ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ഒരുവർഷം പൂർത്തിയാക്കുമ്പോൾ, ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വാണിജ്യ ലോകമായിരിക്കും. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതീക്ഷ പകർന്ന ഒരുവർഷമാണ് കടന്നുപോയതെന്ന് വാണിജ്യ ലോകം കരുതുന്നു. എന്നാൽ, മോദി സർക്കാരിന്റെ കോർപറേറ്റ് അനുകൂല നിലപാടുകളും അടിക്കടി വർധിച്ചുവരുന്ന ഇന്ധന വിലയും സാധാരണക്കാരെ നിരാശരാക്കുകയാണ് ചെയ്തത്.

സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതീക്ഷ പകരാനായി എന്നതാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ വിജയം. ഭാവിയെ കൂടുതൽ സുരക്ഷിതമാക്കുന്ന തരത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം വളർത്താൻ സർക്കാരിനായിട്ടുണ്ട്. ധൃതി പിടിച്ചുള്ള നടപടികൾക്കൊന്നും മുതിർന്നില്ല എന്നതാണ് സർക്കാരിന്റെ മറ്റൊരു പ്രത്യേകത. മോദി സർക്കാർ ഒരുവർഷം പിന്നിടുമ്പോൾ, പ്രത്യക്ഷത്തിൽ ഒന്നും കാണാനില്ലെന്ന ആരോപണം ശക്തമാകുന്നതും അതുകൊണ്ടാണ്.

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി സത്വര നടപടികൾ സ്വീകരിക്കുന്നതിനുപകരം പടിപടിയായുള്ള മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിട്ടത്. പണപ്പെരുപ്പം തടയാൻ നടപടികൾ സ്വീകരിക്കുമെന്ന വാഗ്ദാനം ഏറെക്കുറെ പാലിക്കാനായെങ്കിലും ഇന്ധന വില പിടിച്ചുനിർത്താനാകാത്തത് തിരിച്ചടിയുമായി. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുകയാണ് ചെയ്തത്.

മോദി സർക്കാർ ആദ്യവർഷം ചെയ്തത് വളർച്ചയിലേക്കുള്ള വിത്തുകൾ വിതയ്ക്കുകയാണെന്ന് ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ കുമാർമംഗളം ബിർള പറയുന്നു. ഈ വിത്തുകൾ നൽകുന്ന വിളവെടുപ്പുകളുടെ വർഷങ്ങളാകും ഇനി വരാനിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ലോകത്തെ സാമ്പത്തിക വൻശക്തികളിലൊന്നാവാനുള്ള സാഹചര്യം ഇന്ത്യയ്ക്കുണ്ടെന്ന് ഐഎംഎഫ് തലവൻ ക്രിസ്റ്റീൻ ലഗാർഡും പറയുന്നു.

വിദേശ നിക്ഷേപ പരിധി ഉയർത്തിയത് ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപകരെ സ്വാഗതം ചെയ്യുന്ന നടപടിയായി മാറി. തൊഴിൽനിയമങ്ങൾ കർശനമാക്കിയും നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യമൊരുക്കി. ജി.എസ്.ടി പോലുള്ള പുതിയ നികുതി സമ്പ്രദായവും സമ്പദ്‌വ്യവസ്ഥയിൽ ചലനങ്ങളുണ്ടാക്കി. ആദ്യവർഷം മോദി സർക്കാർ കൈക്കൊണ്ട ഈ നടപടികളുടെ ഗുണഫലങ്ങൾ വരും വർഷങ്ങളിൽ അനുഭവിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വാണിജ്യ ലോകം.