പാലക്കാട്: തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാൻ തുരങ്കത്തിലെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എംഎ‍ൽഎമാർ എന്നിവരുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് തീരുമാനം. സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് സർക്കാർ ഇത്തരം ഇടപെടലുകൾ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കോങ്ങാട് നിയോജക മണ്ഡലത്തിലെ കുണ്ടുകണ്ടം എഴുത്തോംപാറ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എഴുത്തോംപാറ പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ജനങ്ങൾക്ക് മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിന് വളരെ വലിയ സമയലാഭം ഉണ്ടാകും. കാർഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഇതുമൂലം നേട്ടങ്ങൾ ഉണ്ടാകും. എഴുത്തോംപാറ പാലം യാഥാർത്ഥ്യമാക്കുന്നതിനായി പ്രയത്‌നിച്ച മുൻ എംഎ‍ൽഎ കെ.വി വിജയദാസിനെ മന്ത്രി അനുസ്മരിച്ചു. കിഫ്ബിയിൽ നിന്നും ഏട്ട് കോടി രൂപയാണ് പാലത്തിനായി അനുവദിച്ചിരിക്കുന്നത്. കോങ്ങാട് നിയോജക മണ്ഡലം എംഎ‍ൽഎ അഡ്വ.കെ ശാന്തകുമാരി അധ്യക്ഷയായി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുണ്ടുകണ്ടം കെ.വി വിജയദാസ് നഗറിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം പി. മൊയ്തീൻകുട്ടി, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു