ഡബ്ലിൻ: ജലവിതരണത്തിലെ അപാകത മൂലം പത്തുലക്ഷത്തോളം വീടുകളിലേക്കുള്ള ശുദ്ധ ജലം മലിനപ്പെട്ടതായി മുന്നറിയിപ്പ്. ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലെ ശ്രദ്ധയില്ലായ്മ, അപകടകാരികളായ ഇ-കോളി പോലെയുള്ള ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിലുള്ള വിട്ടുവീഴ്ച തുടങ്ങിയ കാരണങ്ങളാൽ രാജ്യത്തെ പത്തുലക്ഷത്തോളം വീടുകളിലേക്കുള്ള കുടിവെള്ളം മലിനപ്പെട്ടതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) ജനങ്ങൾക്കു മുന്നറിയിപ്പുമായി രംഗത്തെത്തി.

കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ കൈകാര്യം ചെയ്യുന്നതിൽ അധികാരികൾ വിട്ടുവീഴ്ച ചെയ്തുവെന്നും ഇ-കോളി, ക്രിപ്‌റ്റോസ്‌പൊറിഡിയം പോലെയുള്ള അപകടകാരികളായ ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിൽ അലംഭാവം കാട്ടിയെന്നുമാണ് ഇപിഎ ആരോപിക്കുന്നത്. കൂടാതെ ജലവിതരണം നടത്തുന്ന പൈപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി പുതിയവ സ്ഥാപിക്കണമെന്നും ഇപിഎ ആഹ്വാനം ചെയ്യുന്നു.

കുടിവെള്ളത്തിൽ സംഭവിച്ചിരിക്കുന്ന മലിനപ്പെടൽ 140,000 വീടുകളിലുള്ളവരെ ബാധിക്കുമെന്നും പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിന് ഇത് ഭീഷണി ഉയർത്തുന്നുവെന്നും റിപ്പോർട്ടുണ്ട്. കെറിയിലുള്ള 30 പ്ലാന്റുകൾ  ഉടൻ തന്നെ അപ്‌ഗ്രേഡ് ചെയ്യണമെന്നും വിക്ലോയിലുള്ള 13 പ്ലാന്റുകളും റോസ്‌കോമണിലുള്ള 11 എണ്ണവും ഡൊണീഗൽ, ഗാൽവേയിൽ പത്ത് പ്ലാന്റുകൾ വീതവും അപ്‌ഗ്രേഡ് ചെയ്യേണ്ടവയാണെന്നും ഇപിഎ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കെറി, വിക്ലോ, ഡൊണീഗൽ, ഗാൽവേ മേഖലയിലുള്ളവർ കുടിവെള്ളം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കഴിവതും തിളപ്പിച്ചു കുടിക്കാനും നിർദേശമുണ്ട്.