ബെർലിൻ: യൂറോപ്പിൽ ഏറ്റവും കൂടുതൽ അഭയാർഥികളെ സ്വീകരിച്ചുവെന്ന ഖ്യാതി നേടിയ ജർമനിയിൽ ഇതുവരെ എത്തിയ അഭയാർഥികളുടെ എണ്ണം പത്തു ലക്ഷത്തിലെത്തുന്നു. 2015 അവസാനിക്കാൻ മൂന്ന് ആഴ്ച കൂടി ബാക്കി നിൽക്കവേ എടുത്ത കണക്കെടുപ്പിലാണ് ഈ വർഷെ എത്തിയ അഭയാർഥികളുടെ എണ്ണം പത്തു ലക്ഷമെത്തിയതായി തെളിഞ്ഞത്.

ഔദ്യോഗകമായി രേഖപ്പെടുത്തിയ കണക്കാണ് ഇതെങ്കിലും യഥാർഥത്തിൽ അഭയാർഥികളുടെ എണ്ണം ഇതിലും ഏറെയായിരിക്കാണെന്നാണ് കണക്കാക്കുന്നത്. എട്ടു ലക്ഷം അഭയാർഥികളെ ജർമനി ഈ വർഷം സ്വീകരിക്കുമെന്നാണ് ചാൻസലർ ഏഞ്ചല മെർക്കർ വ്യക്തമാക്കിയിരുന്നത്. അതേസമയം എല്ലാ പ്രവചനങ്ങളേയും കാറ്റിൽ പറത്തി നവംബർ മാസത്തിൽ തന്നെ രണ്ടു ലക്ഷത്തിലധികം അഭയാർഥികൾ രാജ്യത്ത് എത്തി.

എന്നാൽ രാജ്യത്ത് എത്തിച്ചേർന്ന അഭയാർഥികളുടെ കൃത്യമായ കണക്ക് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണ് നിലനിൽക്കുന്നത്. സർക്കാരിന്റെ കണക്കിൽ നിന്നു വ്യത്യസ്തമായി ഏത്രയോ ഏറെയായിരിക്കും രാജ്യത്തെത്തിയ അഭയാർഥികളുടെ എണ്ണെന്ന് ചിലർ പറയുമ്പോൾ, അഭയാർഥികളായി എത്തിയവർ പല തവണ രജിസ്റ്റർ ചെയ്യുന്നതിനാൽ എണ്ണം ഇതിലും കുറയുമെന്ന് മറ്റു ചിലർ വാദിക്കുന്നു.

അഭയാർഥികളുടെ ഒഴുക്ക് ഇനിയും തുടരുന്നതിനാൽ ആഴ്ചകൾ എടുത്തു വേണം അഭയാർഥികളുടെ കണക്ക് തയാറാക്കാൻ എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ വർഷം യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടുതൽ അഭയാർഥികളെ രജിസ്‌ററർ ചെയ്തിരിക്കുന്ന രാജ്യം ജർമനി തന്നെയാണ്. എന്നാൽ, ജനസംഖ്യാ അനുപാതികമായി പല ചെറുരാജ്യങ്ങളും കൂടുതൽ ആളുകളെ രജിസ്‌ററർ ചെയ്തിട്ടുണ്ട്. ഇപ്പോഴും ജർമൻ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രമാണ് അഭയാർഥികളുടെ എണ്ണം.