തിരുവനന്തപുരം: ബാർ പൂട്ടൽ ഗുണകരമാക്കാൻ ഓൺലൈൻ വിപണി സജീവമാകുന്നു. കുടിയന്മാരെ കൊതിപ്പിച്ച് വാറ്റുപകരണങ്ങളുമായി ഓൺലൈൻ വിപണിയെത്തുമ്പോൾ പഠന സഹായിയായി യൂട്യൂബ് വിഡിയോകളും ഉണ്ട്.

ബാറുകൾ പൂട്ടിയതോടെ വീട്ടിലിരുന്ന് മദ്യം അനായാസമായി വാറ്റാനുള്ള സാദ്ധ്യതയാണ് ഓൺലൈൻ വിപണി വിശദീകരിക്കുന്നത്. അന്താരാഷ്ട്ര പോർട്ടലുകളിലൂടെ ഉപകരണങ്ങൾ ലഭിക്കുന്നതോടെ സംസ്ഥാനത്തേക്ക് ഇവ എത്തുമോയെന്ന ആശങ്കയിലാണ് എക്‌സൈസ് വകുപ്പ്. ഹോം ആൽക്കഹോൾ ഡിസ്റ്റിലറി എന്ന പേരിൽ അറിയപ്പെടുന്ന ഉപകരണങ്ങളാണ് ഓൺലൈനിൽ ലഭിക്കുന്നത്. അലിബാബ, ഇ ബേ തുടങ്ങിയ വമ്പൻ ശൃംഖലകളുടെ സൈറ്റുകളിലാണ് ഇവയുടെ പരസ്യം. ഇത് ഇന്ത്യയിൽ ഡെലിവറി ലഭിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

രണ്ട് കമ്പനികൾക്കും ഇന്ത്യയിൽ നൂറുകണക്കിന് വിതരണക്കാരുണ്ടത്രെ. യു.എസ് കമ്പനികൾ നിർമ്മിക്കുന്ന വാറ്റുപകരണങ്ങളാണ് പോർട്ടലുകളിൽ കാണുന്നത്. 110 യു.എസ് ഡോളർ മുതൽ 200 വരെയാണ് വില. ഏകദേശം 7000 മുതൽ 12000 രൂപ വരെ. പലതും സ്റ്റെയിൻലെസ് സ്റ്റീലു കൊണ്ട് നിർമ്മിച്ചവയാണെന്നും സുരക്ഷിതവുമെന്നുമാണ് കമ്പനികളുടെ അവകാശ വാദം. എന്നാൽ, ഇത്തരം ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് അബ്കാരി നിയമപ്രകാരം പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഇതിനൊപ്പമാണ് യു ട്യൂബ് വിഡിയോകൾ പ്രചരിക്കുന്നത്. എങ്ങനെ മദ്യം വാറ്റിയെടുക്കാമെന്നാണ് ഇവ പറയുന്നത്. വാറ്റുപകരണങ്ങൾ ഓൺലൈനിൽ നിന്ന് വാങ്ങി യു ട്യൂബ് കണ്ട് മലയാളി സ്വന്തമായി മദ്യം വാറ്റുമോ എന്നതാണ് ഇനി അറിയേണ്ടത്.