- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരാനിൽ ഒരു തുരങ്കത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തിയാക്കും എന്നാവർത്തിച്ച് കരാർ കമ്പനി; തുരങ്കപാതയെക്കുറിച്ചുള്ള ഇപ്പോഴത്തെ ഹർജികൾ രാഷ്ട്രീയ താൽപ്പര്യത്തോടെയാണെന്ന് ദേശീയ പാത അഥോറിറ്റിയും
കൊച്ചി: കുതിരാൻ തുരങ്കപാതയിൽ ഒരു തുരങ്കത്തിന്റെ നിർമ്മാണം മാർച്ച് 31 നകം പൂർത്തിയാക്കും എന്നാവർത്തിച്ച് കരാർ കമ്പനി. പാലക്കാട്-തൃശ്ശൂർ ദേശീയ പാതയിൽ പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള വലത് ഭാഗത്തെ തുരങ്ക നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കമ്പനി ഹൈക്കോടതിയെ അറിയിച്ചത്. ചീഫ് വിപ്പ് കെ രാജൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കരാർ കമ്പനിയുടെ ഉറപ്പ്.
എന്നാൽ സമയ ബന്ധിതമായി മുഴുവൻ ജോലിയും കരാർ കമ്പനിക്ക് പൂർത്തിയാക്കാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ടെന്ന് ദേശീയപാത വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. തുരങ്കപാതയെക്കുറിച്ചുള്ള ഇപ്പോഴത്തെ ഹർജികൾ രാഷ്ട്രീയ താൽപ്പര്യത്തോടെയാണെന്നും ദേശീയ പാത അഥോറിറ്റി വ്യക്തമാക്കി. ഹർജി മാർച്ച് 16ന് കോടതി വീണ്ടും പരിഗണിക്കും.
ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ നിർമ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം. കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഇതിനു മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു. എന്നാൽ നിർമ്മാണത്തിലെ അപാകതകൾ യാത്രയെ കൂടുതൽ ദുരിതമാക്കുകയായിരുന്നു.
2019 ഡിസംബർ 31നുള്ളിൽ ഒരു തുരങ്കം തീർക്കുമെന്നു പറഞ്ഞു. പിന്നീടതു 2020 മാർച്ച് 31 ആയി. ആ സമയം കോവിഡ് ലോക്ഡൗൺ ആയി. 10 മാസത്തോളമായി പണി നടക്കുന്നില്ല. നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണു പ്രധാന പ്രശ്‌നം. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ വനഭൂമി വേണം. ഇതിന് അപേക്ഷ നൽകിയിട്ടുണ്ട്. തുരങ്ക മേഖലയിലെ പാറക്കെട്ടുകൾ, മണ്ണ് എന്നിവ നീക്കാൻ വനം വകുപ്പിന്റെ സമ്മതം വേണം. ഇതിനൊപ്പം കരാർ കമ്പനിയുടെ പ്രശ്‌നങ്ങളും. തുരങ്ക നിർമ്മാണത്തിന് ഉപകരാർ ഏറ്റെടുത്ത കമ്പനി കരാർ ഉപേക്ഷിച്ചു. പ്രധാന കരാർ കമ്പനിയും ഉപകരാർ കമ്പനിയും തമ്മിൽ ലഭിക്കേണ്ട പണത്തെക്കുറിച്ചു തർക്കം. അങ്ങനെ കുതിരാൻ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. എന്ന് തീരുമെന്ന് ആർക്കും അറിയാത്ത തുരങ്ക നിർമ്മാണം.
മറുനാടന് മലയാളി ബ്യൂറോ