തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചതാണ് ഇക്കാര്യം. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് 38-കാരനായ ഡോക്ടർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതുകൂടാതെ ഇന്ന് പൂന്തുറ സ്വദേശിക്കും (35) ശാസ്തമംഗലം സ്വദേശിനിക്കും (41) സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 22 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച മുതലാണ് മെഡിക്കൽ കോളേജിൽ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്. അതിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബാക്കി 13 പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.

ജില്ലാ മെഡിക്കൽ ഓഫീസറോട് സ്ഥലം സന്ദർശിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക. കൊതുകു കടിയിൽ നിന്നും രക്ഷനേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. അതിനാൽ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കണം. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശിച്ചിരുന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അവരുമായി സമ്പർക്കത്തിൽ വന്നവർക്കും പിന്നീട് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.

പാറശ്ശാല സ്വദേശിനിയായ ഗർഭിണിയായ യുവതിയിലാണ് ആദ്യം സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ പേരിൽ വൈറസ് ബാധ കണ്ടെത്തിയത്.