- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടിക്കൈ സ്കൂളിൽ ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി അജ്ഞാതന്റെ വിളയാട്ടം; മലയാളത്തിലും അറബിഭാഷയിലും അശ്ലീല കമന്റുകളും പോസ്റ്റുകളും കണ്ട് അമ്പരന്നു വിദ്യാർത്ഥികൾ; ക്ലാസ് നിർത്തിവെച്ച് അദ്ധ്യാപകൻ
നീലേശ്വരം: സ്‌കൂളിന്റെ ഓൺലൈൻ ക്ലാസിൽ വിദേശത്തു നിന്നും അജ്ഞാതൻ നുഴഞ്ഞു കയറി. അശ്ലീല കമന്റുകളും പോസ്റ്റുകളും പ്രവഹിച്ചതോടെ അദ്ധ്യാപകൻ ക്ലാസ് നിർത്തിവെച്ച് വിദ്യാർത്ഥികളോട് ലോഗൗട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. മടിക്കൈ ബങ്കളം കക്കാട് ഗവ. ഹൈസ്‌കൂളിലെ ഓൺലൈൻ ക്ലാസിനിടെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്ലസ് വൺ (404) 909 8695 എന്ന നമ്പറാണ് വിദേശത്ത് നിന്നും ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസിൽ നുഴഞ്ഞ് കയറിയത്.
ഈ വിദേശ നമ്പർ ഓൺലൈൻ ക്ലാസിൽ നുഴഞ്ഞ് കയറിയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ക്ലാസ് നടന്ന് കൊണ്ടിരിക്കെയാണ് അശ്ലീല കമെന്റുകളും സംഭാഷണങ്ങളും വരാൻ തുടങ്ങിയത്. ഇതോടെയാണ് ക്ലാസിൽ പുറത്ത് നിന്നുള്ള ആരോ നുഴഞ്ഞു കയറിയതായി വ്യക്തമായത്. സ്ഥിതി വഷളാകുന്ന ഘട്ടം എത്തിയപ്പോഴെക്കും ക്ലാസ് നിർത്തിവെച്ച് അദ്ധ്യാപകൻ കുട്ടികളോട് ലിങ്കിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
മലയാളത്തിലും അറബിയിലുമാണ് അശ്ലീലം പറഞ്ഞതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ഏതെങ്കിലും വിദ്യാർത്ഥിയിൽ നിന്നുമായിരിക്കാം ലിങ്ക് ഷെയർ ചെയ്യപ്പെട്ടതെന്നാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് സൈബർ സെല്ലിലും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകാൻ തന്നെയാണ് തീരുമാനമെന്നും ഇതിന്റെ പേരിൽ ഏതെങ്കിലും വിദ്യാർത്ഥിയെ പ്രതിക്കുട്ടിൽ നിർത്തില്ലെന്നും എന്നാൽ യഥാർത്ഥ പ്രതിയെ കണ്ടെത്തേണ്ടതുണ്ടെന്നുമാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
വിദ്യർഥികൾ ഒരു കാരണവശാലും ക്ലാസിന്റെ ലിങ്ക് പുറത്ത് ഷെയർ ചെയ്യരുതെന്നാണ് അദ്ധ്യാപകർ അഭ്യർത്ഥിക്കുന്നത്. പല സ്‌കൂളുകളിലും ഇത്തരത്തിൽ അജ്ഞാതർ നുഴഞ്ഞു കയറുന്നുണ്ടെന്നും വിദ്യാർത്ഥിനികളെ ഉൾപെടെ വശത്താക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന പരാതികൾ ഉയരുന്നുണ്ട്. ലിങ്കുകൾ പുറത്ത് ഷെയർ ചെയ്യരുതെന്ന് പൊലീസും നേരത്തെ നിർദേശിച്ചിരുന്നു.
മാതാപിതാക്കളുടെ പേരിലുള്ള ഐഡികൾക്കു പകരം വിദ്യാർത്ഥികളുടെ സ്വന്തം പേരും ക്ലാസ് റോൾ നമ്പർ അടക്കം ഉപയോഗപ്പെടുത്തി ഐഡികൾ സൃഷ്ടിക്കുകയും അതിലൂടെ ക്ലാസുകളിൽ പ്രവേശിച്ചാൽ അദ്ധ്യാപകർക്ക് കുട്ടികളെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ഇതിലൂടെ ഒരു പരിധി വരെ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാൻ സാധിക്കും.