മസ്‌ക്കറ്റ്: ഒമാനിൽ സൈബർ അറ്റാക്കുകൾ പെരുകി വരുന്നതായി സൈബർ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങളിലെ 60-ഓളം കുട്ടികൾ ഇത്തരത്തിൽ സൈബർ കവർച്ചകൾക്കു വിധേയരായിട്ടുണ്ടെന്നും നാല്പതോളം കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിദഗ്ദ്ധർ മുന്നറിയിപ്പു നൽകി. ഓൺലൈൻ തട്ടിപ്പുകൾ ഏറി വരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ഏതുസംവിധാനവും സുരക്ഷിതമായി കാത്തുസൂക്ഷിക്കാനും പ്രത്യേകിച്ച് കുട്ടികളെ ബ്ലാക്ക് മെയിലിൽ നിന്നും മറ്റും സംരക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ഫോറത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും കുട്ടികളെ ബ്ലാക്ക്‌മെയിലർമാരിൽ നിന്നു സംരക്ഷിക്കാനുള്ള സുരക്ഷാമാർഗങ്ങളും ചർച്ച ചെയ്യപ്പെട്ടു. കുട്ടികൾ ഒരു ദിവസം ഒരു മണിക്കൂറിലധികം നേരം ഇലക്ട്രോണിക് ഉപകരണങ്ങൾക്കു മുന്നിൽ ഇരിക്കാൻ അനുവദിക്കരുതെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനു പകരം ടാബ്ലറ്റുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയുടെ മുന്നിൽ ചടഞ്ഞുകൂടാൻ മാതാപിതാക്കളും അനുവദിക്കുകയാണ്.

ഒക്ടോബർ ആദ്യ രണ്ടാഴ്ചയിൽ തന്നെ മൊത്തം 161 സൈബർ ബ്ലാക്ക് മെയിലിങ് കേസുകൾ ഇൻഫർമേഷൻ ടെക്‌നോളജി അഥോറിറ്റിക്കു മുന്നിൽ എത്തിയിട്ടുണ്ട്. ആളുകൾ ഇത്തരത്തിൽ ബ്ലാക്ക് മെയിലിങ് കേസുകളിൽ പരാതി കൊടുക്കാൻ തയാറാകുന്നുണ്ടെന്നാണ് ഇതുവെളിവാക്കുന്നത്.