് നടക്കുക.

'വർദ്ധിച്ചു വരുന്ന പുകവലി ശീലം, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം അതുമൂലമുണ്ടാകുന്ന കാൻസർ ഉൾപ്പെടെയുള്ള മാരകമായ വിവിധ രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ, കൂടാതെ സാമ്പത്തിക അച്ചടക്കമില്ലായ്മ, മിതവ്യയശീലം, സമ്പാദ്യശീലം എന്നിവയെകുറിച്ച് പ്രവാസി മലയാളികളിൽ വേണ്ടത്ര അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

രണ്ട് സെഷനുകളിലായി നടക്കുന്ന ക്ലാസ്സിൽ പ്രമുഖ കാൻസർ രോഗവിദഗ്ധൻ ഡോ.വി പി ഗംഗാധരൻ, സാമൂഹ്യപ്രവർത്തകയും തൃശ്ശൂർ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടറുമായ ഉമാ പ്രേമൻ എന്നിവർ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ കാൻസർ-വൃക്ക സംബന്ധമായ രോഗങ്ങളെ കുറിച്ചും ശേഷം വൈകിട്ട് 5 മണി വരെ പ്രമുഖ സാമ്പത്തിക വിദഗ്ധൻ കെ.വി. ശംസുദ്ധീൻ പ്രവാസികളിലെ സാമ്പത്തിക അച്ചടക്കമില്ലായ്മ, മിതവ്യയശീലം, സമ്പാദ്യശീലം എന്നീ വിഷയങ്ങളിലും ക്ലാസ്സുകൾ നയിക്കും.

ബഹ്‌റൈനിൽ തന്നെ ആദ്യമായിട്ടാണ് മലയാളികൾക്കായി ഇത്തരത്തിൽ ഒരു പഠനക്ലാസ്സ് സംഘടിപ്പിക്കുന്നത്. ഇത് എല്ലാ പ്രവാസി മലയാളികളും ഏറെ പ്രയോജനം ലഭിക്കുന്ന ഒരു സംരംഭമായതിനാൽ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള ഈ പഠന ക്ലാസ്സ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകരായ കെ.എം.സി.സി ഭാരവാഹികൾ അഭ്യർത്ഥിച്ചു. രജിസ്‌ട്രേഷൻ രാവിലെ 8 മണി മുതൽ ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. മനാമയിൽ നിന്നും പ്രത്യേക വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് ഒരു കൈപുസ്തകവും പുറത്തിറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 39469798, 33530799,33884088.


കെ എം സി സി സംസ്ഥാന ഒര്ഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, സൗത്ത് സോൺ പ്രസിഡന്റ്  കെ.എം .സൈഫുദീൻ, ജനറൽ സെക്രട്ടറി പി.എച് .അബ്ദുൽ റഷീദ്, ട്രഷറർ തേവലക്കര ബാദുഷ, ഭാരവാഹികളായ അബ്ദുൽ ഖാദർ, ഷാനവാസ് കായംകുളം, ശിഫ അൽ ജസീറ മെഡിക്കൽ സെന്റർ മാർകറ്റിങ്ങ് മാനേജർ മൂസ അഹമദ്, ബി.ബി.കെ.എൻ.ആർ.ഐ.ബിസിനസ് പ്രതിനിധികളായ ലിജേഷ് ജനാർദ്ദനൻ, നീരജ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു