തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്‌പി ഹരികുമാറിന ഒളിവിൽ താമസിക്കാൻ സ്ഥലമൊരുക്കിയ ആളെ പൊലീസ് പിടികൂടി. ലോഡ്ജ് മാനേജരായ വ്യക്തിയെ ആണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. തമിഴ്‌നാട് തൃപ്പരപ്പിലെ ലോഡ്ജ് മാനേജർ സതീഷാണ് പിടിയിലായത്. ഹരികുമാറുമായി നേരത്തെ തന്നെ അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് സതീഷെന്നും പൊലീസ് കണ്ടെത്തി.

നെയ്യാറ്റിൻകരയിലെ സംഭവ ശേഷം രക്ഷപ്പെട്ട ഹരികുമാറും സുഹൃത്ത് ബിനുവും ആദ്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. പിന്നീട് സനലിന്റെ മരണം ഉറപ്പിച്ച ശേഷം തമിഴ്‌നാട്ടിലെ തൃപ്പരപ്പിലേക്ക് നീക്കി. ഇവിടെ വച്ച് സതീഷ് ഹരികുമാറിന് രണ്ട് സിം കാർഡുകൾ തരപ്പെടുത്തി നൽകി. ഈ സിം കാർഡുകൾ ഉപയോഗിച്ചാണ് ഹരികുമാർ അഭിഭാഷകരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടത്.എന്നാൽ സിം കാർഡുകൾ ഈ മാസം ഏഴിന് ശേഷം പ്രവർത്തിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സിമ്മിൽ നിന്നും വിളിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

സതീഷിന്റെ ലോഡ്ജിൽ നിന്നും ഹരികുമാർ മധുരയിലേക്ക് രക്ഷപ്പെട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതിനിടെ നെയ്യാറ്റിൻകര സനൽവധത്തിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഐ.ജിക്ക്. ഐ.ജി എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഐ.ജി തലത്തിലുള്ള അന്വേഷണം തന്നെ വേണമെന്ന് സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശ്രീജിത്തിനെ ഏൽപ്പിച്ചത്.

അതിനിടെ ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന് വേണ്ടി പൊലീസും - സർക്കാറും ഒത്തു കളിക്കുന്നു എന്നാണ് ആക്ഷേപം സജീവമായിരുന്നു. ഇകൊലപാതകം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി വൈകുണ്ഠസ്വാമി ധർമ്മ പ്രചാരണ സഭ (വി എസ്.ഡി.പി) രംഗത്തെത്തിയിരുന്നു. പ്രതിയായ ഡി.വൈ.എസ്‌പിയെ രക്ഷപ്പെടുത്താൻ പൊലീസ് അസോസിയേഷനും സിപിഎം നേതാക്കളും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് വി എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ ആരോപിച്ചു. ദൃക്സാക്ഷികളായ അഞ്ചിലധികം പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവം കണ്ടെന്ന് പറയുന്ന സാക്ഷികളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നില്ല. ഡി.വൈ.എസ്‌പിക്ക് അനുകൂലമായ മൊഴികൾ മാത്രം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം എംഎൽഎയെ കൂട്ടി മുഖ്യമന്ത്രിയെ കാണുകയും സനലിന്റെ ഭാര്യയുടെ അപേക്ഷ അദ്ദേഹത്തിന് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, യാതൊരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ല. നിലവിലെ അന്വേഷണ സംഘത്തിന്റെ പ്രവർത്തനം തൃപ്തികരമല്ല. മോശം ട്രാക്ക് റിക്കോർഡ് ഉള്ളവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങളെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

അതേസമയം നെയ്യാറ്റിൻകര ഡി.വൈ.എസ്‌പി ബി.ഹരികുമാറിനെതിരായി നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദ്ദേശവും ആഭ്യന്തരവകുപ്പ് അവഗണിച്ചുവെന്ന വിവരവും പുറത്തുവന്നു. വി എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ഐജി മനോജ് ഏബ്രഹാമാണ് ഡി.വൈ.എസ്‌പി സ്ഥാനത്ത് നിന്ന് ഹരികുമാറിനെ മാറ്റണമെന്ന് ശുപാർശ ചെയ്തത്. ഈ സംഭവത്തിൽ പരാതിക്കാരനെ കൂടി കേട്ട ശേഷം നടപടി സ്വീകരിക്കണമെന്ന് സെപ്റ്റംബറിൽ ഹൈക്കോടതി നിർദ്ദേശിച്ചും എന്നാൽ. ഈ നിർദ്ദേശം സർക്കാർ അവഗണിക്കുകയായിരുന്നു.

ഏപ്രിലിലാണ് ഹരികുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വി എസ്.ഡി.പി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ഹരികുമാറിന്റ അവിഹിത ബന്ധങ്ങൾ, കൂട്ടാളി ബിനുവുമായുള്ള ഇടപാടുകൾ ക്വാറി ഉടമകളിൽ നിന്നടക്കം കൈക്കൂലി വാങ്ങിയ സംഭവങ്ങൾ എന്നിവ അക്കമിട്ട് നിരത്തിയായിരുന്നു പരാതി. ഇക്കാര്യം വ്യക്തമായിട്ടും കാര്യമായ നടപടിയൊന്നും കൈക്കൊള്ളാൻ മേലുദ്യോഗസ്ഥർ തയ്യാറായില്ല. നടപടിയില്ലാതെ വന്നതോടെ വി എസ്.ഡി.പി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പരാതി മനോജ് ഏബ്രഹാം അന്വേഷിച്ച് റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്നാണ് സർക്കാർ അഭിഭാഷക കോടതിയെ അറിയിച്ചത്.

ഡി.വൈ.എസ്‌പിക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പിക്ക് കഴിയില്ലെന്നിരിക്കെ റിപ്പോർട്ട് ലോക്നാഥ് ബഹ്റ ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. ഹരികുമാറിനെതിരെ ഇതിന് മുൻപും പിന്നാലെയുമായി വന്ന മൂന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളും രാഷ്ട്രീയ സമർദം കാരണം ആഭ്യന്തരവകുപ്പ് തള്ളുകയായിരുന്നു.