തൊടുപുഴ: അവശ നിലയിലായ രോഗിയെയും കൊണ്ട് പോകുകയായിരുന്ന ഓട്ടോയ്ക്ക് മുന്നിൽ സ്‌കൂട്ടർ യാത്രക്കാനായ പൊലീസുകാരൻ തടസം സൃഷ്ടിച്ചെന്നും ഇതെത്തുടർന്ന് ചികിത്സ കിട്ടാതെ വയോധികൻ മരണപ്പെട്ടെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രാചരണം. പ്രചാരണം വാസ്തവ വിരുദ്ധമെന്നും മരിച്ച നിലയിലാണ് വയോധികനെ ആശുപത്രിയിൽ എത്തിച്ചതെന്നും പൊലീസ്.

ആശുപത്രി അധികൃതരും പൊലീസ് വാദത്തിനൊപ്പം. സംഭവത്തിൽ സ്‌കൂട്ടർ യാത്രക്കാരന്റെ പരാതിയിലും അന്വേഷണം. വർക്ക്ഷോപ്പിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വന്നിരുന്ന തൊടുപുഴ ഉരിയിരിക്കുന്ന് മേനാച്ചേരി ഓനച്ചൻ(65) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള വിവാദത്തിന്റെയും അനന്തര സംഭവങ്ങളുടെയും നിലവിലെ സ്ഥിതി ഇങ്ങനെ:

മേത്തൊട്ടി സ്വദേശിയും പൊലീസുകാരനുമായ മിഥുനാണ് ഓനച്ചന്റെ മരണത്തിന് വഴിയൊരുക്കിയതെന്നാണ് സുഹൃത്തും അയൽവാസിയുമായ കുന്നേൽ മധുവും കൂട്ടരും ആരോപിക്കുന്നത്. മധുവും സുഹൃത്ത് പനിച്ചിക്കൽ ജീവനും ഈ സംഭവത്തിൽ തൊടുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അനക്കമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയ ഓനച്ചനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് മകൻ അനീഷും താനും സുഹൃത്ത് ജീവനും സഹോദരൻ ഹരിയും ചേർന്നായിരുന്നെന്നും കാരിക്കോട് ആശുപത്രിയിൽ എത്തിച്ചിട്ടും പൊലീസുകാരൻ നിഥിൻ തടസ്സം നിന്നതിനാൽ ഉടൻ ചികിത്സ ലഭ്യമാക്കാനായില്ലെന്നും തുടർന്ന് ഇവരോട് ക്ഷമാപണം നടത്തി, രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു എന്നാണ് മധു മറുനാടനോട് പറഞ്ഞു.

വിഷുദിനത്തിലായിരുന്നു സംഭവം. ഓനച്ചനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ഇടപെടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും യാത്ര മധ്യേ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും മധു പറയുന്നത് ഇങ്ങിനെ:

രാവിലെ 11 മണിയായിക്കാണും. അപ്പോഴാണ് ഓനച്ചൻ ചേട്ടന്റെ മകൻ അനീഷ് വിളിക്കുന്നത്. വീടിന്റെ മുമ്പിലെ വർക്ക്ഷോപ്പിന് മുന്നിൽ പിതാവിനെ അനക്കമില്ലാത്ത അവസ്ഥയിൽ കണ്ടെത്തിയെന്നും ഒന്നുവരാമോന്നും അവൻ ചോദിച്ചു. ചെല്ലാമെന്ന് പറഞ്ഞ്, ഫോൺ കട്ടാക്കി. ഉടൻ ഞാൻ അവിടെയെത്തി. നോക്കുമ്പോൾ ഓനച്ചൻ ചേട്ടന് അനക്കമില്ല. ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞു. സുഹൃത്ത് ജീവന്റെയും മകന്റെയും സഹായത്തോടെ ഓനച്ചൻ ചേട്ടനെ എന്റെ ഓട്ടോയിൽ ക്കയറ്റി. സഹോദരൻ ഹരി ഓട്ടോ ഓടിച്ചു. ലൈറ്റൊക്കെയിട്ട് അതിവേഗമായിരുന്നു ഓട്ടോ പോയിരുന്നത്. എത്രയും പെട്ടെന്ന് കാരിക്കോട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.

ഇതിനിടയിൽ വെങ്ങല്ലൂരിൽ എത്തിയപ്പോൾ ഒരു ഡിയോ സ്‌കൂട്ടറിൽ എത്തിയ രണ്ടുപേർ ഓട്ടോയ്ക്ക് കടന്നുപോകാൻ കഴിയാത്ത തരത്തിൽ തടസ്സം സൃഷ്ടിച്ചു. ഇത് കണ്ട് ക്ഷുഭിതനായി സ്‌കൂട്ടർ യാത്രക്കാരോട് കയർത്ത് സംസാരിക്കേണ്ടിയും വന്നു. ഒടുവിൽ ഒരുവിധത്തിൽ ഹരി എതിർവശത്തുകൂടി വെട്ടിച്ചെടുത്ത് കഴിയാവുന്നത്ര വേഗത്തിൽ ആശുപത്രിയിലേയ്ക്ക് നീങ്ങി. ആശുപത്രിയിൽ എത്തി, ഓട്ടോയിൽ നിന്നും ഓനച്ചൻ ചേട്ടനെ സ്ട്രച്ചറിലേയ്ക്ക് കയറ്റാൻ ശ്രമിക്കവെ സ്‌കൂട്ടർ യാത്രക്കാർ ആശുപത്രിൽ എത്തി,തടസ്സം നിന്നു.

താൻ പൊലീസുകാരനാണെന്നും അസഭ്യം പറഞ്ഞതിനാൽ ക്ഷമ പറയണമെന്നുമായിരുന്നു വന്നവരിൽ ഒരാളുടെ ആവശ്യം. ക്ഷമ പറയാതെ ഓട്ടോയിൽ നിന്നും ഓനച്ചൻ ചേട്ടനെ സ്ട്രച്ചറിലേയ്ക്ക് കിടത്താൻ അനുവദിക്കാത്ത തരത്തിലായിരുന്നു ഇവരുടെ ആശുപത്രി മുറ്റത്തെ പ്രകടനം. തുടർന്ന ഞാനും ഒപ്പമുണ്ടായിരുന്നവരും ക്ഷമ പറഞ്ഞ് അവരുടെ കാലുപിടിച്ചു. തുടർന്നാണ് ചികത്സ ലഭ്യമാക്കാനായത്.

അൽപ്പസമയത്തിനകം ആശുപത്രി അധികൃതർ മരണം ഓനച്ചൻ ചേട്ടൻ മരണപ്പെട്ടതായി അറിയിച്ചു. തുടർന്ന് മൃതദ്ദേഹം ഫ്രീസറിലേയ്ക്ക് മാറ്റുന്നതിനും പിറ്റേന്ന് നടക്കുന്ന സംസ്‌കാരത്തിന് ആവശ്യമായ കാര്യങ്ങളും നടത്താൻ വീട്ടുകാർക്കൊപ്പം കൂടി. പിന്നീട് തൊടുപുഴ സ്റ്റേഷനിൽ ജീവനും ഞാനും ചേർന്ന് സംഭവിച്ച മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളിച്ച് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ജീവൻ ബിജെപി പഞ്ചായത്ത് സെക്രട്ടറിയും മധു ഒബിസി മോർച്ച് പഞ്ചായത്ത് സെക്രട്ടറിയുമാണ്.

എന്നാൽ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം മറ്റൊന്നാണ്. മരിച്ച നിലയിലാണ് മധുവും കൂട്ടരും ഓനച്ചനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഒരാൾ വർക്ക്ഷോപ്പിനു മുന്നിൽ മരിച്ചുകിടക്കുന്നതായി അറിയിച്ച് സ്റ്റേഷനിലേയ്ക്ക് ഫോൺ
വന്നിരുന്നെന്നും, എന്തായാലും ഉടൻ ആളെ ആശുപത്രിയിൽ എത്തിക്കാൻ താൻ വിളിച്ച ആളോട് നിർദ്ദേശിച്ചിരുന്നെന്നും തൊടുപുഴ സി ഐ പറഞ്ഞു. സംഭവത്തിൽ മധുവിനും ജീവനും ഒപ്പമുണ്ടായിരുന്ന ഓനച്ചന്റെ മകൻ അനീഷ് ഇക്കാര്യത്തിൽ പരാതി നൽകിയിട്ടില്ലന്നും പൊലീസ് വ്യക്തമാക്കി.

തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായി കാണിച്ച് സ്‌കൂട്ടർ യാത്രക്കാരനും കോട്ടയം എ ആർ ക്യാമ്പിലെ പൊലീസുകാരനുമായ നിഥിൻ തൊടുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താനും സഹോദരനും മലയാറ്റൂരിൽ പോയി മടങ്ങി വരികയായിരുന്നെന്നും ഓട്ടോയിൽ ഉണ്ടായിരുന്നവർ തങ്ങളെ അസഭ്യം പറഞ്ഞെന്നും പിന്നാലെ ഇതെക്കുറിച്ച് ചോദിക്കാൻ എത്തിയെന്നും ആശുപത്രിൽ ഓട്ടോ യാത്രക്കാരെ കണ്ടുമുട്ടുമ്പോൾ മദ്യലഹരിയിലായിരുന്നവരും ഒപ്പമുണ്ടായിരുന്നെന്നും ഇവർ ക്ഷമ പറഞ്ഞ് പ്രശനം അവസാനിപ്പിക്കാമെന്ന് പറഞ്ഞ് മുന്നോട്ടുവരികയായിരുന്നെന്നുമാണ് നിഥിൻ പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ആശുപത്രിയിലെ സിസി ടിവി ദൃശ്യം പരിശോധിക്കണമെന്നും യുവാവ് പൊലീസിൽ ആവശ്യപ്പെട്ടതായിട്ടാണ് സൂചന. ഇന്ന് സിസി ടിവി ദൃശ്യം പരിശോധിക്കുന്നതിന് പൊലീസ് നീക്കം ആരംഭിച്ചതായും അറിയുന്നു.