ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു പിന്നാലെ മറ്റൊരു കായികതാരം കൂടി ഓൺലൈൻ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായി. ടെന്നിസ് സുന്ദരി സാനിയ മിർസയ്ക്കാണു വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ മതമൗലികവാദികളുടെ അധിക്ഷേപം കേൾക്കേണ്ടി വന്നത്.

'ഇവിടത്തെ ജീവിതം താൽക്കാലികമാണ്. മരണത്തിനുശേഷമാണു യഥാർഥ ജീവിതം. അതു മറന്നു വസ്ത്രം ധരിക്കരുതെ'ന്ന് ഉപദേശം നൽകാനും ഓൺലൈനിലെ ഉപദേശികൾ മറന്നില്ല.

ഒരാഴ്ച മുമ്പ് ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനാണു മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണവുമായി മതമൗലിക വാദികൾ എത്തിയത്. ഷമിയുടെ ഭാര്യ ഹിജാബ് ധരിക്കാത്തതായിരുന്നു പ്രകോപനകാരണം. ഇതിനെ വെല്ലുവിളിച്ചു ഭാര്യയുടെ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു ഷമി. ഇതിനു പിന്നാലെയാണിപ്പോൾ ഉപദേശവും ഭീഷണിയുമായി മതമൗലിക വാദികൾ സാനിയക്കു പുറകെ എത്തിയിരിക്കുന്നത്.

സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയ്ക്ക് നേരെയാണു വിമർശനം. സാനിയയുടെ വസ്ത്രധാരണം അനിസ്ലാമികമാണെന്നാണ് കണ്ടെത്തൽ. മനോഹരമായ ചുവന്ന ലെഹങ്ക അണിഞ്ഞ് ഗ്ലാമറസായാണ് സാനിയ മിർസ നിൽക്കുന്നത്. മുസ്ലീമായ സാനിയ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല, ഭൂമിയിൽ ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ശരീരം പ്രദർശിപ്പിച്ച് നടക്കുന്നവർക്ക് പരലോകത്ത് കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും 'ഓൺലൈൻ സഹോദരന്മാർ' മുന്നറിയിപ്പു നൽകുന്നുണ്ട്.

'ഇവിടത്തെ ജീവിതം താൽക്കാലികമാണ്. മരണത്തിനു ശേഷമാണ് യഥാർത്ഥ ജീവിതം ആരംഭിക്കുന്നത്. അതു മറന്നു കൊണ്ട് വസ്ത്രം ധരിക്കരുത്. ഭൂമിയിൽ ഇത്തരം വസ്ത്രം ധരിക്കുന്നവർക്ക് പരലോകത്ത് കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരു'മെന്നുമാണ് സാനിയക്ക് സൈബർ സദാചാര വാദികളുടെ ഉപദേശം. കളിക്കളത്തിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിനാൽ സാനിയക്കെതിരെ മുമ്പും ഇത്തരം നീക്കങ്ങളുണ്ടായിരുന്നു. ലക്നൗവിലെ ഒരു ഇമാം ഇതിന്റെ പേരിൽ സാനിയക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു.