ഡബ്ലിൻ: ഇനി മുതൽ റീ എൻട്രി വിസാ ഓഫീസിൽ നീണ്ട ക്യൂവിൽ നിന്ന് കഷ്ടപ്പെടേണ്ട. റീ എൻട്രി വിസയ്ക്കുള്ള പുതിയ ഓൺലൈൻ അപ്പോയ്‌മെന്റ് സർവീസുകൾ പ്രാബല്യത്തിലാകുന്നു. ഈ മാസം 16 മുതൽ നിങ്ങൾക്ക് അനുയോജ്യമായ സമയത്ത് അപ്പോയ്‌മെന്റ് ലഭിക്കുന്ന തരത്തിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും.
ഡബ്ലിൻ 2 ബർഗ് ക്വേയിലുള്ള റീ എൻട്രി വിസാ ഓഫീസിൽ മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിന്നു വേണമായിരുന്നു റീ എൻട്രി വിസാ അപ്പോയ്‌മെന്റ് നടത്താൻ. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കൂടിക്കാഴ്ചയുള്ള തിയതി വീട്ടിലിരുന്നു കൊണ്ടു തന്നെ ബുക്ക് ചെയ്യാം.

റീ എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നവരിൽ ഓൺലൈനിലൂടെ അപോയ്‌മെന്റ് തീയതിയും സമയവും ബുക്ക് ചെയ്തിരിക്കുന്നവരുടെ നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി നൽകുമെന്നാണ് ഐറിഷ് നാച്ചുറലൈസേഷൻ ആൻഡ് ഇമിഗ്രേഷൻ സർവീസ് വെബ്‌സൈറ്റിൽ അറിയിച്ചിരിക്കുന്നത്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട എല്ലാ രേഖകളുമായി നിശ്ചയിക്കുന്ന ദിവസം കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് അധികൃതർ അറിയിച്ചു. അപ്പോയ്‌മെന്റ് ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റും ഓൺലൈനിൽ ലഭിക്കും. ഇതിന്റെ പ്രിന്റുമായി കൂടിക്കാഴ്ചയ്‌ക്കെത്തണം.

http://reentryvisa.inis.gov.ie. എന്ന വെബ് സൈറ്റിൽ ലോഗിൻ ചെയ്തു വേണം ഓൺലൈൻ അപ്പോയ്‌മെന്റ് നടത്താൻ. ഓൺലൈൻ അപ്പോയ്‌മെന്റ് എടുത്ത ശേഷം അപേക്ഷകർ നിശ്ചിത ദിവസം GNIB Card, Passport എന്നിവ സഹിതം റീ എൻട്രി വിസാ ഓഫീസിൽ ഹാജരാകണം. നിലവിലുള്ള നിങ്ങളുടെ ഇ-മെയിൽ അഡ്രസും സമർപ്പിക്കേണ്ടതുണ്ട്.

കൂടാതെ റീ എൻട്രി വിസാ അപേക്ഷഫോറം പൂരിപ്പിച്ച് രജിസ്‌ട്രേർഡ് പോസ്റ്റ് വഴി അപേക്ഷിക്കുന്ന സൗകര്യവും തുടരുമെന്ന് വെബ് സൈറ്റിൽ അറിയിക്കുന്നുണ്ട്. റീ എൻട്രി വിസാ ഓൺലൈൻ അപ്പോയ്‌മെന്റിനെ കുറിച്ചുള്ള പൂർണ വിവരം http://reentryvisa.inis.gov.ie എന്ന ലിങ്കിൽ വ്യക്തമാക്കിയിട്ടുണ്ട്.