ആലുവ: ഓൺലൈൻ തട്ടിപ്പ് വഴി യുവാവിന് നഷ്ടമായ 70000 രൂപ തിരിച്ചു പിടിച്ച് സൈബർ പൊലീസ്. ഇന്റർനെറ്റിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ പരതി, കിട്ടിയ നമ്പറിൽ വിളിച്ച കിഴക്കമ്പലം സ്വദേശിയായ യുവാവിനാണ് അക്കൗണ്ടിൽ നിന്നും 70000 രൂപ നഷ്ടമായത്. കൃത്യസമയത്ത് റൂറൽ സൈബർ പൊലീസിന്റെ ഇടപെടൽ മൂലമാണ് പണം തിരിച്ചു കിട്ടാൻ നടപടിയായത്.

പ്രമുഖ ബാങ്കിൽ അക്കൗണ്ട് ഉള്ളയാളാണ് കിഴക്കമ്പലം സ്വദേശിയായ യുവാവ്. ഒരു ട്രാൻസാക്ഷൻ നടത്തിയിട്ട് ശരിയാകാത്തതു കാരണം ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടാനാണ് ഇദ്ദേഹം ഇന്റർനെറ്റിൽ നമ്പർ പരതിയത്. ബാങ്കിന്റെ പേരിൽ കിട്ടിയ നമ്പറാകട്ടെ ഒൺലൈൻ തട്ടിപ്പുസംഘത്തിന്റേതായിരുന്നു.

ഇത് അറിയാതെ യുവാവ് വിളിച്ചപ്പോൾ തട്ടിപ്പ് സംഘം ബാങ്കിന്റെ അധികൃതരാണെന്ന രീതിയാലാണ് സംസാരിച്ചത്. അവർ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശം നൽകി. ആപ്പ് ഡൗൺലോഡ് ചെയ്തതതോടെ യുവാവിന്റെ മൊബൈൽ ഫോണിലുള്ള വിവരങ്ങളും, സ്‌ക്രീനിൽ വരുന്ന കാര്യങ്ങളും തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തി. ഉടനെ തന്നെ യുവാവിന്റെ ക്രഡിറ്റ് കാർഡിലുണ്ടായിരുന്ന 70000 രൂപ നഷ്ടമായി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി.

എസ്‌പിയുടെ നിർദ്ദേശത്തെ തുടർന്ന് പെട്ടെന്നു തന്നെ സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് പരിശോധിച്ചപ്പോൾ തട്ടിപ്പുസംഘം ഈ പണം ഉപയോഗിച്ച് ഓൺലൈൻ വ്യാപാര സൈറ്റിൽ നിന്നും ഒരു ലാപ് ടോപ്പും, ഒരു മൊബൈൽ ഫോണും പർച്ചേസ് ചെയ്തതായി കണ്ടെത്തി. പെട്ടെന്ന് തന്നെ ഈ പർചെയ്‌സ് മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞു. പണം യുവാവിന്റെ അക്കൗണ്ടിലെത്തിക്കാനുള്ള നടപടിയും സ്വീകരിച്ചു.

ഇൻസ്‌പെക്ടർ എം.ബി ലത്തീഫ്, എസ്‌ഐ എം.ജെ.ഷാജി, സി.പി.ഒ മാരായ വികാസ് മണി, പി.എ.റഫീക്ക്, ജറി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇന്റർനെറ്റിൽ ബാങ്കിന്റെയും മറ്റും നമ്പറുകൾ പരതി, അതിൽ നിന്ന് ലഭിക്കുന്ന നമ്പറുകളിൽ വിളിക്കുമ്പോൾ സൂക്ഷിക്കണമെന്ന് എസ്‌പി കാർത്തിക്ക് പറഞ്ഞു. ഇങ്ങനെ വിളിക്കുമ്പോൾ പലപ്പോഴും എത്തിച്ചേരുക തട്ടിപ്പുസംഘത്തിന്റെ അടുത്തായിരിക്കും. അവർ പറയുന്ന ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴും, വിവരങ്ങൾ കൈമാറുമ്പോഴും പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഓൺലൈൻ തട്ടിപ്പുകൾക്ക് വിധേയരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും എസ്‌പി മുന്നറിയിപ്പു നൽകി.