ന്യൂഡൽഹി: ബോക്‌സിങ് താരം സരിതാ ദേവിക്ക് ഒരു വർഷത്തെ മത്സര വിലക്ക്. അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റേതാണ് തീരുമാനം. ഏഷ്യൻ ഗെയിംസ് മെഡൽ നിരാകരിച്ചതിനാണ് നടപടി. ഇന്ത്യയുടെ സമ്മർദ്ദത്തിന്റെ ഭാഗമായാണ് വിലക്ക് ഒരു വർഷമായി ചുരുങ്ങിയത്. ഏഷ്യൻ ഗെയിംസിനിടെയുള്ള മെഡൽദാനച്ചടങ്ങ് അലങ്കോലപ്പെടുത്തിയ സരിതയ്ക്ക് എതിരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

ഏഷ്യൻ ഗെയിംസ് മെഡൽ നിരസിച്ച സംഭവത്തിൽ സരിതാ ദേവി നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന് അയച്ച കത്തിലാണ് സരിതാ ദേവി ഖേദപ്രകടനം നടത്തിയത്. മെഡൽ നിരസിച്ച നടപടിയിൽ ഖേദമുണ്ടെന്നും ക്ഷമ ചോദിക്കുന്നതായും അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ പ്രസിഡന്റ് ചിങ് കൗ വൂവിന് അയച്ച കത്തിൽ സരിതാ ദേവി വിശദീകരിച്ചു.

വൈകാരികമായിരുന്നു തന്റെ പ്രതിഷേധം. ഭാവിയിൽ ഇത്തരം പ്രതികരണങ്ങൾ ആവർത്തിക്കില്ലെന്നും സരിതാ ദേവി വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന്റെ മേധാവി മുഖേനയാണ് സരിതാ ദേവി ക്ഷമാപണം പ്രകടിപ്പിച്ച് കത്തയച്ചത്. വൈകാരിക പ്രതികരണമാണ് സരിതാ ദേവിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇന്ത്യൻ ടീം മേധാവിയും വീശദീകരിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് വിലക്ക് ഒരു വർഷമായി കുറച്ചത്.

വനിതാ ബോക്‌സിംഗിൽ 57 കിലോ വിഭാഗം സെമിയിൽ ദക്ഷിണ കൊറിയൻ താരത്തിന് അനുകൂലമായി ഏകപക്ഷീയമായി വിധിനിർണ്ണയം നടത്തിയെന്നാരോപിച്ചാണ് സരിതാ ദേവി മെഡൽ നിരസിച്ച് പ്രതിഷേധിച്ചത്. ഈ സംഭവത്തിൽ ഇന്ത്യൻ താരത്തിനെതിരെ നടപടി എടുക്കാൻ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ ആലോചിക്കുന്നതിനിടെയാണ് അവർ ഖേദം പ്രകടിപ്പിച്ചത്.