വിർജീനിയ: അമേരിക്കയിൽ ഒരു ക്രിസ്ത്യൻ ദേവാലയംകൂടി മതം മാറുന്നു. വിർജീനിയ പോർട്സ്മൗത്തിലെ പള്ളിയാണ് മതം മാറി ഹിന്ദു ക്ഷേത്രമാകാൻ ഒരുങ്ങുന്നത്. സ്വാമിനാരായൺ ഹിന്ദുക്ഷേത്രമായാണ് പള്ളിയുടെ മതംമാറ്റം. 30 വർഷം പഴക്കമുള്ള ഈ പള്ളി കൂടി ക്ഷേത്രമാകുന്നതോടെ ഇതുവരെ ആറാമത്തെ ക്രിസ്ത്യൻ പള്ളിയാണ് അമേരിക്കയിൽ ക്ഷേത്രമായി മാറുന്നത്. ലോകത്താകെ ഒമ്പതാമത്തെ പള്ളിയുമാണ് സ്വാമിനാരായൺ ക്ഷേത്രമായി മാറുന്നത്. ക്ഷേത്രത്തിന്റെ പൂജാകർമ്മങ്ങളും വിഗ്രഹപ്രതിഷ്ഠയും വൈകാതെയുണ്ടാകും.

അഹമ്മദാബാദിലെ മണിനഗറിലുള്ള സ്വാമിനാരായൺ ഗഡി സൻസ്താൻ ആണ് ഈ പള്ളികൾ വിലയ്ക്കു വാങ്ങി ക്ഷേത്രമാക്കുന്നത്. അഞ്ച് ഏക്കറിൽ 18,000 ചതുരശ്ര അടിയാണ് പള്ളി. 150 ഓളം കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഇവിടെ. 16ലക്ഷം ഡോളർ ചെലവിട്ടാണ് ഈ പള്ളി അന്ന് നിർമ്മിച്ചതെന്നാണ് കണക്ക്.

അമേരിക്കയിലെ നിരവധി നഗരങ്ങളിലാണ് പള്ളികൾ ക്ഷേത്രങ്ങളായി പരിണമിച്ചിട്ടുള്ളത്. വിർജീനിയ കൂടാതെ കാലിഫോർണിയ, ലൂസിവില്ലെ, പെൻസിൽവാനിയ, ലോസ് ആഞ്ചലസ്, ഒഹായോ എന്നിവിടങ്ങളിലെയും പള്ളികൾ ക്ഷേത്രമായി മാറിയിട്ടുണ്ട്. യു.കെയിൽ ലണ്ടനിലും മാഞ്ചെസ്റ്ററിലെ ബോൾട്ടണിലും രണ്ട് പള്ളികൾ ക്ഷേത്രമായി പരിവർത്തനം ചെയ്തിട്ടുണ്ട്. കാനഡയിലെ ടൊറോന്റോയിൽ 125 വർഷം പഴക്കമുള്ള പള്ളിയാണ് ക്ഷേത്രമായത്.

മറ്റൊരു വിശ്വാസത്തിലെ ആരാധനാലയം ആയിരുന്നതിനാൽ പോർട്സ്മൗത്തിലെ പള്ളിയിൽ കാര്യമായ പൊളിച്ചുപണി വേണ്ടിവരില്ലെന്ന് സൻസ്താൻ അധ്യക്ഷൻ ഭഗ്വത്പ്രിയദാസ് സ്വാമി പറയുന്നു. വിർജീനിയയിലെ ഹരിഭക്തർക്കു വേണ്ടിയുള്ള ആദ്യ ക്ഷേത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.