- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപിലെ ഡിപി പട്ടാള യൂണിഫോം; സൈനികനെന്ന് പരിചയപ്പെടുത്തി ബസ് ബുക്ക് ചെയ്യാനായി വിളിച്ച് ട്രാവൽസ് ഉടമയുടെ അക്കൗണ്ടിൽ നിന്നു കവർന്നത് 1.20 ലക്ഷം; ഇത് ഫോൺ കോളുകളെ കരുതിയിരിക്കേണ്ട കാലം; ഓൺലൈൻ തട്ടിപ്പിന്റെ മലപ്പുറത്തെ പുതിയ വെർഷൻ ഇങ്ങനെ
മലപ്പുറം: മലപ്പുറം കോഴിച്ചെന ആർആർആർ ക്യാംപിൽ നിന്നു സൈനികരെ മുംബൈയിലെ കലീന ക്യാംപിലേക്കു കൊണ്ടുപോകുന്നതിനു ബസ് ബുക്ക് ചെയ്യാൻ വിളിച്ച ട്രാവൽ ഉടമയിൽനിന്നും പട്ടാളക്കാരനെന്ന് പരിചയപ്പെടുത്തി വ്യക്തി 1.20 ലക്ഷം കവർന്നതായി പരാതി. ഇയാളുടെ വാട്സാപിലെ ഡിപിയും പട്ടാള യൂണിഫോം ആയിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.
മലപ്പുറം വളാഞ്ചേരി മുത്തു ഷൈൻ ട്രാവൽസ് ഉടമ മുഹമ്മദ് മുസ്തഫയാണു തട്ടിപ്പിനിരയായത്. പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ഈ മാസം 15ന് രാവിലെ മുസ്തഫയുടെ മൊബൈലിലേക്ക് വന്ന ഫോൺവിളിയിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഹിന്ദിയിലായിരുന്നു സംസാരം. വാട്സാപിലെ ഡിപി പട്ടാള യൂണിഫോം ധാരികളുടേതായിരുന്നു. കോഴിച്ചെന ആർആർആർ ക്യാംപിൽ നിന്നു സൈനികരെ മുംബൈയിലെ കലീന ക്യാംപിലേക്കു കൊണ്ടുപോകുന്നതിനു ബസ് വേണമെന്നായിരുന്നു ആവശ്യം.
ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയപ്പോൾ അങ്ങനെയൊരു ക്യാംപുണ്ട്. വിളിച്ചയാൾ ആവശ്യപ്പെട്ടതനുസരിച്ച് ബസിന്റെ രേഖകളും രണ്ടു ഡ്രൈവർമാരുടെ ലൈസൻസും വാട്സാപ്പിൽ അയച്ചു കൊടുത്തു. പല കാര്യങ്ങൾ സംസാരിക്കാനായി മൊബൈലിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും തട്ടിപ്പുകാർ മാറി മാറി വിളിച്ചു. കാര്യങ്ങളെല്ലാം സംസാരിച്ച ശേഷം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ്, 20,000 രൂപ മുൻകൂറായി അക്കൗണ്ടിലിട്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞു വിളിച്ചു.
ഓൺലൈൻ ബാങ്കിങ് വഴി പരിശോധിച്ചപ്പോൾ പണമെത്തിയിട്ടില്ലായിരുന്നു. ഇത് അറിയിച്ചപ്പോൾ ഉടൻ എത്തുമെന്നും അക്കൗണ്ട് തുറന്നുവയ്ക്കാനും ആവശ്യപ്പെട്ടു. പിന്നീട് മിനിറ്റുകൾക്കകം 5 തവണകളിലായി 1.20 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. 4 തവണ 20,000 രൂപയും ഒരു തവണ 40,000 രൂപയുമാണ് പിൻവലിച്ചത്.
പണം നഷ്ടപ്പെട്ടതായി മനസ്സിലായതോടെ ബാങ്കിലെത്തി അക്കൗണ്ട് ലോക്ക് ചെയ്തു. തട്ടിപ്പ് നടത്തിയ ഫോണിലേക്കു വാട്സാപ് കോൾ ഇപ്പോഴും പോകുന്നുണ്ട്. പക്ഷേ, അറ്റൻഡ് ചെയ്യുന്നില്ലെന്നു പരാതിക്കാരൻ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്