ടൂറസ്റ്റ് രാജ്യമാക്കി ഒമാനെ വളർത്തന്നതിന്റെ ഭാഗമായി സ്‌പോൺസറില്ലാതെയും ഇനി ഒമാനിലേക്ക് സന്ദർശക വിസയിൽ എത്താൻ അവസരം ഒരുങ്ങുന്നു. റോയൽ ഒമാൻ പൊലീസിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇതിന് സംവിധാനം ഒരുക്കുന്നത്. എന്നാൽ, ഇന്ത്യൻ പൗരന്മാർക്ക് ഇത്തരത്തിൽ വിസ ലഭിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്.

റോയൽ ഒമാൻ പൊലീസിന്റെ www.rop.gov.om എന്ന വൈബ്‌സൈറ്റിൽ ഒരുക്കിയ പുതിയ സംവിധാനം വഴി ആണ് വിസക്ക് അപേക്ഷിക്കേണ്ടത്.വിസാ ഫീസ് ക്രെഡിറ്റ് കാർഡ് വഴി അടക്കാം.

ഇമെയിലിൽ ലഭിക്കുന്ന നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ ഒമാനിലെത്തി വിമാനത്താവളത്തിൽ നിന്ന് വിസ അടിക്കാം. എന്നാൽ, ഇന്ത്യക്കാർക്ക് പരിമിതമായി മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയൂ. ഒമാൻ എമിഗ്രേഷന്റെ ഗ്രൂപ്പ് വൺ ലിസ്റ്റിലുള്ള രാജ്യങ്ങളിലെ പൗരന്മാരെ വിവാഹം കഴിച്ച ഇന്ത്യക്കാർക്കും മക്കൾ ഈ രാജ്യങ്ങളിലെ പൗരന്മാരായ ഇന്ത്യക്കാർക്കും അവർക്കൊപ്പം യാത്രചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കാം.

മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഉയർന്ന തസ്തികകളിൽ റെസിഡന്റ് വിസയുള്ള ഇന്ത്യക്കാർക്കും ഈ സംവിധാനം ഉപകാരപ്പെടുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇവർക്ക് നിലവിൽ അതിർത്തികളിൽ ഓൺ അറൈവൽ വിസ ലഭ്യമാണ്.