ദോഹ: ഈ വർഷം ആദ്യമായി രാജ്യത്തുകൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതായി പബ്ലിക് ഹെൽത്ത് മിനിസ്ട്രി. അറുപത്തിരണ്ടുകാരനായ വിദേശിക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇയാൾ ചികിത്സയിലാണിപ്പോൾ. കൊറോണ വൈറസ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ പിന്നെ ഇതുവരെ 19 പേർക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഏഴു പേർ മരിക്കുകയും ചെയ്തു.

നിലവിൽ രോഗബാധിതനായ ആൾക്ക് കടുത്തപനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ലാബ് പരിശോധനയിലാണ് ഇയാൾക്ക് കൊറോണ വൈറസ് പിടിപെട്ടതായി കണ്ടെത്തിയത്. അതേസമയം ഏതാനും ആഴ്ചകളായി ഇയാൾ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്നും പറയപ്പെടുന്നു.

കൊറോണ വൈറസ് പിടിപെട്ടതായി ഏതെങ്കിലും വിധത്തിൽ സംശയം തോന്നുന്നവർ 66740951, 66740948 എന്നീ നമ്പരുകളിൽ ബന്ധപ്പെടാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാണ്.