- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫോണിലുണ്ടായിരുന്നത് സഹവിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിനുള്ള തെളിവ്; ഓൺലൈൻ ഡേറ്റിങ് സൈറ്റിൽ അദ്ധ്യാപകരെ അപമാനിച്ചതും ലൈംഗികമായി; മലപ്പുറത്ത് വ്യാജ കേസിൽ 17കാരനെ ജയിലിൽ അടച്ചവർ തിരുവനന്തപുരത്ത് കാട്ടിയത് മഹാമനസ്കത
തിരുവനന്തപുരം: പൊലീസ് പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിന്റെ വസ്തുത. എന്നിട്ടും സൈബർ ചതിക്കുഴിയിലൂടെ വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും അപകീർത്തിപ്പെടുത്തിയ സ്കൂൾ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുക്കില്ല. മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന ജുവനൈൽ കേസുകളിൽ കുറ്റാരോപിതരെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഒഴിവാക്കിയിരിക്കുന്നത്.
മലപ്പുറത്ത് പീഡനക്കേസിൽ 17കാരനെ ആഴ്ചകൾ ജയിലിൽ പൊലീസ് അടച്ചത് ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ്. ഒടുവിൽ ഡിഎൻഎ ടെസ്റ്റ് നടത്തിയതു കൊണ്ട് മാത്രം ആ പയ്യൻ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ മൊഴിയിൽ നിരപരാധിയെ ജയിലിൽ അടച്ച കേരളാ പൊലീസ് സൈബർ ലോകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത 17കാരനെ ജുവനൈൽ നിയമത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിടുന്നു. പോക്സോ കേസ് എടുക്കേണ്ട കേസായിരുന്നു ഈ സൈബർ കുറ്റകൃത്യവും.
ഈ പതിനേഴുകാരൻ നടത്തിയിരിക്കുന്നത് വെറും പിഴ ശിക്ഷ മാത്രം ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്തതു കൊണ്ട് തന്നെ പ്രതിയുടെ വിവരങ്ങൾ പൊലീസ് പുറത്തു വിടകുയുമില്ല. സ്കൂളും അച്ഛനും അമ്മയും എല്ലാം അജ്ഞാതർ. അതുകൊണ്ട് തന്നെ ഏതോ ഒരു ഉന്നതന്റെ മകനാണ് പിടിക്കപ്പെട്ടതെന്ന സംശയവും ശക്തം. സൈബർ കേസിലെ വില്ലനെ ഇന്നലെ തന്നെ ഉപദേശം നൽകി പൊലീസ് അച്ഛനും അമ്മയ്ക്കുമൊപ്പം വിട്ടയച്ചു. ഇനി ആരും ഈ കുട്ടിയെ തിരിച്ചറിയില്ല.
ഓൺലൈൻ വഴി വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും അപകീർത്തിപ്പെടുത്തിയ സ്കൂൾ വിദ്യാർത്ഥി സൈബർ പൊലീസിന്റെ പിടിയിൽ എന്നായിരുന്നു വാർത്ത. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റാണു വിദ്യാർത്ഥി ഉപയോഗിച്ചത്. കഴിഞ്ഞ രണ്ടു മാസമായി തിരുവനന്തപുരം ജില്ലയിലെ ഒരു വിദ്യാലയത്തിലെ നിരവധി രക്ഷിതാക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും ലഭിച്ച പരാതികളിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റകൃത്യം ചെയ്ത വിദ്യാർത്ഥിയെ സൈബർ പൊലീസ് കണ്ടത്തിയത്. പക്ഷേ കുട്ടിക്ക് പതിനേഴ് വയസ്സേ ആയുള്ളൂവെന്ന പഴുതിൽ പ്രതിയെ വെറുതെ വിട്ടു.
അപരിചിതരായ ചാറ്റിങ് പങ്കാളികൾക്കു തന്റെ സഹപാഠികളായ വിദ്യാർത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല കമന്റുകൾ ചേർത്ത് എഡിറ്റ് ചെയ്തു ഫോൺ നമ്പർ സഹിതം പോസ്റ്റു ചെയ്യുകയായിരുന്നു സൈബർ കുറ്റകൃത്യം. ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയൽ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്സൈറ്റിൽനിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുന്നതു പ്രയാസമായിരുന്നു. നിരവധി നെറ്റ് വർക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎൻ സർവീസുകളും നിരന്തരം നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണു കുറ്റകൃത്യത്തിലേർപ്പെട്ട ആളെയും കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈൽ ഫോണും കണ്ടെത്തിയത്.
പക്ഷേ അന്വേഷണം എത്തിയത് പ്രമുഖന്റെ മകനിലേക്കെന്നാണ് സൂചന. കുറ്റകൃത്യത്തിനുപയോഗിച്ച ഫോൺ പരിശോധിച്ചപ്പോൾ നിരവധി സഹവിദ്യാർത്ഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചു. ഇത് ഫലത്തിൽ പോക്സോ കേസാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രം പോലും സൈബർ ലോകത്ത് പ്രചരിപ്പിച്ചു. പക്ഷേ ഇവിടെ ആരും ഈ കുട്ടിക്ക് മുകളിൽ പോക്സോ ചുമത്തിയില്ല. പകരം ഐടി ആക്ടിലെ പിഴ ശിക്ഷാ വകുപ്പുകൾ ചുമത്തി വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണു വിദ്യാർത്ഥി വ്യാജ നിർമ്മിതിയിൽ പ്രചരിപ്പിച്ചത്. സഹപാഠികളെയും അദ്ധ്യാപകരെയും ഭീതിയിലാഴ്ത്തുകയെന്ന ഉദ്ദേശ്യത്തിലും ഒരിക്കലും പിടിക്കപ്പെടില്ലെന്ന മിഥ്യാധാരണയിലുമാണ് ഇതു ചെയ്തതെന്നു വിദ്യാർത്ഥി പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. അതുകൊണ്ട് അറിഞ്ഞു കൊണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അപമാനിച്ചുവെന്നും വ്യക്തം. പക്ഷേ അതിന് തക്ക കേസ് ഇവിടെ എടുത്തുമില്ല.
മറുനാടന് മലയാളി ബ്യൂറോ