ദുബായിൽ പഴയ കാറുകൾ വിൽക്കാനും വാങ്ങാനുമായി ഇനി രജിസ്ട്രേഷൻ കേന്ദ്രങ്ങൾ കയറിയിറങ്ങണ്ടേതില്ല. തട്ടിപ്പും വഞ്ചനയും നടക്കുമോ എന്ന ഭയവും വേണ്ട. കാരണം കാർ കൈമാറ്റങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കികൊണ്ടുള്ള ആർടിഎ സംവിധാനം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കാറിന്റെ വിൽപന സംബന്ധിച്ചുള്ള എല്ലാ നടപടിക്രമങ്ങളും ഓൺലൈനിലൂടെയാണ് നടക്കുക.

വാഹനത്തിന്റെ കൈമാറ്റ നടപടികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്താൽ മതിയാകും. ഇതിനായി ആർ.ടി.എ അംഗീകൃത ഷോറൂമുകളെ സമീപിക്കണം. ഇവിടെ നിന്നും ഓൺലൈൻ സംവിധാനത്തിൽ വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും വിവരങ്ങളും വാഹനത്തിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തണം. വിൽക്കാനുള്ള വാഹനത്തിന്റെ രേഖകൾ മുദ്ര വച്ച കവറിൽ ആക്കിയശേഷം ഇരുകക്ഷികളും ആർ.ടി.എയുടെ ഉപഭോക്തൃ സേവന കേന്ദ്രത്തിലെത്തണം. ഇവിടെ രേഖകൾ പരിശോധിക്കും. തിരിച്ചറിയൽ രേഖകൾ കൂടി പരിശോധിച്ച് വിൽപന കരാറിന് രൂപം നൽകും. ഉപഭോക്തൃ സേവന കേന്ദ്രത്തിൽ നിന്നോ ആർ.ടി.എ വെബ്‌സൈറ്റിൽ നിന്നോ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്യാം.

വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിച്ച് കൊണ്ടുള്ള സംവിധാനമാണ് പുതുതായി ഏർപ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്ന വേളയിൽ ഇരുകക്ഷികളും നേരിട്ട് ഹാജരാകണമെന്നതും കൂടുതൽ വിശ്വാസ്യത ഉറപ്പുവരുത്തുന്നു. ഉടമയറിയാതെ വാഹനത്തിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റും നമ്പർ പ്ലേറ്റും കൈമാറാൻ സാധിക്കില്ല. വിൽപന കരാർ തയ്യാറായി കഴിഞ്ഞാൽ വിൽക്കുന്നയാൾക്ക് വാഹനത്തിന് മേൽ യാതൊരു അവകാശവും ഉണ്ടാവില്ല. എന്നാൽ നിശ്ചിത കാലാവധിക്കകം കൈമാറ്റ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ കരാർ റദ്ദാകും. 50 ശതമാനം നടപടിക്രമങ്ങൾ വാഹന ഷോറൂമുകളിൽ തന്നെ പൂർത്തിയാക്കുന്നതിനാൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ കാലതാമസവും ഒഴിവാക്കാനാകും.

കാർ വിൽപനയ്ക്ക് എത്തിക്കുമ്പോഴും വാങ്ങുമ്പോഴുമുള്ള ഗതാഗത അധികൃതരുടെയും ടെസ്റ്റിങ് സെന്ററുകളുടെയും ആവശ്യം ഇവിടെയില്ല. പല നടപടിക്രമങ്ങളിലും അധികൃതർ ഓൺലൈനിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്.