കൊച്ചി: കോവിഡ് ബാധിച്ചവർക്ക് പിന്നീട് ഒറ്റ ഡോസ് വാക്‌സീനിലൂടെ മികച്ച പ്രതിരോധശേഷി (ഹൈബ്രിഡ് ഇമ്യൂണിറ്റി) കൈവരിക്കാനാകുമെന്നു പഠന ഫലം. 2 ഡോസ് വാക്‌സീൻ എടുത്തവരിൽ വൈറസിനെ നിർവീര്യമാക്കാനുള്ള കഴിവ് 60% ആണെങ്കിൽ ഹൈബ്രിഡ് ഇമ്യൂണിറ്റിയുള്ളവരിൽ ഇത് 86.7 ശതമാനമാണ്. ഹൈബ്രിഡ് ഇമ്യൂണിറ്റി കൂടുതൽ കാലം നീണ്ടു നിൽക്കാമെന്നും ഇവർക്കു വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു.

അതിനാൽ തന്നെ വാക്‌സീൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇവരുടെ രണ്ടാമത്തെ ഡോസ് മറ്റുള്ളവർക്കു പ്രയോജനപ്പെടുത്താൻ കഴിയുമെന്നും പഠനത്തിനു നേതൃത്വം നൽകിയ കൊച്ചിയിലെ കെയർ ഹോസ്പിറ്റൽ ക്ലിനിക്കൽ ഇമ്യൂണോളജിസ്റ്റും റുമാറ്റോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണോയ് പറഞ്ഞു.കോവിഡ് വാക്‌സീൻ കുത്തിവയ്ക്കുന്നതിനു മുൻപ് ആന്റിബോഡി പരിശോധന നടത്തിയാൽ നേരത്തേ കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നു മനസ്സിലാക്കാം. അങ്ങനെയുള്ളവർക്ക് ഒരു ഡോസ് വാക്‌സീൻ നൽകിയാൽ മതിയാകും. ഇതുവഴി കോടിക്കണക്കിനു വാക്‌സീൻ ഡോസുകൾ ലാഭിക്കാമെന്നും ഡോ വ്യക്തമാക്കുന്നു.

30 പേർ വീതമുള്ള 4 ഗ്രൂപ്പുകളിലാണു (നേരത്തേ കോവിഡ് ബാധിച്ചവർ, ഒരു ഡോസ് വാക്‌സീൻ എടുത്തവർ, 2 ഡോസ് വാക്‌സീൻ എടുത്തവർ, കോവിഡ് ബാധിച്ച ശേഷം ഒരു ഡോസ് വാക്‌സീൻ എടുത്തവർ) പഠനം നടത്തിയത്. കോവിഡ് ബാധിച്ച ശേഷം ഒറ്റ ഡോസ് വാക്‌സീൻ എടുത്തവരിൽ രണ്ടു ഡോസ് വാക്‌സീൻ എടുത്തവരെക്കാൾ 30 മടങ്ങ് കൂടുതൽ ആന്റിബോഡി ഉണ്ടെന്നു പഠനത്തിൽ കണ്ടെത്തി. കോവിഷീൽഡ് എടുത്തവരിൽ ആണ് പഠനം നടത്തിയത്.