തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ രണ്ടാഴ്‌ച്ച പിന്നിടുമ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.ലോക്
ഡൗണിൽ ഇളവ് എന്നുകാണിച്ച് സർക്കാർ ഉത്തരവിറങ്ങി.എന്നാൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച മേഖലകൾക്ക് ഇളവുകൾ ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ഹോം ഡെലിവറി, ഓൺലൈൻ വിൽപന എന്നിവയ്ക്കായി ടെക്‌സ്‌റ്റൈൽ, ജൂവലറി ഷോറൂമുകൾ കുറച്ചു ജീവനക്കാരുമായി തുറക്കാമെന്ന് ഉത്തരവിൽ പറയുന്നു. വിവാഹ സംഘങ്ങൾക്ക് ഒരു മണിക്കൂർ വരെ ഷോറൂമുകൾ സന്ദർശിക്കാം.ഇതിനുപുറമെ ടാക്‌സ് കൺസൽറ്റന്റുമാർ, ജിഎസ്ടി പ്രാക്ടീഷണർമാർ എന്നിവർക്കു വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

പൈനാപ്പിൾ തോട്ടങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കു പണിയെടുക്കാം, ടെലികോം ടവർ ജോലികൾക്ക് അനുമതി, സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്നുള്ള തുക ഉപയോഗിച്ചു മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാം എന്നീ ഇളവുകളും ഉത്തരവിൽ പറയുന്നു.

അതേസമയം ട്രിപ്പിൾ ലോക്ഡൗൺ മേഖലകളിൽ ഇന്നു മുതൽ എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡോ, ലെറ്റർ ഹെഡോ ഉപയോഗിച്ച് ഓഫിസ്, സൈറ്റ് എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യാം.

എൻജിനീയർമാർ/ സൂപ്പർവൈസർമാർ ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ നിന്നു പാസ് അനുവദിക്കണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. നിർമ്മാണ മേഖലകളിൽ അതിഥിത്തൊഴിലാളികൾക്കു മാത്രമായിരുന്നു നേരത്തേ പ്രവേശനം അനുവദിച്ചിരുന്നത്.