'നാടകുത്ത്' എന്ന 'അതിസുന്ദരമായ' ഒരു കളിയുണ്ടായിരുന്നു പണ്ട് കോഴിക്കോട് അങ്ങാടിയിലൊക്കെ. ഒരുപാട് മടക്കിവെച്ച നാടയുടെ കൃത്യം മൂലനോക്കി പെൻസിൽകൊണ്ട് കുത്തിയാൽ ഇരിട്ടിക്കാശ്. ആദ്യം പത്തുരൂപവച്ചാൽ നിങ്ങൾക്ക് ഇരിട്ടി കിട്ടും. അതുവെച്ച് അമ്പതും നൂറും വച്ചാൽ പോയതുതന്നെ. നാടകുത്തുമൂലം ഒരാൾക്കും പണം കിട്ടില്ല. കാരണം, കുത്തുന്നിടത്തല്ല, വലിക്കുന്നിടത്താണ് അതിന്റെ ഗുട്ടൻസ് കിടക്കുന്നത്. വലിക്കുന്നതാവട്ടെ കളിക്കാരനാണ്, പണം വെക്കുന്നവല്ല. അതായത് ആ കളിയുടെ ജയവും പരാജയവും തീരുമാനിക്കുന്നത് അയാളാണ്. അതുകൊണ്ടാണ് അത് ഭാഗ്യത്തിന്റെ സഹായമുള്ള ഒരു ചൂതാട്ടം അല്ല മറിച്ച് ഒരു തട്ടിപ്പാണെന്ന് പറയുന്നത്.

പത്തും അമ്പതും രൂപക്ക് നാടകുത്തിയവനെ തെരുവിന്റെ ഓരങ്ങളിൽനിന്ന് അടിച്ചോടിക്കാൻ നമ്മുടെ പൊലീസിന് കഴിഞ്ഞു. എന്നാൽ ലക്ഷക്കണക്കിന് രൂപവെച്ച്, ഓൺലൈനിൽ ചൂതാടുന്നവനെ നിയന്ത്രിക്കാൻ നിയമവുമില്ല. ചീട്ട് കളിപോലെ നമ്മുടെ സ്‌കില്ലുകൊണ്ട് മാത്രം ജയിക്കാൻ കഴിയുന്ന കളിയല്ല, ഓൺലൈൻ റമ്മിയും മറ്റും. കൊറിയിലെയും, തായ്ലണ്ടിലെയും, ജപ്പാനിലെയുമൊക്കെ കുശാഗ്രബുദ്ധിക്കാരായ, ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഗെയിം ഡിസൈനഴ്സ് അത് ഉണ്ടാക്കുന്നതുതന്നെ, നാടകുത്തുകാരനെപ്പോലെ ജയവും പരാജയവും തങ്ങൾക്ക് തീരുമാനിക്കാൻ കഴിയുന്ന രീതിയിലാണെന്ന് പുതിയ പഠനങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ലോകത്തിൽ എവിടെയും ഓൺലൈൻ റമ്മികൊണ്ട് കോടികൾ സമ്പാദിച്ചുവെന്ന് അവകാശപ്പെടുന്നവരെ അല്ലാതെ, ശരിക്കും കിട്ടിയവരെ നിങ്ങൾക്ക് കാണിച്ച് തരാൻ കഴിയാത്തത്. പക്ഷേ നമ്മുടെ സുപ്രീം കോടതി അടക്കം പറയുന്നത്, ഇത് ഒരാളുടെ വ്യക്തിപരമായ മികവുകൊണ്ട് ജയിക്കാൻ കഴിയുന്ന കളി ആണെന്നാണ്.

എന്നാൽ അത് മരണക്കളിയാവുകയാണ്. ഈ ലോക്ഡൗണിനുശേഷം നാം മൊബൈ ഫോണിലേക്ക് കൂടുതൽ അടുത്തപ്പോൾ കിട്ടിയ ഈ പാർശ്വഫലം മൂലം, കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്തവർ 20 പേരാണ്! കിടപ്പാടം പോയവരും, കടക്കെണിയിൽ ആയവരും ആയിരങ്ങളും. ശരിക്കും കേരളം കളിച്ച് തീരുകയാണ്.

ഇന്ന് ലോകത്തെ ഗ്യാബ്ലിങ് വ്യവസായത്തിന്റെ മൂല്യം 50,000 കോടി ഡോളറോളമാണ്. സ്ലോട്ടോ ക്യാഷ് കസിനോ, വെഗസ്സ് ക്രിസ്റ്റ് കസിനോ, ലക്കി ക്രീസ് കസിനോ എന്നിവ ആഗോളതലത്തിൽ ചൂതാട്ടത്തിനു പേരെടുത്ത കമ്പനികളാണ്. ഓൺലൈൻ ഗ്യാബ്ലിങ്ങിന്റെ കുത്തക അമേരിക്കയുടെയും ജപ്പാന്റെയും കൈകളിലാണ്. ഇപ്പോൾ ഇത്തരം കമ്പനികളുടെ കഴുകൻ കണ്ണുകൾ നീളുന്നത് ഇന്ത്യയിലേക്കാണ്. ഭാര്യയെ പണയം വെച്ച് ചൂതുകളിച്ച രാജാവിന്റെ നാടുകൂടിയാണ് ഭാരതം. അവിടെയിപ്പോൾ അഭിനവ ശകുനിമാരാണ് തന്ത്രങ്ങൾ മെനയുന്നത്. കിടപ്പാടവും സ്വത്തും സ്വർണ്ണാഭരണങ്ങളുമൊക്കെ, നഷ്ടപ്പെട്ട്, ദിവസങ്ങൾക്കുള്ളിൽ ലക്ഷങ്ങളുടെ കടക്കാരനായി അജ്ഞാതവാസമോ, അല്ലെങ്കിൽ ആത്മഹത്യയോ ആണ് അവർക്ക് മുന്നിലുള്ളത്. 

ക്യാമറാമാൻ തൊട്ട് ഐസ്ആർഒ ജീവനക്കാരൻ വരെ

ഇപ്പോൾ ഓൺലൈൻ റമ്മിക്കെതിരെ വീണ്ടും ശക്തമായ കാമ്പയിൻ വരാൻ കാരണം,
ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാൻ സജയകുമാറിന്റെ ആത്മഹത്യയാണ്. ലക്ഷക്കണക്കിന് രൂപയാണ് റമ്മി കളിച്ച് ഈ ചെറുപ്പക്കാരന് നഷ്ടമായത്. ജീവിതത്തിൽ നിന്ന് കരയറാൻ കഴിയില്ലെന്ന തിരിച്ചറിവിലായിരുന്നു സജയകുമാറിന്റെ ആത്മഹത്യ.കേരളത്തിൽ കഴിഞ രണ്ടുവർഷത്തിനിടെ ഇരുപതിലേറെ ആത്മഹത്യകൾ റമ്മി കളിയിലെ നഷ്ടം കാരണം ഉണ്ടായതാണെന്നാണു പൊലീസിന്റെ കണക്ക്.

2021 മാർച്ചിലാണ്, ആലപ്പുഴ ജില്ലയിലെ മാന്നാർ, മേപ്പാടം കൊട്ടാരത്തിൽ ആർ അർജുൻ, എന്ന 25കാരനായ യുവാവ് ഓൺലൈൻ ചൂതാട്ടത്തിൽപ്പെട്ട്, ആത്മഹത്യ ചെയ്യുന്നത്. സുഹൃത്ത് പണയം വെച്ച ബൈക്ക് തിരിച്ചെടുക്കുന്നതിനായി, അർജുനനെ എൽപ്പിച്ച അറുപതിനായിരം രൂപയും, അർജുന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നുള്ള, ഇരുപത്തിഅയ്യായിരം രൂപയും ചേർത്താണ്, ഓൺലൈൻ റമ്മി കളിച്ചത്. ഒറ്റയടിക്ക് മൊത്തംപോയി. അതോടെ അയാൾ ആത്മഹത്യയിൽ അഭയം തേടി. അതുപോലെ എത്രയെത്രപേർ.

2021 ജനുവരിയിൽ കേരളത്തെ ഞെട്ടിച്ച ഒരു ആത്മഹത്യയായിരുന്നു, തിരുവനന്തപുരം സ്വദേശിയായ വിനീതിന്റെത്. എസ്ആർഒയിൽ താൽക്കാലിക ജീവനക്കാരനായിരുന്നു ഇയാൾ. 21 ലക്ഷം രൂപ ഓൺലൈൻ റമ്മി കളിയിൽ നഷ്ടപ്പെട്ട തോടെയാണ് വിനീത് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഈ മരണം വിവാദമായതോടെയാണ്, ഓൺലൈൻ റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതയിൽ ഹരജി വന്നത്. ഇതേതുടർന്ന് റമ്മിയുടെ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നടൻ അജു വർഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവർക്കാണ് നോട്ടീസ് അയച്ചത്. പൊതു പ്രവർത്തകൻ പോളി വടക്കൻ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാറിനോടും കോടതി വിശദീകരണം തേടിയിരുന്നു.


ഒരു പെൺകുട്ടിക്ക് കടം ഒന്നേമുക്കാൽ കോടി

ഒരു പെൺകുട്ടിക്ക് എതാനും ആഴ്ചകൾക്കിടയിൽ ഒന്നേമുക്കാൽ കോടി രൂപയുടെ കടബാധ്യത ഉണ്ടാവുകയാണെങ്കിൽ പിന്നെ എന്ത് ചെയ്യാൻ കഴിയും. 2021 ഡിസംബർ 12ന് കോഴിക്കോട് കൊയിലാണ്ടി ചേലിയയിൽ തൂങ്ങിമരിച്ച സ്വകാര്യ ടെലികോ സ്ഥാപത്തിലെ ജീവനക്കാരി ബിജിഷയുടെ അനുഭവം ഞെട്ടിക്കുന്നതാണ്. ആത്മഹത്യക്ക് കാരണമായത് ഓൺലൈൻ റമ്മി മൂലമുണ്ടായ കടബാധ്യതയൊണ്. ഗെയിം തലക്ക് പിടിച്ചപ്പോൾ ബിജിഷ നഷ്ടപ്പെടുത്തിയതിൽ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ വരെ. ഒന്നിനു പിന്നാലെ ഒന്നായി കടം വാങ്ങിയും വായ്പയെടുത്തും പണമെറിഞ്ഞ് ബിജിഷ എത്തിപ്പെട്ടത് നിലയില്ലാ കടക്കെണിയിൽ. ഒന്നേ മുക്കാൽ കോടി രൂപയുടെ ഇടപാട് ബിജിഷയുടെ അക്കൗണ്ട് വഴി നടന്നതായി മരണത്തിലെ ദുരൂഹത അന്വേഷിച്ച ജില്ല ക്രൈംബ്രാഞ്ച് കണ്ടെത്തി.

സ്വന്തം വിവാഹത്തിനായി വീട്ടുകാർ കരുതിവെച്ച 35 പവൻ സ്വർണ്ണമാണ് ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി നഷ്ടമാക്കിയത്. വീട്ടുകാർ അറിയാതെയായിരുന്നു ഇത്. പലരിൽ നിന്നും ചെറുതും വലുതുമായ തുകകൾ കടം വാങ്ങിയും കളിച്ചു.
കോവിഡ് കാലത്ത് നേരംപോക്കിന് തുടങ്ങിയതായിരുന്നു ഓൺലൈൻ റമ്മി. പിന്നെ അതൊരു ആവേശമായി. പണം ചെലവാകുന്നതിന് അനുസരിച്ച് പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തി. അത് പണയമായും കടമായും വായ്പയായും എല്ലാം ഉണ്ടായി. പതുക്കെപ്പതുക്കെ കരകയറാനാവാത്ത കടക്കെണിയിലാണ് അകപ്പെട്ടത്. എല്ലാ ഇടപാടുകളും നടത്തിയത് യു.പി.ഐ ആപ്ലിക്കേഷൻ മുഖേനയാണ്. ലക്ഷങ്ങൾ ബാധ്യതയായപ്പോൾ ഓൺലൈൻ ആപ്ലിക്കേഷൻ വഴി വായ്പകളും എടുത്തു.

തിരിച്ചടവ് മുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. പിന്നെ ഭീഷണി ഫോണുകൾ എത്തിത്തുടങ്ങി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും
ഫോണുകളിലേക്ക് ബിജിഷയെപ്പറ്റി മോശം സന്ദേശങ്ങളും വന്നുതുടങ്ങി. വായ്പ നൽകിയ ഓൺലൈൻ ആപ്പുകളായിരുന്നു ഇതിന് പിന്നിൽ. ഇവ കൂടിയായതോടെ നാട്ടിലും കുടുംബത്തിലും ഉണ്ടാവുന്ന അപമാനത്തെ ചൊല്ലിയുള്ള ആധി ബിജിഷയെ വേട്ടയാടി. ഇതെല്ലാം മൂലമുള്ള മാനസിക സമ്മർദ്ദങ്ങൾക്കൊടുവിൽ അവൾ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുകയായിരുന്നു.


ട്രഷറിയിലെ പണം എടുത്ത് ചീട്ടുകളിച്ച വീരൻ

2020 ആഗസ്റ്റിൽ കേരളത്തെ പിടിച്ചകുലുക്കിയ ട്രഷറി തട്ടിപ്പ് കേസിലെ പ്രതി എം ആർ ബിജുലാലിനെ കുടുക്കിയതും ചീട്ടുകളി ഭ്രാന്താണ്. വഞ്ചിയൂർ സബ് ട്രഷറിയിലെ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ടു കോടിയിലേറെ തട്ടിയതിന് ഇതാൾ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടത്. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എന്ന നിലയിൽ ഓഫീസിൽ ഉണ്ടായിരുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് നടത്തിയ ഓൺലൈൻ റമ്മി കളിയാണ് ബിജുലാലിനെ ചതിച്ചത്.

ഓഫീസ് സമയം കഴിഞ്ഞും മണിക്കൂറുകൾ തന്നെ ഇയാൾ വഞ്ചിയൂരെ ഓഫീസിൽ ഇരുന്നു റമ്മി കളിക്കുമായിരുന്നു. അധികം സമയം ജോലി ചെയ്യുന്നു എന്ന വ്യാജേനയാണ് ഇയാൾ റമ്മി കളിയിൽ ഏർപ്പെട്ടത്. ലക്ഷങ്ങൾ ഇതുവഴിയേ ഒഴുകിപ്പോയി. പക്ഷെ ഭാര്യയിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും ഇയാൾ എല്ലാം മറച്ചുവെച്ചിരുന്നു. മുക്കാൽ ലക്ഷത്തിലേറെ ശമ്പളം പറ്റുന്ന ജീവനക്കാരൻ ആയിരുന്നു ഇയാൾ. ഭാര്യക്കും അത്രതന്നെ ശമ്പളമുണ്ട്. എന്നിട്ടും സർക്കാറിന്റെ രണ്ടുകോടിയാണ് ഇയാൾ അടിച്ചുമാറ്റാൻ ശ്രമിച്ചത്. ഓൺലൈൻ റമ്മിയുണ്ടാക്കുന്ന ഭ്രാന്തമായ ആസക്തിയുടെ ചിത്രമാണ് ഇവിടെ ലഭിക്കുന്നത്. തന്റെ കൈയിലെ പണം തീർന്നപ്പോൾ സർക്കാറിന്റെ പണം എടുത്ത് കളിക്കുന്നു.

ഓൺലൈൻ റമ്മികളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, ജീവിതം കൂടിയാണ്. റമ്മികളിയുടെ ചതിക്കുഴിയിൽപ്പെട്ട കോഴിക്കോട്ടെ 23കാരൻ അകപ്പെട്ടത് ലഹരിയുടെ മായിക ലോകത്താണ്. ''ജീവിതം കൈവിടുന്നുവെന്ന് അറിയുന്നുണ്ടായിരുന്നു. പക്ഷേ കരകയറാൻ കളിയുടേയും കഞ്ചാവിന്റേയും ലഹരി അനുവദിച്ചില്ല. വിഭ്രാന്തിയുടെ മൂർത്താവസ്ഥയിൽ കൂലിപ്പണിക്കാരനായ അച്ഛനേയും കിടപ്പുരോഗിയായ അമ്മയേയും മർദ്ദിക്കുന്നതിൽ വരെ കാര്യങ്ങളെത്തി''- ഇപ്പോൾ ചികിത്സയിലുള്ള ഇയാൾ തന്നെ വന്നു കണ്ട മാധ്യമ പ്രവർത്തകരോട് പറയുന്നു.

ഇപ്പോൾ ഈ ചെറുപ്പക്കാരന് ചികിത്സയുടെ കാലം. പിന്നെ തിരിച്ചറിവിന്റേയും. ഇന്നിപ്പോൾ സ്മാർട്ട് ഫോൺ കാണുന്നതും പോലും പേടിയാണ്.സമ്പാദ്യമെല്ലാം ചൂതു കളി കൊണ്ടുപോയ കഥയാണ് കോഴിക്കോട്ടെ ഒരു വീട്ടമ്മയ്ക്ക് പറയാനുള്ളത്. വില്ലനായത് ഭർത്താവിന്റെ ഓൺലൈൻ ചീട്ടുകളി ശീലം. നഷ്ടമായത് അന്യന്റെ അടുക്കളയിൽ വിയർപ്പൊഴുക്കി സ്വരൂകൂട്ടിയ മൂന്നരലക്ഷം രൂപയാണ്.


ലോൺ ആപ്പുകൾ എന്ന ഓൺലൈൻ ബ്ലേഡ്

ഇനി ചീട്ടുകളിച്ച് മുടിയുന്നവർക്ക്, പണം നൽകാൻ ഓൺലൈൻ ആപ്പുകളുമുണ്ട്. ഇത് ശരിക്കും ഒരു ആപ്പു തന്നെയാണെന്ന് അറിയുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരിക്കും.
ബാങ്കിൽ പോയി കാത്തുനിൽക്കുകയോ മറ്റ് നടപടികളുടെ നൂലാമാലകളോ ഇല്ലാതെ പണം വായ്പയായി കിട്ടുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ യുവാക്കളെ കുഴിയിൽ ചാടിച്ച സംഭവങ്ങൾ അടുത്തിടെ നിരവധിയുണ്ടായി. ഇവ വഴി വലിയ തുകയുടെ വായ്പവരെ ലഭിക്കും. എന്നാൽ, തിരിച്ചടവിൽ സാധാരണ വായ്പയുടെ പലിശയെുടെ മൂന്നും നാലും ഇരട്ടിയാണ്.

ഇതിനേക്കാൾ പ്രചാരത്തിലുള്ളത് ചെറിയ തുകകൾ നൽകുന്ന ആപ്പുകളാണ്. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ഇവ പ്രവർത്തിക്കുക. ഇന്റർനെറ്റ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പരസ്യം ചെയ്താണ് ഇവർ ഇരകളെ കണ്ടെത്തുന്നത്.
മൊബൈൽ ഫോണിൽ ഉത്തരം ലോൺ അപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ്ഫോണിലെ കോൺടാക്ട്, സ്വകാര്യ ഫയലുകൾ തുടങ്ങിയ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു.ഒരുവിധ ഈടും ഇല്ലാതെയാണ് തട്ടിപ്പ് സംഘം ചെറിയ തുകകൾ ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക തട്ടിപ്പുകാരുടെ ഭീമമായ സർവിസ് ചാർജ് കഴിച്ചുള്ള നാമ മാത്രമായ തുക ആയിരിക്കും. ഏതാനും ദിവസത്തേക്കു മാത്രം തിരിച്ചടവ് കാലാവധിയുള്ള ഈ ലോൺ തുകയുടെ പലിശ രാജ്യത്തെ നിലവിലെ പലിശയുടെ പതിന്മടങ്ങ് ആണ്. അഞ്ചായിരം രൂപ വായ്‌പ്പയെടുത്ത ഒരു കോഴിക്കോട് സ്വദേശിക്ക്ഒരു മാസം കൊണ്ട് കൊടുക്കേണ്ടി വന്ന പലിശമാത്രം രണ്ടായിരം രൂപയാണ്. ശരിക്കും ഓൺലൈൻ ബ്ലേഡ്.

നിശ്ചിത കാലാവധിക്ക് ഉള്ളിൽ ലോൺ അടക്കാൻ കഴിയാതെ വരുമ്പോൾ വീണ്ടും മറ്റു ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ലോൺ എടുക്കാൻ പ്രേരിപ്പിക്കും. അതിൽനിന്ന് ലഭിക്കുന്ന പണം കൊണ്ട്, പഴയ ലോൺ ക്ലോസ് ചെയ്യാം. പക്ഷേ അതിന് ്ആദ്യത്തേതിനാക്കാൾ കൊള്ളപ്പലിശയാവും. ഇങ്ങനെ കുറഞ്ഞ സമയംകൊണ്ട് ലോൺ എടുത്തവരെ ഭീമമായ കടക്കണിയിലേക്കു തള്ളിയിടും. ലോൺ തിരിച്ചടക്കാനായി തുടർച്ചയായി ഫോൺ കാൾ വഴിയും വാട്സ്ആപ് വഴിയും ഇടപാടുകാരനെ ഭീഷണിപ്പെടുത്തും. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലഭിക്കുന്ന പെർമിഷൻ വഴി തട്ടിപ്പുകാർ കരസ്ഥമാക്കുന്ന ഫോണിലെ കോൺടാക്ട് നമ്പറുകൾ ഉപയോഗിച്ച് ലോൺ എടുത്തയാളുടെ സുഹൃത്തുക്കളെ വിളിച്ചും, അവരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ അശ്ലീല ഗ്രൂപ്പുകൾ നിർമ്മിച്ചും, മോർഫ് ചെയ്ത ഫോട്ടോ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചും സമ്മർദത്തിൽ ആക്കി പണം പിടുങ്ങുന്ന സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി അടക്കമുള്ള ഡിജിറ്റൽ ചൂതാട്ടങ്ങളുടെ വളർച്ചക്ക് ഒപ്പമാണ്, ഓൺലൈൻ ലോൺ ആപ്പുകളും വളർച്ചത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. ജനങ്ങൾ വായ്‌പ്പക്കായി അംഗീകൃത ഏജൻസികളെ സമീപിക്കേണ്ടതും അനാവശ്യ മൊബൈൽ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും പൊലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ ജീവനൊടുക്കിയത് 21പേർ

കേരളത്തിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഒരുപാട് പേരുടെ മരണത്തിന് ഇടയാക്കിയതാണ് ഓൺലൈൻ റമ്മി. തമിഴനാട്ടിൽ ഈ ലോക്ഡൗണിനുശേഷം ഇതുവരെ 21 പേർ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ ഒറ്റയ്ക്കും കുടുംബസമേതവുമുള്ള മരണങ്ങളുണ്ട്. കൊലപാതകങ്ങളും. ചെന്നൈയിലെ പെരുങ്കുടി മേഖലയിൽ 35 വയസ്സുള്ള സ്ത്രീയും പതിനൊന്നും ഒന്നും പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്ന നാലംഗ കുടുംബത്തിന്റെ മരണം, തിരുവാൺമിയൂർ എം.ആർ.ടി.എസ്. റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരൻ ചൂതാട്ടത്തിനുവേണ്ടി തോക്കുചൂണ്ടി പണം കൊള്ളയടിച്ച സംഭവം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഏറ്റവു ഒടുവിലായി ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കിയത് തമിഴ്‌നാട്ടിൽ വലിയ വാർത്തയായിരുന്നു. മണലി ന്യൂ ടൗണിൽ ഭാഗ്യരാജിന്റെ ഭാര്യ ഭവാനി(29)യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

തമിഴ്‌നാട്ടിൽ ആദ്യമായാണ് ഓൺലൈൻ ചൂതാട്ടത്തെത്തുടർന്ന് ഒരു സ്ത്രീ ജീവനൊടുക്കുന്നത്. ഒരുവർഷത്തിനകം 20 ലക്ഷത്തിലേറെ രൂപ ചൂതാട്ടത്തിലൂടെ ഭവാനി നഷ്ടപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. സഹോദരികളോട് പണം കടംവാങ്ങിയും 20 പവൻ സ്വർണം വിറ്റ പണവും ഓൺലൈൻ ചൂതാട്ടത്തിനായി ഉപയോഗിച്ചു.ചൂതാട്ടം മതിയാക്കണമെന്നു വീട്ടുകാർ ശാസിച്ചിരുന്നു. ഞായറാഴ്ച രാത്രി ഭർത്താവിനും കുട്ടികൾക്കുമൊപ്പം സംസാരിച്ചിരുന്ന ഭവാനി പെട്ടെന്ന് കുളിക്കാനെന്നു പറഞ്ഞ് പോവുകയായിരുന്നു. തുടർന്നാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. മൂന്നും ഒന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്.

ഈ സംഭവത്തോടെ സർക്കാരിനെതിരേ വിമർശനങ്ങളും ഉയർന്നുതുടങ്ങി. ഓൺലൈൻ ചൂതാട്ടംകാരണം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇതിനകം ഒട്ടേറെപ്പേർ ജീവനൊടുക്കിയെങ്കിലും നിരോധനം ഏർപ്പെടുത്താനായില്ല.


പരസ്യത്തിലും തട്ടിപ്പ്

'പേര് ആന്റണി ജാക്‌സൺ, വീട് എറണാകുളം ജില്ലയിലെ ചെട്ടിക്കാട്. മുനമ്പം ഹാർബറിലാണ് ജോലി ചെയ്യുന്നത്. ഈ അടുത്ത കാലത്ത് 25000 രൂപ ഞാൻ വിൻ ചെയ്തു. എന്റെ അക്കൗണ്ടിലേക്ക് അത് എത്രയും പെട്ടെന്ന് ക്രൈഡിറ്റ് ആകുകയും ചെയ്തു. ഈ പണം എന്റെ അക്കൗണ്ടിലേക്ക് വന്നപ്പോൾ എനിക്ക് വളരെ അധികം സന്തോഷവും വീണ്ടും കളിക്കണമെന്നും എനിക്ക് തോന്നി.നിങ്ങളും എന്നെ പോലെ കളിച്ചുകൊണ്ടേയിരിക്കൂ' -ഫേസ്‌ബുക്കിലും മറ്റു സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന ഓൺലൈൻ റമ്മിയുടെ പരസ്യമാണിത്. എന്നാൽ ഇത് വെറും ചതിക്കുഴി ആണെന്നും ഓൺലൈൻ റമ്മി കളിച്ച് താൻ കാശുകാരനായിട്ടില്ലെന്നും തുറന്ന് പറയുകയാണ് ഈ പരസ്യത്തിൽ അഭിനയിച്ച ആന്റണി ജാക്‌സൺ.

പരസ്യത്തിൽ അഭിനയിച്ചതിന് തനിക്ക് തുച്ഛമായ പൈസയാണ് ലഭിച്ചത്. സിനിമാ താരങ്ങളൊക്കെ അഭിനയിക്കുന്നത് കണ്ട് ആഗ്രഹം കൊണ്ടാണ് പരസ്യത്തിൽ അഭിനയിച്ചത്. അത് വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ തോന്നുന്നത്. ഞാനിപ്പോഴും ഹാർബറിൽ ജോലി ചെയ്യുന്നുണ്ട്. ആരും ഇതിൽ കളിക്കരുതെന്നാണ് താൻ ഇപ്പോൾ പറയുന്നതെന്നും ജാക്‌സൺ പറയുന്നു.'പരസ്യം ചെയ്തത് ഒരു അബദ്ധമായി തോന്നുന്നു. ഞാൻ അത് നിർത്താൻ കമ്പനിയോട് പറഞ്ഞിട്ടും അത് അവർ കേൾക്കുന്നില്ല. പരസ്യം ചെയ്ത് ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ഇതിന്റെ യഥാർഥ്യം തിരിച്ചറിഞ്ഞിരുന്നു' ജാകൺസൻ പ്രതികരിക്കുന്നു. ഇതുപോലെയാണ് ഓൺലൈൻ റമ്മിയിൽനിന്ന് വൻതുക സമ്പാദിച്ചു എന്ന് പറഞ്ഞുവരുന്ന മറ്റുള്ളവരുടെയും അവസ്ഥ.

മാപ്പു പറഞ്ഞ് മാതൃകയായ ലാൽ

ആത്മഹത്യകൾ വർധിച്ചതോടെ മുനമ്പത്തെ മത്സ്യത്തൊഴിലാളി ആന്റണി ജാക്സന്, തോന്നിയ മനസാക്ഷിക്കുത്തുപോലും നമ്മുടെ സിനിമാതാരങ്ങൾക്ക് ഇല്ല എന്ന് തോനുന്നു. ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരന്മാരോട് അതിൽ നിന്ന് പിന്മാറാൻ സർക്കാർ അഭ്യർത്ഥിക്കണമെന്ന് ഗണേശ് കുമാർ എംഎ‍ൽഎ. കഴിഞ്ഞ ദിവസം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.

'ഓൺലൈൻ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളിൽ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാൻ, വിരാട് കോലി, യേശുദാസിന്റെ മകൻ വിജയ് യേശുദാസ്, ഗായിക റിമി ടോമി,ലാൽ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളിൽ സ്ഥിരമായി കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്നും ഈ മാന്യന്മാർ പിന്മാറാൻ സംസ്‌കാരിക മന്ത്രി സഭയുടെ പേരിൽ അഭ്യർത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവർ' -ഗണേശ് കുമാർ പറഞ്ഞു.അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് സാംസ്കാരിക ന്ത്രി വി.എൻ.വാസവൻ പറഞ്ഞു. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇത്. ഒരു അഭ്യർത്ഥന വേണമെങ്കിൽ നമുക്കെല്ലാവർക്കും നടത്താമെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ ാൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പോൾ അഭിനയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ലാലിന്റെ പ്രതികരണം.'കോവിഡിന്റെ കാലത്ത് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചു. ഗവൺമെന്റ് അനുമതിയോടുകൂടി ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. പക്ഷേ അത് ഇത്രയും വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നോ ആത്മഹത്യയുണ്ടാക്കുമോ എന്നൊന്നും കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളിൽ തലവെക്കില്ല. റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ട്''- അദ്ദേഹം പറഞ്ഞു.

പണം വെച്ചുള്ള ഓൺലൈൻ റമ്മി ഗെയിമുകൾക്കെതിരേ ധനമന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെതി. ഇത്തരം ചൂതാട്ടങ്ങൾക്ക് നിയന്ത്രണം വേണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞും. ഇതിന്റെ നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങൾ പരിശോധിച്ച് അതിനുള്ള നടപടികൾ തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 

'റമ്മി ഒരു കളിയാണ്, അതൊരു ചൂതാട്ടമല്ല'

ഓൺലൈൻ റമ്മികളി നിരോധിക്കാൻ സർക്കാർ പലതവണ ശ്രമം നടത്തിയെങ്കിലും അതൊക്കെ പാളിപ്പോവുകയായിരുന്നു. 2021 ഫെബ്രുവരിയിലാണു സംസ്ഥാന സർക്കാർ ഓൺലൈൻ റമ്മി ആദ്യം നിരോധിച്ചത്. സെപ്റ്റംബറിൽ ഹൈക്കോടതി അതു റദ്ദാക്കി. വൈദഗ്ധ്യം ആവശ്യമായ കളി ആണ് റമ്മിയെന്നും കളിക്കുന്നത് ഓൺലൈൻ പ്ലാറ്റ് ഫോമിലാണ് എന്നീ കാരണങ്ങളാൽ നിരോധനം നിയമവിരുദ്ധവും വിവേചനവുമാണെന്നാണ് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. വൈദഗ്ധ്യം വേണ്ട ഗെയിമുകൾ ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. വൈദഗ്ധ്യാധിഷ്ഠിത ഗെയിമുകൾ വിനോദത്തിനോ പണത്തിനോ വേണ്ടി കളിച്ചാലും ചൂതാട്ടമല്ലെന്നാണ് കേന്ദ്രനിയമം. ഇത് മുതലെടുത്താണ് ഓൺലൈൻ മരണക്കളി തുടരുന്നത്.

ഓൺലൈൻ റമ്മി നിരോധിക്കുകയും നേരിട്ടു കളിക്കുന്നതിന് ഇളവ് അനുവദിക്കുകയും ചെയ്യുന്നത് വിവേചനം ആണെന്നും കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 23ന് 1960-ലെ കേരള ഗെയിമിങ് ആക്ടിൽ മാറ്റംവരുത്തിയാണ് പണം വച്ചുള്ള ഓൺലൈൻ റമ്മികളി സംസ്ഥാന സർക്കാർ നിരോധിച്ചത്.

നേരത്തെ തമിഴ്‌നാട് സർക്കാർ ഓൺലൈൻ റമ്മി നിരോധിച്ചപ്പോഴും അവർ കോടതിയിൽ പോയി ഉത്തരവ് റദ്ദാക്കിപ്പിക്കയായിരുന്നു. 2020 നവംബറിൽ അന്നത്തെ എ.ഐ.എ.ഡി.എം.കെ. സർക്കാർ ഓൺലൈൻ റമ്മി നിരോധിക്കുമെന്നും പിന്നിലുള്ളവരെ അറസ്റ്റുചെയ്യാൻ ഉതകുംവിധം നിയമഭേദഗതി കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. പക്ഷേ, അത് പാതിവഴിയിൽ നിന്നു.

പിന്നീട് 2021ൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വീണ്ടും നടപടി തുടങ്ങുകയും തമിഴ്‌നാട് സർക്കാരിന്റെ ഗെയിമിങ് നിയമഭേദഗതി പ്രാബല്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ നിയമ ഭേദഗതിയെ ചോദ്യംചെയ്തുകൊണ്ട് ഒട്ടേറെ കമ്പനികളുടെ ഹർജികൾ പരിഗണിച്ച് ഇത്തരമൊരു നിരോധനം ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. രണഘടനപ്രകാരം ആർക്കും ഏതുതൊഴിലും വ്യാപാരവും ചെയ്യാനുള്ള അവകാശമുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി.

ഓൺലൈൻ റിയൽമണി ഗെയിമുകളിൽ യുവാക്കൾ വൻ തുക വാതുവെപ്പ് നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിനെതിരേ 2021 ഡിസംബറിൽ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇതിപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും 'റമ്മി ഒരു കളിയാണ്, അതൊരു ചൂതാട്ടമല്ല' എന്ന് പ്രഖ്യാപിച്ച സുപ്രീം കോടതിയുടെ മുൻകാലവിധിയാണ് തടസ്സമാകുന്നത്. അതുകൊണ്ടുതന്നെ നയപരമായ തീരുമാനങ്ങളെടുക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെങ്കിലും ഭരണഘടനയ്ക്ക് വിധേയമാകും. അതിൽ ഇടപെടാൻ സുപ്രീംകോടതിക്ക് മാത്രമേ അധികാരമുള്ളൂ.
അതാണ് നിയമം കൊണ്ടുവരുന്നതിൽ തടസ്സം നിൽക്കുന്നതെന്നാണ് അറിയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ തന്നെ പഴുതടച്ച നിയമം കൊണ്ടുവരണം എന്നാണ് ആവശ്യം.


ഒരിക്കലും ലാഭം കിട്ടാത്ത തട്ടിപ്പ്

പക്ഷേ ഓൺലൈൻ റമ്മികളിയെ പറ്റി പഠിച്ചവർ പറയുന്നത് ഇത് ഒരു കാരണവശാലും ലാഭം കിട്ടാത്ത ഒരു തട്ടിപ്പാണ് ആണെന്നാണ്. കൊറിയയും, ജപ്പാനും, യുഎസ് കേന്ദ്രീകരിച്ച വൻ ചൂതാട്ടലോബിയാണ് ഇത്തരം കളികളുടെ പിന്നിൽ. ആദ്യമൊക്കെ അവർക്ക് ചെറു വിജയങ്ങൾ കിട്ടും. ഇതിന്റെ കോഡിങ്ങ് ആ വിധമാണ് സജ്ജമാക്കിയിട്ടുള്ളത്. എന്നാൽ പിന്നീട് പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. ഈ രീതിയിലാണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. അല്ലാതെ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജയിക്കാൻ കഴിയുന്ന കളിയല്ല.

എന്നാൽ പോക്കർ പോലുള്ള ഓൺലൈൻ ഗെയിമുകൾ വിജയിക്കുന്നത് ചാൻസു കൊണ്ടല്ല സ്‌കില്ലു കൊണ്ടാണെന്ന് വാദിക്കുകയായിരുന്നു പോക്കർ റമ്മിക്കാർ ചെയ്യുന്നത്. മാത്രമല്ല ഇത് ചെസ് പോലെ ബുദ്ധി ഉപയോഗിച്ച് നടത്തുന്ന വിനോദമാണെന്ന് പ്രചരിപ്പിക്കാൻ ചില വ്യക്തികളെ അവർ ഉയർത്തി കാട്ടുകയും ചെയ്യും. നികിതാ ലൂതറെ പോലുള്ള പോക്കർ കളിക്കാരെ ഇവർ ഉയർത്തിക്കാട്ടുന്നത് ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന് സമാനമായാണ്. ഗണിതശാസ്ത്രത്തിലെ അസാമാന്യം പാടവും ബുദ്ധി കൂർമ്മതയുമാണ് തന്റെ വിജയത്തിന് നിദാനമെന്നാണ് നികിതാ അവകാശപ്പെടുന്നത്.

ആൾ ഇന്ത്യാ ഗെയിമിങ്ങ് ഫെഡറേഷൻ എന്ന സംഘടന രൂപീകരിച്ച് ഈ ഗെയിമിന്റെ പ്രാചാരണത്തിനായി അവർ എല്ലാ ഒത്താശയും ചെയ്യുന്നു. അമേരിക്കയിലെ എംഐടിയുടെ സ്ലോവൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്‌റ് മുതൽ നമ്മുടെ കോഴിക്കോട് ഐഐഎമ്മിൽ വരെ പോക്കർ തിയറി പഠിപ്പിക്കുവെന്ന പ്രചരണമൊക്കെ ഇവർ നടത്തുന്നുണ്ട്. പക്ഷേ ഇത് തെറ്റാണെന്നാണ് ടോണി ലൂതറെപ്പോലെ ഓൺലൈൻ ചൂതാട്ടത്തെ കുറിച്ച് പഠിച്ചവർ പറയുന്നത്. '' പോക്കർ തിയറി ഫോളോ ചെയ്താൽ ബുദ്ധി വർധിക്കുമെന്നും, ഓൺലൈൻ ചീട്ട് കളിച്ചാൽ ഏകാഗ്രത ഉണ്ടാവും എന്നതൊക്കെ ശാസ്ത്രീയമായ പിൻബലമില്ലാത്ത വാദങ്ങളാണ്. ഞാൻ ഈ വിഷയത്തിൽ അഞ്ചൂറോളം കേസ് സ്റ്റഡികൾ നടത്തിയിട്ടുണ്ട്. പോക്കർ ഗെയിമുകളിൽനിന്ന് നഷ്ടപ്പെട്ടവരെ അല്ലാതെ നേടിയവരെ ഞാൻ കണ്ടിട്ടില്ല''- ദ ഗാർഡിയനിൽ എഴുതിയ ലേഖനത്തിൽ ടോണി ലൂതർ ചൂണ്ടിക്കാട്ടുന്നു.

.മഹാഭൂരിപക്ഷം പരാജിതരെ നമ്മുടെ മുമ്പിൽ നിന്ന് സമർത്ഥമായി മറച്ചുവെച്ച് എതാനും വിജയികളെ മാത്രം എടുത്തുകാട്ടിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇനിയുള്ള കുറേ വർഷങ്ങളിൽ ഓൺലൈൻ ഗെയിമിങ്, ഇന്റർനെറ്റ് സേവനം, ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള പരസ്യം എന്നീ മൂന്ന് മേഖലകൾക്കാണ് മാധ്യമ രംഗത്ത് ഏറ്റവും അധികം വളർച്ച വാഗ്ദാനം ചെയ്യ്തിട്ടുള്ളത്. മറ്റ് സാമ്പ്രദായിക മാധ്യമങ്ങൾ തളരുമ്പോൾ ഇവ വളരും. അപ്പോൾ സർക്കാറിന്റെ നിയന്ത്രണം വേണം. ഇല്ലെങ്കിൽ ഇനിയും ഇത്തരം ആത്മാഹുതികൾ ആവർത്തിക്കും. മാത്രമല്ല റെസ്പോസിബിൾ ഗാംബ്ലിങ്ങ് എന്ന സാധനമാണ് വിദേശ രാജ്യങ്ങളിലൊക്കെയുള്ളത്. ഒരു ചൂതാട്ടത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് നന്നായി അറിയാവുന്ന ഉത്തരവാദിത്തപ്പെട്ട ആളുകൾ കളിക്കേണ്ട ഒരു കളിയിലേക്കാണ്, നമ്മുടെ ആളുകൾ തലവെച്ച് കൊടുക്കുന്നത്. നിയമംമൂലമുള്ള നടപടിയേക്കാൾ ശക്തമായി ബോധത്ക്കരണവും, വിദ്യാഭ്യാസവും ഈ മേഖലയിൽ നടക്കേണ്ടതുമുണ്ട്.

വാൽക്കഷ്ണം: ഇപ്പോൾ ഓൺലൈൻ റമ്മിയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്ന നടന്മാരെ വിമർശിക്കാൻ നമ്മുടെ മാധ്യമങ്ങൾക്ക് എത്രമാത്രം അവകാശമുണ്ടെന്നും നോക്കണം. ഓൺലൈൻ ചൂതാട്ടം ആളുകളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുന്നതിനിടെ, ഓൺലൈൻ റമ്മിയുടെ പരസ്യങ്ങൾ കേരളത്തിലെ മുഖ്യധാര പത്രങ്ങളിൽ നിറഞ്ഞത് 2021 ഫെബ്രുവരിയിൽ സോഷ്യൽ മീഡിയയാണ് വിവാദമാക്കിയത്. മനോരമയിലും മാതൃഭൂമിയിലും ഓൺലൈൻ റമ്മി ഫെഡറേഷനായ ടോർഫാണ് ഒന്നാം പേജിൽ മുഴുവൻ സ്ഥലവും പണം കൊടുത്ത് പരസ്യം നൽകിയത്. പണത്തിനുമേൽ പരുന്തും പറക്കില്ല എന്നാണെല്ലോ.