ദുബായ്: ദെയ്‌റ ക്രീക്കിൽ നിർത്തിയിട്ടിരുന്ന മൂന്ന് പരമ്പരാഗത ബോട്ടുകളിൽ അഗ്‌നിബാധ ഉണ്ടായ സംഭവത്തിൽ ഒരാൾ ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ. സംഭവത്തിൽ വൻ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. ഇറാനിയൻ സ്വദേശിയായ റെഡാ കെന്ദ്രി എന്ന നാല്പതുകാരനാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നത്.

ഇറാനിലേക്ക് പോകാനായി ചരക്കു കയറ്റിയിരുന്ന ബോട്ടിലാണ് തീപിടിച്ചത്. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകളിലേക്ക് തീപടരാതിരിക്കാൻ ദുബായ്‌സിവിൽ ഡിഫൻസ് വിഭാഗം നന്നേപാടുപെട്ടു. രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

രണ്ട് ബോട്ടുകൾ തടി കൊണ്ടുണ്ടാക്കിയതും ഒന്ന് ഫൈബർ ഗ്ലാസിന്റേതുമാണ്. കാർഗോ ഇലക്ട്രിക്കൽ ഉപകരണങ്ങളും ഫുഡും മറ്റുമായിരുന്നു. ബോട്ടുകൾക്കുള്ളിൽ.

ബോട്ടുകളിൽ നിന്നുയർന്ന തീ വാർഫിന്റെ മറ്റു ഏരിയകളിലേക്കുകൂടി പടർന്നതായി ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ മേജർ ജനറൽ റാഷിദ് താനി അൽ മത് റൂഷി പറഞ്ഞു. വാർഫിൽ സൂക്ഷിച്ചിരുന്ന ചരക്കുകൾ അഗ്‌നിക്കിരയായിട്ടുണ്ട്. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല, ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നാലേ എന്താണ് സംഭവിച്ചതെന്ന് അറിയാനാകൂ.

അൽ റാസ്, പോർട് സഈദ്, ഹംരിയ, ഖിസൈസ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.