അബുദാബി: അബുദബിയിൽ വിദേശികളുടെ താമസത്തിന് കർശന മാനദണ്ഡം പുറത്തിറക്കി നഗരസഭ രംഗത്തെത്തി. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ കർശന പരിശോധന ആരംഭിക്കാൻ അധികൃതർ പദ്ധതികളാവിഷ്‌കരിച്ചു. ഇതുസംബന്ധിച്ച് കെട്ടിട ഉടമകൾക്കും വാടകക്ക് നൽകുന്ന റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും നഗരസഭ താക്കീത് നൽകി. കെട്ടിടങ്ങളിലെ ഓരോ ഫ്ളാറ്റുകളിലും വില്ലകളിലും ഒരു കുടുംബത്തിന് മാത്രമേ താമസിക്കാൻ അനുവാദ മുണ്ടായിരികുകയുള്ളൂ.

ബാച്‌ലർക്ക് താമസിക്കാൻ അനുവദിക്കപ്പെട്ട കെട്ടിടങ്ങളിൽ ഒരു മുറിയിൽ മൂന്നു പേരിൽ കൂടുതൽ താമസിക്കാൻ പാടില്ല. ഇരിപ്പു മുറികൾ, തീന്മുറികൾ, ഇടനാഴികൾ, അനധികൃതമായി കൂട്ടിച്ചേർത്ത മുറികൾ എന്നിവ കിടപ്പു മുറികളായി അംഗീകരിക്കുന്നതല്ല.

അത്തരം സ്ഥലങ്ങൾ താ മസ യോഗ്യമായിരിക്കില്ലെന്നും നഗരസഭ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് കൂടുതൽ പേർ താമസിക്കുന്നതായി കണ്ടെത്തിയാൽ വൻ തുക പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമ ലംഘകർക്ക് 10,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. 2011ൽ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച് താമസക്കാർ, കെട്ടിട ഉടമകൾ, ഇടനിലക്കാർ എന്നിവരെല്ലാം പിഴ അടക്കാൻ ബാധ്യസ്ഥരാണ്. അനുമതി കൂടാതെ കെട്ടിടങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് ഒരുലക്ഷം മുതൽ രണ്ടു ലക്ഷം വരെ പിഴ ഈടാക്കുമെന്ന് നിയമം അനുശാസിക്കുന്നുണ്ട്.

നഗരസഭ അംഗീകരിക്കുകയും വാടകക്ക് നൽകുന്നതിന് അനുമതി നൽകുകയും ചെയ്ത സ്ഥലങ്ങളിൽ മാത്രമാണ് വിദേശികൾക്ക് വാടകക്ക് താമസിക്കാൻ അനുവാദമുണ്ടായിരി ക്കുകയുള്ളൂ. ഇവയുടെ കരാറുകൾ നഗരസഭയിൽ നിന്നും കൃത്യമായി രജിസ്റ്റർ (തൗതീഖ്) ചെയ്തവയായിരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, കമ്പനികൾ, സ്‌കൂളുകൾ തുടങ്ങി എല്ലാ തരംസ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്ക് താമസ സൗകര്യം ഏർപ്പെടുത്തുകയും നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
കെട്ടിട ഉടമകൾ, വാടകക്കാർ, നിക്ഷേപകർ എന്നിവർ അബുദാബി എമിറേറ്റിൽ കർശനമാക്കിയ താമസ നിയമം പാലിക്കാൻ നിർബന്ധിതരാണെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു.

അബുദാബി സിറ്റി, അൽബതൻ, അൽ വത്ബ, അൽഷഹാമ, മുസഫ എന്നീ  നഗരസഭ ഓഫീസുകളുടെ നേതൃത്വത്തിലാണ് കർശനമായ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുള്ളത്. വരുംദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.