ദോഹ: ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ഇന്ത്യക്ക് അകത്തും പുറത്തും വ്യാപകമായി ഉള്ളത്. പ്രണയവും സൗഹൃദവും നടിച്ചെത്തുന്ന യുവതികളുടെ കെണിയിൽ കുടുങ്ങിയ യുവാക്കളുടെ ദുരനുഭവങ്ങളും കുറവല്ല. പ്രവാസികളായ യുവാക്കളാണ് ഇങ്ങനെ ചാറ്റിംഗിൽ ചതിക്കുഴിയിൽ പെട്ടിരിക്കുന്നവരിൽ ചിലർ. ദോഹയിലെ യുവാവിന്റെ ദുരവസ്ഥ പ്രവാസികളായ മറ്റ് മലയാളി യുവാക്കൾക്കും ഒരു അനുഭവപാഠമാണ്. ഓൺലൈൻ ചാറ്റിംഗിന്റെ ഭ്രമാത്മക ലോകത്തിൽ സംവദിക്കുമ്പോൾ ഒളിഞ്ഞിരിക്കുന്നത് ബ്ലാക്‌മെയിലിങ് ആണെന്നത് തിരിച്ചറിയുക തന്നെ വേണം.

ഇങ്ങനെ ഓൺലൈൻ ചാറ്റിങ്ങിന്റെ ചതിക്കുഴിയിൽ വീണ് പണവും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഉറക്കമൊഴിച്ചിരിക്കയാണ് ദോഹയിലെ മലയാളി യുവാവ്. ഖത്തറിലെ നിർമ്മാണക്കമ്പനിയിലെ ഫോർമാനായ യുവാവാണ് ചാറ്റിങ് കെണിയിൽ കുടുങ്ങിയത്. അതിരുകടന്ന രീതിയിൽ ഓൺലൈൻ ചാറ്റിങ് പുരോഗമിച്ചതോടെയാണ് യുവാവ് പെട്ടത്. മാനം പോകാതിരിക്കാൻ യുവതി ആവശ്യപ്പെടുന്ന പണം നൽകേണ്ട അവസ്ഥയിലാണ് യുവാവിപ്പോൾ.

ഒഴിവു വേളയിൽ ഓൺലൈൻ ചാറ്റിങ് യുവാവിന്റെ സ്ഥിരം ശീലമായിരുന്നു. അതിനിടയിൽ സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട ടുണീഷ്യക്കാരിയുമായി സൗഹൃദത്തിലായി. സ്‌കൈപ്പ വഴി നേരിൽ കണ്ട് സംസാരിക്കുന്ന വിധത്തിലേക്ക് ആ ബന്ധം വളർന്നു. ഇങ്ങനെ പരിചയം മുറുകിയപ്പോൾ യുവതിയുടെ ആവശ്യനുസരണം അൽപ്പം അതിരുവിട്ട പ്രകടനവും യുവാവ് നടത്തി. ഇങ്ങനെയുള്ള യുവാവിന്റെ പ്രകടനങ്ങൾ യുവതി കമ്പ്യൂട്ടറിൽ രഹസ്യമായി പകർത്തിയിരുന്നു. ബന്ധം ഉറപ്പിക്കാൻ തന്റെ ഫോൺനമ്പറും സാമൂഹിക മാദ്ധ്യമത്തിലെ വിലാസവും യുവാവ് കൈമാറിയിരുന്നു. സാമൂഹിക മാദ്ധ്യമത്തിൽനിന്ന് യുവാവിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിലാസം യുവതി ശേഖരിച്ചു.

വീഡിയോ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് മാനം കെടുത്താതിരിക്കാൻ യുവതി 500 ഡോളർ ആവശ്യപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ടത് യുവാവ് തിരിച്ചറിഞ്ഞത്. യുവാവ് വഴങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ വീഡിയോ ദൃശ്യവും സുഹൃത്തുക്കളുടെ വിലാസവും അയച്ച് പണം അയച്ചില്ലെങ്കിൽ ഒറ്റക്ലിക്കിൽ മാനംകളയുമെന്നായി ഭീഷണി. പണം നൽകിയാലും ഭീഷണിതുടരുമെന്ന സത്യം തിരിച്ചറിഞ്ഞ യുവാവ് സാമൂഹിക മാദ്ധ്യമങ്ങളിൽനിന്ന് അക്കൗണ്ട് ഒഴിവാക്കി ഉറക്കമില്ലാതെ കഴിയുകയാണിപ്പോൾ.