തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെൺവാണിഭ സംഘങ്ങൾ പിടിമുറുക്കുന്നു. വൻ സന്നാഹങ്ങൾ ഒരുക്കി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് വൻകിട പെൺവാണിഭ സംഘങ്ങളാണ് പ്രവർത്തിച്ചു പോരുന്നത്. വിവിധ വെബ്‌സൈറ്റുകളിലും നവമാധ്യമങ്ങളിലും പരസ്യം നൽകി പ്രവർത്തിക്കുന്ന സംഘത്തിൽ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ കണ്ണികളാണ്. പിടിക്കപ്പെടാതിരിക്കാൻ അടിക്കിടെ ഫോൺ നമ്പർ മാറ്റിയും ഫ്‌ളാറ്റുകൾ മാറിയുമാണ് പെൺ വാണിഭ സംഘങ്ങൾ തിരുവനന്തപുരം നഗരത്തിൽ വേരുറപ്പിച്ചിരിക്കുന്നത്.

ഇന്നലെ ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് സൈബർ പൊലീസിന്റെ വലയിലായത്. ശാസ്തമംഗലം ഈയംകുളം തങ്ക നിവാസിൽ പ്രദീപ് കുമാറാണ് പിടിയിലായത്. പേരൂർക്കടയിലെ ഒരു ഫ്‌ളാറ്റിൽ പെൺകുട്ടികളെ എത്തിച്ച ശേഷം പുറത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അറസ്റ്റ്. പെൺകുട്ടികൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. 2015ലും ഇയാളെ ഓൺലൈൻ പെൺവാണിഭത്തിന് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ ഓൺലൈൻ പെൺവാണിഭ റാക്കറ്റുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നവമാധ്യമങ്ങളിൽ പരസ്യം നൽകി വൻ പെൺവാണിഭ സംഘമാണ് ഇയാളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്. ഈ റാക്കറ്റിൽ സംസ്ഥാനം ഒട്ടുക്ക് വ്യാപിച്ചു കിടക്കുന്ന നിരവധി പേർ കണ്ണികളാണെന്നാണ് കരുതുന്നത്. എസി എംഇ ഇക്‌ബാൽ, സിഐ എസ് സജാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കച്ചവടം നടക്കുന്നത് ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച്
സുരക്ഷിതമെന്ന നിലയിൽ ഫളാറ്റുകൾ കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തുന്നത്. നൂറുകണക്കിന് ആൾക്കാർ താമസിക്കുന്നതിനാൽ ശ്രദ്ധിക്കപ്പെടുക ഇല്ല എന്നതാണ് ഇതിന് പ്രധാന കാരണം. കഴക്കൂട്ടം, കോവളം, മ്യൂസിയം, വെള്ളയമ്പലം, പേരൂർക്കട,ആക്കുളം ബൈപ്പാസ് എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചാണ് പ്രധാന പ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു. ഭാര്യാ ഭർത്താക്കന്മാരെന്ന വ്യാജേന നടത്തിപ്പുകാരനും സംഘത്തിലെ പെൺകുട്ടിയും ചേർന്ന് ഫ്‌ളാറ്റ് തരപ്പെടുത്തിയാണ് പ്രവർത്തനം തുടങ്ങുന്നത്. ഫ്‌ളാറ്റിൽ താമസിച്ചു സ്ഥലവും വഴികളും പരിചയപ്പെട്ട ശേഷം പെൺകുട്ടികളെ എത്തിക്കും.

പെൺകുട്ടികൾ എത്തുന്നത് ബാംഗ്ലൂർ നിന്നും ഗോവയിൽ നിന്നും
മലയാളികൾ നടത്തുന്ന ഈ പെൺവാണിഭ റാക്കറ്റിൽ ബാംഗ്ലൂരിൽ നിന്നും ഗോവയിൽ നിന്നും കൊൽക്കത്തയിൽ നിന്നുമൊക്കെയാണ് പെൺകുട്ടികൾ എത്തുന്നത്. ഇത്തരത്തിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെ എത്തിച്ച് പ്രവർത്തിക്കുന്ന ഒന്നിലധികം പെൺവാണിഭ സംഘങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പെൺകുട്ടികൾ എത്തുന്നത് ടൂറിസ്റ്റു ബസുകളിൽ
വിവിധ സ്ഥലങ്ങളിലെ ഏജന്റുമാർ ടൂറിസ്റ്റ് ബസുകളിലാണ് പെൺകുട്ടികളെ കയറ്റി അയക്കുന്നത്. ഇവരെ ഫ്‌ളാറ്റിൽ പാർപ്പിച്ച ശേഷം ഇടപാടുകാരെ വിളിച്ചു വരുത്തും. കുറച്ച് ദിവസം കഴിയുമ്പോൾ ഇവരെ മടക്കി അടുത്ത സംഘത്തെ എത്തിക്കും. ഇടപാടുകാരെ ആകർഷിക്കാൻ വിവിധ സൈറ്റുകളിൽ പരസ്യവും നൽകും.

വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മ വരെ
ഇതരസംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെ എത്തിച്ചു മാസ കച്ചവടം നടത്തുന്ന ഈ ബിസിനസിൽ വിദ്യാർത്ഥിനകൾ മുതൽ വീട്ടമ്മമാർ വരെ പണത്തിന് വേണ്ടി മാംസം വിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി സ്ത്രീകളും ഈ റാക്കറ്റുകളിൽ പ്രവർത്തിക്കുന്നു. ഇതര ജില്ലകളിൽ നിന്നും വീട്ടു ജോലിക്കായി വീടുവിട്ടു വരുന്നവരും ഓൺലൈൻ പെൺവാണിഭത്തിൽ അകപ്പെടുന്നു.

കച്ചവടം ഉറപ്പിക്കുന്നത് വാട്‌സ്ആപ്പ് വഴി
പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് കച്ചവടം ഉറപ്പിക്കുന്നത് വാട്‌സ് ആപ്പ് വഴിയാണ്. ആവശ്യക്കാർക്ക് പെൺകുട്ടികളുടെ ഫോട്ടോ അയച്ചു കൊടുക്കും. ഇഷ്ടപ്പെട്ടാൽ കരാർ ഉറപ്പിക്കും. ശേഷം ഫ്‌ളാറ്റിന് പുറത്ത് വെച്ച് ഡീൽ ഉറപ്പിച്ചു പണം വാങ്ങും. എന്നിട്ട് മാത്രമേ പ്രവേശനം ഉള്ളൂ. ഇടപാടുകാർക്കായി മദ്യ സൽക്കാരവും ഇവിടെ ഉണ്ടാകും. മണിക്കൂറിന് നിശ്ചിത തുക എന്ന കണക്കിൽ വൻതുകയാണ് വാങ്ങുന്നത്.

ഓരോ ആറു മാസവും ഫ്‌ളാറ്റുകൾ മാറും
ഇടപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഓരോ ആറു മാസം കഴിയുന്തോറും ഫ്‌ളാറ്റുകൾ മാറും. ഫ്‌ളാറ്റുകൾ മാറുന്നതിനൊപ്പം പരസ്യത്തിലെ ഫോൺ നമ്പരിലും മാറ്റം വരുത്തും. അതുകൊണ്ട് തന്നെ പൊലീസ് തേടി എത്തുമ്പോഴേക്കും ഇവർ സുരക്ഷിതമായ മറ്റൊരു താവളം കണ്ടെത്തിയിരിക്കുകയും ചെയ്യും.

കച്ചവടം നടത്തുന്നത് ലൊക്കാന്റോ ഉൾപ്പെടെയുള്ള പ്രമുഖ സൈറ്റുകളിൽ പരസ്യം നൽകി
നവമാധ്യമങ്ങളിലും ലൊക്കാന്റോ ഉൾപ്പെടെയുള്ള പ്രമുഖസൈറ്റുകളിൽ പരസ്യം നൽകിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഇത് സംബന്ധിച്ച് ഒട്ടേറെ പരസ്യങ്ങളാണ് ഒരാഴ്‌ച്ചയ്ക്കിടെ പ്രത്യക്ഷമായത്.