- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎസ്എൻഎൽ സിം കാർഡിന്റെ കെ വൈ സി പുതുക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്ത് 10 രൂപ അയയ്ക്കാൻ നിർദ്ദേശം; അറുപതുകാരന് പോയത് അക്കൗണ്ടിലെ മുഴുവൻ പണവും; ഒ.എൽ.എക്സിൽ ക്യാമറ മേടിച്ച യുവാവിന് 25000 രൂപ നഷ്ടമായി; ഓൺലൈൻ തട്ടിപ്പിൽ പണം തിരിച്ച് പിടിച്ചത് ഇങ്ങനെ
കൊച്ചി : ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരിച്ചെടുത്ത് നൽകി റൂറൽ സൈബർ പൊലീസ്. എടത്തല പുക്കാട്ടുപടി സ്വദേശിയായ അറുപതുകാരന് അക്കൗണ്ടിലുണ്ടായിരുന്ന 74498 രൂപയാണ് നഷ്ടപ്പെട്ടത്. ബി.എസ്.എൻ.എൽ കണക്ഷനുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സിം കാർഡിന്റെ കെ.വൈ.സി യുടെ കാലാവധി കഴിഞ്ഞെന്നും ഉടൻ പുതുക്കിയില്ലെങ്കിൽ സേവനം അവസാനിക്കുമെന്നും പറഞ്ഞാണ് മൊബൈലിൽ മെസേജ് വന്നത്.
ബന്ധപ്പെടാൻ പറഞ്ഞ മൊബൈൽ നമ്പറിൽ ഇദ്ദേഹം വിളിച്ചു. ഒരു ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ സംഘം നിർദ്ദേശിച്ചു. ബി.എസ്.എൻ.എൽ ലിലേതുമായി സാദൃശ്യമുള്ളതായിരുന്നു ആപ്പ്. ഇത് ഡൗൺ ലോഡ് ചെയ്തതിനു ശേഷം അതുവഴി പത്ത് രൂപ അയക്കാനും ആവശ്യപ്പെട്ടു. എല്ലാം ചെയ്തു കഴിഞ്ഞ് മണിക്കൂറുകൾക്കകം അക്കൗണ്ടിലുള്ള തുക മുഴുവൻ തട്ടിപ്പുസംഘം തൂത്തു പെറുക്കി കൊണ്ടുപോവുകയായിരുന്നു.
ഉടനെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. എസ്പി.യുടെ നിർദ്ദേശത്തെ തുടർന്ന് സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തുക പോയിരിക്കുന്നത് ഓൺലൈൻ ഗയിം കളിക്കുന്ന അക്കൗണ്ടിലേക്കാണെന്ന് അന്വേഷണത്തിൽ മനസ്സിലായി. ഗെയിമിന്റെ ലീഗൽ സെല്ലുമായി പൊലീസ് ബന്ധപ്പെടുകയും പണം അറുപതുകാരന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
ഒ.എൽ.എക്സിൽ ക്യാമറ വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട യു.സി കോളേജ് സ്വദേശിയായ യുവാവിന് 25000 രൂപയാണ് നഷ്ടപ്പെട്ടത്. പരസ്യത്തിൽ ഉണ്ടായിരുന്ന നമ്പറുമായി യുവാവ് ബന്ധപ്പെട്ടു. ആർമി ഉദ്യോഗസ്ഥനാണ് നെടുമ്പാശേരി എയർ പോർട്ടിലാണ് ജോലി ഇപ്പോൾ ആലുവയിലുണ്ട് എന്നും പരസ്യം നൽകിയ ആൾ പറഞ്ഞു. പണത്തിന് അത്യാവശ്യമായതു കൊണ്ടാണ് വിലകൂടിയ ക്യാമറ അറുപതിനായിരം രൂപയ്ക്ക് വിൽക്കുന്നതെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് 25000 രൂപ അക്കൗണ്ട് വഴി അഡ്വാൻസും നൽകി. പിന്നീട് ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോഴാണ് യുവാവ് എസ്പി യ്ക്ക് പരാതിനൽകിയത്. സൈബർ പൊലീസ് സ്റ്റേഷൻ ടീം ഉടനെ ഇടപെട്ട് പണം കൈമാറിയ അക്കൗണ്ട് ഫ്രീസ് ചെയ്യുകയും പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഓൺലൈൻ ഇടപാടുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്ന് എസ്പി കെ. കാർത്തിക്ക് പറഞ്ഞു. ഇത്തരം സന്ദേശങ്ങളും, പരസ്യങ്ങളും യഥാർത്ഥത്തിലുള്ളതാണോ എന്ന് ഉറപ്പുവരുത്തുക. ആപ്പുകൾ സൂക്ഷിച്ച് ഡൗൺലോഡ് ചെയ്യണമെന്നും എസ്പി പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.ബി ലത്തീഫ്, എസ്ഐ സി.കൃഷ്ണകുമാർ, സി.പി.ഒ മാരായ പി.എസ് ഐനീഷ്, ജെറി കുര്യാക്കോസ്, സിഐ ഷിറാസ് അമീൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
മറുനാടന് മലയാളി ലേഖകന്.