ഡബ്ലിൻ: റീ എൻട്രി വിസ അപേക്ഷകൾക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനമായി. അടുത്ത വർഷം മുതൽ ഓൺലൈൻ ബുക്കിംഗിനു ശേഷം മാത്രം വിസാ വിതരണം നടത്തണമെന്ന് ജസ്റ്റീസ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്  അയർലണ്ടിൽ ജോലി ചെയ്യാൻ എത്തുന്നവർക്ക് വിസയ്ക്കായി ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ (ജിഎൻഐബി)യ്ക്കു മുന്നിൽ നടത്തേണ്ടിയിരുന്ന നീണ്ട ക്യൂ സംവിധാനത്തിന് ഇതോടെ അന്ത്യമാകും. ഡബ്ലിനിലെ ബറേ ക്വേയിലുള്ള ജിഎൻഐബി ഓഫീസിനു മുന്നിൽ പുലർച്ചയോളം നീണ്ട കാത്തിരിപ്പിനു ശേഷം മാത്രമായിരുന്നു മുമ്പ് വിസ ലഭിച്ചുകൊണ്ടിരുന്നത്. അടുത്ത ഏപ്രിലിനു മുമ്പ് പദ്ധതി പ്രാബല്യത്തിൽ വരുത്തും.

വിസാ അപേക്ഷകരുടെ ഈ കാത്തിരിപ്പ് ദുരിതം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂവായിരത്തഞ്ഞൂറോളം പേർ ഒപ്പിട്ട ഓൺലൈൻ പരാതി അടുത്തിടെ ജിഐൻഐബിക്ക് സമർപ്പിച്ചിരുന്നു. ഇമിഗ്രേഷൻ നിയമങ്ങളിൽ അടുത്തകാലത്തൊന്നും അഴിച്ചുപണി നടന്നിട്ടില്ലെന്നും അത് സർക്കാരുകളുടെ കഴിവു കേടാണെന്നും ഓൺലൈൻ പരാതി നൽകുന്നതിന് നേതൃത്വം നൽകിയ എലിഫ് ഡിബേക്ക് ചൂണ്ടിക്കാട്ടി. ഇമിഗ്രേഷൻ റസിഡൻസി ആൻഡ് പ്രൊട്ടക്ഷൻ ബില്ലിൽ അവലോകം നടത്തിയിട്ടു തന്നെ ഒരു ദശാബ്ദം കഴിഞ്ഞുകാണുമെന്നും ഇക്കാര്യത്തിൽ ജിഎൻഐബിയും ഐറീഷ് നാച്ചുറലൈസേഷൻ ആൻഡ് ഇമിഗ്രേഷൻ സർവീസും ഒരേപോലെ കുറ്റക്കാരാണെന്നും ഡിബേക്ക് കുറ്റപ്പെടുത്തി. ജിഎൻഐബിക്കു മുമ്പിൽ രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് ഇവരുടെ കഴിവുകേട് എടുത്തുകാണിക്കുന്നതാണെന്നും ഡിബേക്ക് വ്യക്തമാക്കി.

തണുപ്പുകാലത്തും മറ്റും കുട്ടികളുൾപ്പെടെ മാതാപിതാക്കൾ, ഗർഭിണികൾ, പ്രായമുള്ളവർ ഇവരെല്ലാം തന്നെ നേരം പുലരുവോളം വിസയ്ക്കായി കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു. ഓൺലൈൻ അപ്പോയ്‌മെന്റ് ലോകമെമ്പാടും തന്നെ നിലനിൽക്കുന്നതാണെന്നും അയർലണ്ടിലും ഈ സംവിധാനം നിലവിൽ വരുത്തണമെന്നുമുള്ള മുറവിളിക്കാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.