കോഴിക്കോട്:എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഘട്ടത്തിലാണ് കേരളത്തിൽ ആദ്യമായി ഹയർസെക്കൻഡറി സ്‌ക്കൂളുകളിൽ ഏകജാലക സംവിധാനം കൊണ്ട് വന്നത്.ആദ്യ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലായിരുന്നു ഹയർസെക്കൻഡറി സ്‌ക്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് ഏക ജാലക സംവിധാനം തുടങ്ങിയത്.മാനേജ്‌മെന്റും പ്രിൻസിപ്പൾമാരും ചേർന്ന് സീറ്റ് കച്ചവടം നടത്തുന്നത് തടയുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷം.

രണ്ട് വർഷത്തിന് ശേഷം ഏകജാലക സംവിധാനം ഇൻന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ് പിന്നീട് കണ്ടത്.കേരളത്തിലെ വിവിധ യൂനിവേഴ്‌സിറ്റികൾ പോലും ബിരുദ പ്രവേശനം ഏകജാലക സംവിധാനത്തിലേക്ക് വഴി മാറ്റി.വിദ്യാർത്ഥികളും ഏറെ താൽപര്യപൂർവ്വം ഏകജാലക സംവിധാനം നെഞ്ചേറ്റുന്ന കാഴ്ചയാണ് വർത്തമാന കാല കേരളത്തിലെ വിദ്യാഭ്യാസ ഭൂമിക ദർശിച്ചത്.

പി.കെ.അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഘട്ടത്തിൽ പ്രമാണികളായ വിദ്യാഭ്യാസ കച്ചവടക്കാരെ ലക്ഷ്യമാക്കി ചില്ലറ തിരുത്തലുകൾ നടത്താനുള്ള ശ്രമം നടത്തിയിരുന്നു.എസ്.എഫ്.ഐ,കെ.എസ്.യു.അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും കേരളത്തിലെ മാധ്യമ ലോകവും ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങി.ഏകജാലക സംവിധാനം തകർക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയതോടെ വിദ്യാഭ്യാസ കച്ചവടക്കാർ രംഗത്ത് നിന്നും പിൻവലിയുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് 200ലധികം വിദ്യാർത്ഥികൾക്കാണ് സ്‌പെഷൽ ഓർഡർ വഴി വിവിധ ഹയർസെക്കൻഡറി സ്‌ക്കൂളുകളിൽ പ്ലസ് വൺ പ്രവേശനം അനുവദിച്ചത്.അതിന്റെ നടപടി ക്രമങ്ങൾ ഇങ്ങനെയാണ്.നിങ്ങൾക്ക് ഇഷ്ടമുള്ള ഹയർസെക്കൻഡറി സ്‌ക്കൂളിൽ പ്രവേശനം നേടണമെങ്കിൽ നിങ്ങൾ നേരെ സ്‌ക്കൂൾ പ്രിൻസിപ്പളിനെ കാണുന്നു.

പ്രിൻസിപ്പളിൽ നിന്നും ഒരു സമ്മത പത്രം വാങ്ങിക്കുന്നു.സ്‌ക്കൂളിൽ വിദ്യാർത്ഥിക്ക് പഠിക്കാനുള്ള സൗകര്യമുണ്ടെന്നുള്ള കുറിപ്പാണ് പ്രിൻസിപ്പൾ വിദ്യാഭ്യാസ അധിക്യതർക്ക് നൽകുന്നത്.ഇതുമായി കുട്ടിയുടെ രക്ഷിതാവ് ഒരു നിവേദനം നൽകിയാൽ അത് അനുവദിച്ച് കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുന്നു.ഇങ്ങനെയാണെങ്കിൽ നേരത്തെ എന്തിനായിരുന്നു ഏകജാലക സംവിധാനം വഴി അപേക്ഷ ക്ഷണിക്കുന്നുവെന്നാണ് അദ്ധ്യാപകർ ചോദിക്കുന്നത്.

മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അനുമതി നൽകുന്നതെന്നാണ് മന്ത്രി ഓഫീസിലെ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.എന്നാൽ ഇത്തരത്തിൽ വിദ്യാർത്ഥിക്ക് സീറ്റ് ലഭിക്കുന്നതിന് 10000 മുതൽ വൻ തുക വരെ വാങ്ങിക്കുന്ന ഇടനിലക്കാറുണ്ടെന്നതാണ് വസ്തുത.രക്ഷിതാവെന്ന വ്യാജേനയാണ് പലരും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനെ സമീപിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വിവിധ കാര്യങ്ങളിൽ കാര്യക്ഷമമല്ലെന്ന പരാതിക്കിടയിലാണ് 200ലധികം പേർക്ക് ഏകജാലക സംവിധാനം അട്ടിമറിക്കുന്ന രൂപത്തിൽ പെട്ടെന്ന് പ്രവേശനം നൽകിയത്.